റോഡരികിൽ പരുക്കേറ്റ നിലയിൽ രണ്ടു പേരെന്ന് യുവാവ്; അന്വേഷണത്തിൽ ട്വിസ്റ്റ്, ഇടിച്ചത് യുവാവിൻ്റെ വാഹനം തന്നെയെന്ന് സംശയം
കണ്ണൂർ: പരിയാരത്ത് റോഡരികിൽ പരുക്കേറ്റ് രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. ഇവർ റോഡരികിൽ കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവിന്റെ ബൈക്കാണ് അപകടത്തിനിടയാക്കിയതെന്ന സംശയത്തിലാണ് പൊലീസ്. എരമം സ്വദേശികളായ എരമം നോർത്ത് തവിടിശ്ശേരി വിജയൻ (50), ഉള്ളൂർ രതീഷ് (45) എന്നിവരാണ് മരിച്ചത്. (ചിത്രത്തിൽ അപകടത്തിൽ മരിച്ച വിജയൻ, അപകടത്തിൽപെട്ട ബൈക്ക്)
ഇന്നലെ രാത്രി പത്തിന് മാതമംഗലം പെരുന്തട്ട മേച്ചിറയിലാണ് രണ്ടുപേരെ പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. പെരുന്തട്ടയിൽ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു. ബൈക്കിൽ ഇതുവഴി വരികയായിരുന്ന എരമം സ്വദേശി ശ്രീതളാണ് ഇവരെ പരുക്കേറ്റ നിലയിൽ കണ്ടത്. റോഡിൽ രണ്ടു പേർ വീണു കിടക്കുന്നത് കണ്ടുവെന്നും നിയന്ത്രണം വിട്ട് തന്റെ ബൈക്കും മറിഞ്ഞുവെന്നുമാണ് ശ്രീതൾ പറഞ്ഞത്. ശ്രീതളിലും പരുക്കേറ്റു. തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിജയനും രതീഷും മരിച്ചു.
തുടർന്ന് പെരിങ്ങോം പൊലീസ് വിശദമായി പരിശോധന നടത്തിയപ്പോഴാണ് ശ്രീതളിന്റെ ബൈക്കാകാം അപകടത്തിനിടയാക്കിയതെന്ന നിഗമനത്തിലെത്തിയത്.


