കസ്റ്റഡി മർദനം: ‘ലാത്തികൊണ്ട് അടി, തല്ലിച്ചതച്ചതിനുശേഷം നിവർന്നു നിന്ന് ചാടാൻ പറഞ്ഞു, വെള്ളം പോലും തന്നില്ല; ഒത്തുതീർപ്പിന് 20 ലക്ഷം വാഗ്ദാനം ചെയ്തു’ – സുജിത്

കോട്ടയം: കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ തനിക്ക് 20 ലക്ഷം രൂപ രൂപ പൊലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായി യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്. ആദ്യം 10 ലക്ഷമായിരുന്നു വാഗ്ദാനം. പിന്നീട് ഇത് 20 ലക്ഷമായി. അതിൽ കൂടുതൽ ചോദിച്ചാലും അവർ നൽകാൻ തയാറായിരുന്നു. എന്നാൽ നിയമപരമായി മുന്നോട്ടുപോകുമെന്നതിൽ ഉറച്ചുനിന്നു. മർദിച്ച പൊലീസുകാരല്ല, വേറെ ഉദ്യോഗസ്ഥരാണു സമീപിച്ചത്. ഇവർ കോൺ‌ഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായും ഒത്തുതീർപ്പിനുള്ള ശ്രമം നടത്തി. ചുമരിനോടു ചേർത്തിരുത്തി കാൽ നീട്ടിവയ്പ്പിച്ചാണു കാലിനടിയിൽ ലാത്തികൊണ്ടു തല്ലിയത്. തല്ലിയതിനു ശേഷം നിവർന്നുനിന്ന് ചാടാൻ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാൻ ചോദിച്ചെങ്കിലും തന്നില്ല. ചെവിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. തുടർ ചികിത്സ വേണമെന്നും സുജിത്ത്  പറഞ്ഞു.

സിസിടിവിയില്ലാത്ത ഭാഗത്തുവച്ചും എനിക്കു മർദനം ഏറ്റിരുന്നു. അഞ്ചു പൊലീസുകാര്‍ ചേര്‍ന്നു കൂട്ടമായി മര്‍ദിച്ചു. അതൊന്നും പോരാതെയാണു രണ്ടര വര്‍ഷത്തിനുള്ളില്‍ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിത്. സഹിക്കാന്‍ പറ്റാവുന്നതിനും മേലെയായിരുന്നു പീഡനം. ആദ്യത്തെ അടിയില്‍ തന്നെ ബോധം പോകുന്നതു പോലെയായി. വാഹനത്തിനകത്ത് കയറ്റുമ്പോള്‍ തന്നെ ഷര്‍ട്ട് വലിച്ചു കീറി. ഇതിനു ശേഷമാണു മർദിച്ചത്. സ്‌റ്റേഷനിലേക്ക് എത്തുന്നതിനു മുന്നെയും തല്ലി. ചെവിയിലാണ് ആദ്യത്തെ അടി കിട്ടത്. ആ അടിയിലാണ് കര്‍ണപുടം പൊട്ടിയത്. അത് പിന്നീട് കേൾവി പ്രശ്നമായി മാറി. ചെവിയുടെ കാര്യത്തിൽ തുടർചികിത്സ വേണം. ഇപ്പോൾ ചെറിയ മാറ്റം ഉണ്ട്. എങ്കിലും ചില സമയങ്ങളിൽ ശബ്ദം പൂർണമായും വ്യക്തമാകില്ല. ഫോണിൽ‌ സംസാരിക്കുമ്പോൾ പലപ്പോഴും ബുദ്ധിമുട്ടുണ്ട്.
.

നിലത്തിരുത്തി കാലിന് അടിയില്‍ ലാത്തി കൊണ്ട് അടിച്ചു. അവിടെ മാത്രം 45 തവണയാണ് അടിച്ചത്. ശശിധരന്‍, ഷുഹൈര്‍ എന്നിവര്‍ മുകളിലേക്കു കയറി വന്ന് മര്‍ദിച്ചു. ഇവരെ സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല. നേതാവ് കളിക്കണ്ട, പൊലീസിനെ എതിര്‍ത്തു സംസാരിക്കാനായിട്ടില്ല, രാഷ്ട്രീയ പ്രവര്‍ത്തനം, ശാന്തിപ്പണി എല്ലാം അവസാനിപ്പിച്ചു തരും, പണിയെടുത്തു ജീവിക്കാന്‍ അനുവദിക്കില്ല എന്നിങ്ങനെയെല്ലാം പറഞ്ഞായിരുന്നു മര്‍ദിച്ചത്.

ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് മുൻവൈരാഗ്യം എന്തെങ്കിലും ഉണ്ടായിരുന്നോ?

