തൃണമൂലിന്റെ സമരപ്പന്തൽ പൊളിച്ച് സൈന്യം, സൈനിക ട്രക്ക് പിടിച്ചെടുത്ത് പൊലീസ്; തൃണമൂൽ – ബിജെപി പോര് പുതിയ തലത്തിലേക്ക്
കൊൽക്കത്ത: അനധികൃതമെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസിന്റെ സമരപ്പന്തൽ സൈന്യം പൊളിച്ചതിനു പിന്നാലെ സൈന്യത്തിന്റെ ട്രക്ക് പിടിച്ചെടുത്ത് ബംഗാൾ പൊലീസ്. ട്രക്ക് ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. കൊൽക്കത്ത പൊലീസ് കമ്മിഷണർ മനോജ് വർമയുടെ വാഹനവ്യൂഹത്തിന് അപകടമുണ്ടാക്കുന്ന തരത്തിൽ അമിതവേഗത്തിലായിരുന്നു ട്രക്കെന്ന് പൊലീസ് പറഞ്ഞു.
ഡ്രൈവർക്കെതിരെ കേസെടുത്തു. തൃണമൂൽ കോൺഗ്രസിന്റെ സമരപ്പന്തൽ പൊളിച്ചതിനുള്ള മറുപടിയായാണ് പൊലീസ് നടപടി എന്ന് ആരോപണമുണ്ട്. അപകടകരമായ ഡ്രൈവിങ്ങിന് കേസെടുക്കുക മാത്രമാണ് ചെയ്തതെന്നും ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും മറ്റ് അഭ്യൂഹങ്ങൾക്ക് അർഥമില്ലെന്നും പൊലീസ് അറിയിച്ചു.
വലതുവശത്തേക്ക് തിരിയാൻ അനുമതിയില്ലാത്ത സ്ഥലത്ത് ട്രക്ക് പൊടുന്നനെ തിരിയാൻ ശ്രമിച്ചെന്നും പിന്നിലുണ്ടായിരുന്ന കമ്മിഷണറുടെ വാഹനം ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. സൈന്യത്തിന്റെ കിഴക്കൻ മേഖലാ ആസ്ഥാനമായ ഫോർട് വില്യംസിൽ നിന്ന് പാസ്പോർട്ട് ഓഫിസിലേക്ക് പോകുകയായിരുന്നു ട്രക്ക്. അനുമതിയുള്ള സ്ഥലത്താണ് വലത്തേക്ക് തിരിക്കാൻ ശ്രമിച്ചതെന്നും കമ്മിഷണറുടെ വാഹനം പിന്നിലുള്ളത് അറിഞ്ഞില്ലെന്നും ട്രക്കിലെ ജവാൻ പറഞ്ഞു. സംഭവം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത നഗരഹൃദയത്തിലെ കരസേനയുടെ നിയന്ത്രണത്തിലുള്ള മൈതാൻ ഏരിയയിലെ തൃണമൂൽ കോൺഗ്രസിന്റെ സമരപ്പന്തൽ തിങ്കളാഴ്ചയാണ് സൈന്യം പൊളിച്ചത്. കരസേനയുടെ കിഴക്കൻ മേഖലാ ആസ്ഥാനമായ ഫോർട് വില്യംസ് ഇവിടെയാണ്. സൈന്യത്തിന്റെ അനുമതി വാങ്ങി രാഷ്ട്രീയപാർട്ടികൾ ഇവിടെ സമരങ്ങൾ നടത്താറുണ്ട്.
ബംഗാളി സംസാരിക്കുന്നവർക്കെതിരെ രാജ്യത്തിന്റെ പലഭാഗത്തും നടക്കുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനാണ് മൈതാനിലെ ഗാന്ധിപ്രതിമക്കു സമീപം തൃണമൂൽ സമരപ്പന്തൽ കെട്ടിയത്. രണ്ടു ദിവസത്തെ അനുമതിയാണ് നൽകിയതെങ്കിലും ഒരു മാസമായി പന്തൽ അവിടെയുണ്ടെന്നും പലവട്ടം ആവശ്യപ്പെട്ടിട്ടും പന്തൽ പൊളിച്ചുനീക്കിയില്ലെന്നും അതിനാലാണ് ഇടപെടലുണ്ടായതെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു.
സംഭവസ്ഥലത്ത് എത്തിയ മുഖ്യമന്ത്രി മമത ബാനർജി ബിജെപിയെ രൂക്ഷമായി വിമർശിച്ചു. സൈന്യത്തെ ബിജെപി ഉപയോഗിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ഇ.ഡിക്കും സിബിഐക്കും പുറമേ ഇപ്പോൾ സൈന്യത്തെയും ബിജെപി ഉപയോഗിക്കുകയാണെന്ന് തൃണമൂൽ നേതാക്കളും പ്രതികരിച്ചു.


