കോപ്പിയടിച്ചത് പിടിച്ചതിന് വിദ്യാര്‍ഥിനികളുടെ പീഡന പരാതി: ജോലിപോയി, ജയിലിലായി, അനുഭവിച്ച വേദനക്ക് കണക്കില്ല; ഒടുവിൽ കുറ്റക്കാരനല്ലെന്ന് കോടതി, എങ്കിലും ആനന്ദിന് പരാതിയില്ല

പരീക്ഷയില്‍ കോപ്പിയടിച്ചത് പിടിച്ചതിന്റെ പേരില്‍ പീഡന ആരോപണം നേരിടേണ്ടി വന്ന അധ്യാപകന്‍ കുറ്റവിമുക്തനാണെന്ന കോടതി വിധിയുടെ ആശ്വാസത്തിലാണ് ആ കുടുംബം. മൂന്നാര്‍ ഗവ. കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ആനന്ദ് വിശ്വനാഥനാണ് ചെയ്യാത്ത കുറ്റത്തിന് ശിക്ഷ നേരിടേണ്ടി വന്നത്‌. 2014-ല്‍ സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ അഞ്ച് വിദ്യാര്‍ഥിനികളെ കോപ്പിയടിച്ചതിന് പിടിച്ചിടത്തുനിന്നാണ് സംഭവങ്ങളുടെ തുടക്കം. അതുപിന്നെ രാഷ്ട്രീയ ഇടപെടലുകളായി, പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയായി, പോലീസ് കേസും ജയില്‍വാസവും നേരിടേണ്ടിവന്നു. സസ്‌പെന്‍ഷനും സ്ഥലം മാറ്റവും പിന്നാലെ.

‘2014 സെപ്റ്റംബര്‍ അഞ്ചിന് നടന്ന എം.എ. ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയിലാണ് അഡീഷണല്‍ ചീഫ് എക്‌സാമിനേറ്റര്‍ കൂടിയായ ആനന്ദ് വിശ്വനാഥന്‍ അഞ്ച് പെണ്‍കുട്ടികളെയാണ്‌ കോപ്പിയടിച്ചതിന് പിടിച്ചത്‌. സംഭവം സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാൻ ഇന്‍വിജിലേറ്ററെ ചുമതലപ്പെടുത്തിയെങ്കിലും അതുണ്ടായില്ല.

.
കോളേജിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഏക പ്രവര്‍ത്തകന്‍കൂടിയായിരുന്നു ആനന്ദ്. പ്രതിപക്ഷം അതൊരു രാഷ്ട്രീയ ആയുധമായെടുത്തു. കേസില്‍നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് സമീപിച്ച സിപിഎം അനുകൂല സംഘടന, പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അധ്യാപകനെതിരേ പീഡന പരാതി ഉന്നയിക്കണമെന്ന ഒരു ഉപാധിവെക്കുകയായിരുന്നുവെന്ന് ആനന്ദ് പറയുന്നു. അതേക്കുറിച്ച് ആനന്ദ് വിശ്വനാഥന്‍ പറയുന്നു

‘പരാതി എഴുതിവാങ്ങുകയും ചെയ്തു. പത്തുദിവസം കഴിഞ്ഞാണ് ഇക്കാര്യമത്രയും താന്‍ അറിയുന്നത്. പ്രിന്‍സിപ്പളിന്റെ അസാന്നിധ്യം, പരാതിയുടെ വിശദാംശങ്ങള്‍ അറിയിക്കാതിരിക്കല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിക്കാതെ കോളേജ് ഇന്റേണല്‍ കമ്മിറ്റിയുടെ മൊഴിയെടുക്കലിന് ഹാജരായില്ല. യൂണിവേഴ്‌സിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷനും കുട്ടികളുടെ പരാതിമാത്രം കേന്ദ്രീകരിച്ച് മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്ന് മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍ കേസായി. വാസ്തവത്തില്‍ കോളേജില്‍ പീഡനം നടന്നെന്ന് പറയപ്പെട്ട ദിവസം കുട്ടികള്‍ക്ക് പഠനാവധിയായിരുന്നു. എന്നാല്‍ പോലീസ് ഇത് അന്വേഷിച്ചില്ല. തുടര്‍ന്ന് മൂന്നുമാസത്തെ സസ്‌പെന്‍ഷനും അതുകഴിഞ്ഞ് മലപ്പുറം ഗവ. കോളേജിലേക്ക് സ്ഥലംമാറ്റുകയുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. കൂടെനിന്ന അഭിഭാഷകന്‍പോലും മറുപക്ഷം ചേര്‍ന്നു. രണ്ട് കേസുകളില്‍ ദേവികുളം കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു.

‘ഇതിനിടെ പീഡന പരാതി എഴുതി വാങ്ങിപ്പിച്ചതാണെന്നും സിപിഎം ഓഫീസില്‍നിന്നാണ് അതെഴുതിയതെന്നും പെണ്‍കുട്ടികള്‍ സമ്മതിച്ചെങ്കിലും അപ്പോഴേക്ക് കേസ് കൈവിട്ടുപോയി. പക്ഷേ, ഞാന്‍ തെറ്റ് ചെയ്യില്ലെന്ന് ഭാര്യയും മൂന്ന് മക്കളും ഉറച്ചു വിശ്വസിച്ചു. കുടുംബം മാത്രമായി അത്താണി. ഒടുവില്‍ വിധി ചോദ്യംചെയ്ത് തൊടുപുഴ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. നാലുവര്‍ഷത്തോളം കോടതി കയറിയിറങ്ങി. ഇതിനിടെ 2021 മാര്‍ച്ചില്‍ വിരമിച്ചു.
.
ഒടുവില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തുക മാത്രമല്ല, കോപ്പിയടി നടന്നുവെന്ന ആനന്ദിന്റെ വാദം അംഗീകരിക്കപ്പെടുകയും ചെയ്തു. ശിക്ഷ വിധിച്ച രണ്ട് കേസുകളും ഇല്ലാതായി. സര്‍വകലാശാല അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആനന്ദിനെതിരായതിനാല്‍ പെന്‍ഷനും മറ്റു ആനുകൂല്യങ്ങളുമെല്ലാം തടയപ്പെട്ടിരിക്കുകയാണ്. ഇവ വീണ്ടെടുക്കാന്‍ കോടതിയില്‍ അപ്പീല്‍നല്‍കി കാത്തിരിക്കുകയാണ് അദ്ദേഹം. പക്ഷേ, തനിക്കെതിരേ പീഡന പരാതി നല്‍കിയ വിദ്യാര്‍ഥികളോട് അദ്ദേഹത്തിനിപ്പോഴും പരിഭവമോ പരാതിയോ ഇല്ല. പക്ഷേ, അവരെ മുന്നില്‍ നിര്‍ത്തി നാടകംകളിച്ച രാഷ്ട്രീയ നേതൃത്വത്തോടും സഹാധ്യാപകരോടും പൊറുക്കാന്‍ ഇപ്പോഴും അദ്ദേഹത്തിനായിട്ടില്ല. അദ്ദേഹത്തോട് അനീതി കാണിച്ച മൂന്നാര്‍ ഗവ. കോളേജ് കെട്ടിടം 2018 പ്രളയത്തില്‍ തകര്‍ന്നതും ചരിത്രം.

Share
error: Content is protected !!