അങ്ങനെ ഒന്നുമില്ല, നീ ആരാണ് ഇടപെടാൻ എന്നു ചോദിച്ച് ഷർട്ടിന്റെ കോളറിൽ പിടിച്ചാണ് ജീപ്പിൽ കയറ്റിയത്. എസ്ഐയുടെ നിർദേശപ്രകാരമാണ് പൊലീസുകാർ മർദിച്ചത്. കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പറയുന്നത് കേൾക്കാൻ പൊലീസ് തയാറായില്ല. പാർട്ടി പ്രവർത്തകൻ ആയതുകൊണ്ടാകാം. ചുമരിനോടു ചേർത്തിരുത്തി കാൽ നീട്ടിവയ്പ്പിച്ചാണു കാലിനടിയിൽ ലാത്തികൊണ്ട് തല്ലിയത്. തല്ലിയതിനു ശേഷം നിവർന്നുനിന്ന് ചാടാൻ പറഞ്ഞു. ഇങ്ങനെ 15 തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാൻ ചോദിച്ചെങ്കിലും തന്നില്ല. മജിസ്‌ട്രേറ്റിനു മുന്നിലാണ് പൊലീസ് മർദനത്തെകുറിച്ചു തുറന്നുപറയാനായത്. അപ്പോഴേക്കും ശരീരം മോശം അവസ്ഥയിലായിരുന്നു.

സിസിടിവി ദൃശ്യം പരിശോധിക്കണമെന്നും അതു നൽകണമെന്നും ആവശ്യപ്പെട്ടപ്പോൾ തരാൻ പൊലീസ് വിസമ്മതിച്ചു. വിവരാവകാശ കമ്മിഷൻ ഉത്തരവു പ്രകാരമാണ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ആദ്യം വിവരാവകാശ കമ്മിഷൻ ഇടപെട്ടിട്ടും കാര്യമുണ്ടായില്ല. പിന്നീട് ഞാൻ നൽകിയ അപ്പീൽ അപേക്ഷയിൽ വിവരാവകാശ കമ്മിഷൻ പൊലീസിനെയും എന്നെയും നേരിട്ടു വിളിച്ചു വരുത്തി, രണ്ടു പേരുടെയും വാദം കേട്ടു. തുടർന്ന് ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ നൽകാൻ കർശന നിർദേശം നൽകുകയായിരുന്നു.

മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്നാണ് വ്യാജ എഫ്ഐആർ ഉണ്ടാക്കിയത്. അങ്ങനെ എന്നെ ജയിലിൽ അടയ്ക്കാനായിരുന്നു നീക്കം. ദൃശ്യങ്ങൾ പുറത്തുവന്നതാണ് രക്ഷയായത്.
.
നാലു പേർക്കെതിരെ മാത്രമാണു നിലവിൽ കേസ് എടുത്തിരിക്കുന്നത്. ഒരു ഡ്രൈവർ ഉൾപ്പെടെ അഞ്ചു പേർ ഇതിൽ പങ്കാളികളാണ്. ഡ്രൈവറെയും പ്രതിചേർത്ത് കേസുമായി മുന്നോട്ടുപോകാനാണു തീരുമാനമെന്നും സുജിത് പറഞ്ഞു.

കേസ് ഒതുക്കിതീർക്കാൻ ശ്രമം നടന്നു.

ഒതുക്കിതീർക്കാൻ സംസാരങ്ങളുണ്ടായെങ്കിലും അതിനു വഴങ്ങിയില്ല. സസ്‌പെൻഷൻ മാത്രം പോരാ, പൊലീസിൽ തുടരാൻ അവർ അർഹരല്ല. കരുതിക്കൂട്ടിയാണ് അവർ എന്നെ മർദിച്ചത്.

മുൻപ് സിഐ ഒരു പയ്യനെ തല്ലി പരുക്കേൽപ്പിച്ചിട്ട് ആ ലോക്കപ്പ് മർ‌ദനം 10 ലക്ഷം രൂപയ്ക്ക് ഒത്തുതീർപ്പാക്കിയിരുന്നു. ആ രീതിയിൽ പണം നൽകും എന്നു പറഞ്ഞായിരുന്നു ഒത്തുതീർപ്പു ചർച്ചകൾ. അവസാനം 20 ലക്ഷം രൂപ വരെ നൽകാമെന്നു പറഞ്ഞു. അതിൽ കൂടുതൽ ചോദിച്ചാൽ അതും നൽകാൻ അവർ തയാറായിരുന്നു. പക്ഷേ ഞാൻ തയാറായില്ല. നിയമപരമായി മുന്നോട്ടുപോകുമെന്നാണ് അന്നും പറയുന്നത്, ഇന്നും പറയുന്നത്.

ഒത്തുതീർപ്പിനു വേണ്ടി സമീപിച്ചത് മർദിച്ച ഉദ്യോഗസ്ഥരല്ല

ഒത്തുതീപ്പിന് വേണ്ടി എന്നെ സമീപിച്ചത് മർദിച്ച ഉദ്യോഗസ്ഥരല്ല. വേറെ പൊലീസ് ഉദ്യോഗസ്ഥരാണ് സംസാരിച്ചത്. പാർട്ടിയുടെ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായും അവർ ഒത്തുതീർപ്പിനുള്ള ശ്രമം നടത്തി.

കെപിസിസി അധ്യക്ഷൻ ഇന്ന് ഇങ്ങോട്ടു വരുന്നുണ്ട്. അദ്ദേഹം ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. വി.എം. സുധീരൻ, രമേശ് ചെന്നിത്തല, കെ. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കൾ വിളിച്ചിരുന്നു. പാർട്ടി കൂടെയുണ്ട്.

(ആർ.പി. സായ്കൃഷ്ണ, മനോരമ)

Share
error: Content is protected !!