നാട്ടിൽ ‘കുടുങ്ങി’ പ്രവാസി വിദ്യാർഥികൾ, ആകെ ആശങ്ക; കുറയാതെ വിമാനനിരക്ക്, മറുവശത്ത് ഹാജർ നിയമം: പഠനം മുടങ്ങുമോ?

അബുദാബി/ദുബായ്: മധ്യവേനൽ അവധിക്കു നാട്ടിൽ പോയി വിമാന ടിക്കറ്റ് നിരക്കു വർധന മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസി വിദ്യാർഥികൾ ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ പണി പാളും. യുഎഇയിൽ ഓഗസ്റ്റ് 25ന് സ്കൂൾ തുറന്നെങ്കിലും ഇന്ത്യൻ സ്കൂളുകളിൽ ഹാജർ നില 35 ശതമാനം കുറവായിരുന്നു.

സ്കൂൾ അധ്യയനം രണ്ടാം വാരത്തിലേക്കു പിന്നിട്ടെങ്കിലും 10 ശതമാനത്തോളം കുട്ടികൾ ഇനിയും എത്താനുണ്ട്. വിമാന ടിക്കറ്റ് നിരക്ക് കുറയുന്നതും കാത്തിരിക്കുകയാണ് പ്രവാസി കുടുംബങ്ങൾ. ഇതിനിടയിൽ ഓണം കൂടി എത്തിയതോടെ വിമാന കമ്പനികൾ നിരക്കു വർധന രണ്ടാം വാരത്തിലേക്കു കൂടി നീട്ടിയത് തിരിച്ചടിയായി. ഇനി 15ാം തീയതിക്കു ശേഷമേ നിരക്ക് അൽപമെങ്കിലും കുറയൂ.

മുൻകാലങ്ങളിൽ സെപ്റ്റംബർ ആദ്യ വാരം ഓണം കൂടി കഴിഞ്ഞാൽ നിരക്ക് കുറയുമായിരുന്നു. ഓണം കഴിഞ്ഞിട്ടു വരാമെന്നു കരുതിയ കുടുംബങ്ങളുടെ മടക്കയാത്ര മുന്നിൽ കണ്ടാണ് നിരക്ക് വർധന 15 വരെ നീട്ടിയത്. ഇതുമൂലം വെട്ടിലാകുന്നത് പ്രവാസി വിദ്യാർഥികളും. വിലപ്പെട്ട ക്ലാസ് ദിനം നഷ്ടമാകുന്നുവെന്നു മാത്രമല്ല നിശ്ചിത ലീവിൽ കൂടുതലായാൽ സ്കൂളിൽനിന്നു തന്നെ പുറത്താകുമോ എന്ന ആശങ്കയുമുണ്ട്.

യുഎഇയിൽ ഇന്ത്യൻ സ്കൂളിൽ സീറ്റു കിട്ടുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഉള്ള സീറ്റു നഷ്ടപ്പെട്ടാൽ എന്തു ചെയ്യുമെന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്. ചില കുടുംബങ്ങൾ സ്കൂൾ അധികൃതർക്ക് ലീവ് ലെറ്റർ ഇനിയും അയച്ചിട്ടില്ല. ലീവ് ലെറ്റർ അയക്കാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്കൂൾ അധികൃതർ മുന്നറിയിപ്പ് നോട്ടിസ് നൽകിക്കഴിഞ്ഞു. 3 തവണ അറിയിപ്പ് ലഭിച്ചിട്ടും പ്രതികരിക്കാതിരിക്കുകയും കുട്ടികൾ സ്കൂളിൽ ഹാജരാകാതെയുമിരിന്നാൽ തുടർ പഠനം അവതാളത്തിലാകും.

 

Share
error: Content is protected !!