14കാരിയെ പീഡിപ്പിച്ച് രണ്ടാനച്ഛന്‍, മയക്കുമരുന്ന് വിൽപ്പനയ്ക്കും ഉപയോഗിച്ചു; 55 വർഷം തടവ്
14 വയസുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി, മയക്കുമരുന്ന് വിൽപ്പനയ്ക്കായി ഉപയോഗിച്ച രണ്ടാനച്ഛന് 55 വർഷം കഠിന തടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. തടവിന് പുറമേ ഇയാള്‍ 40,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ 2 വർഷവും 4 മാസവുംകൂടി തടവ് അനുഭവിക്കണം.
പിഴത്തുക കുട്ടിക്ക് നൽകണം. 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മാറനല്ലൂർ സ്വദേശി അനീഷിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവളുടെ അമ്മ രണ്ടാമത് വിവാഹം ചെയ്തത്. നാഗർകോവിലിലെ വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് രണ്ടാനച്ഛനില്‍ നിന്ന് കുട്ടിക്ക് ദുരനുഭവമുണ്ടായത്. അമ്മ വീട്ടിൽ ഇല്ലാത്ത സമയത്താണ് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി അനീഷ് കുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്.
ഈ സംഭവത്തിന് ശേഷം മയക്കുമരുന്ന് കച്ചവടത്തിനായി വിശാഖപട്ടണത്തും ആന്ധ്രയിലും ഇയാള്‍ കുട്ടിയുമായി പോയി. അവിടെവെച്ചും കുട്ടിയെ വീണ്ടും ലൈംഗികമായി ഉപയോഗിച്ചു. ഏഴാംക്ലാസുകാരിയെ സ്വന്തം അമ്മയും ഭീഷണിപ്പെടുത്തിയിരുന്നു. അങ്ങനെയാണ് മയക്കുമരുന്ന് കച്ചവടത്തിനായി രണ്ടാനച്ഛനൊപ്പം പോവേണ്ടി വന്നത്.
കുട്ടി ഫോണിലൂടെ അച്ഛനെയും സഹോദരനെയും വിളിച്ച് പീഡനവിവരം പറയാൻ ശ്രമിച്ചപ്പോഴും അനീഷ് ഭീഷണിപ്പെടുത്തി, ശേഷം ക്രൂരമായി അടിച്ചു. പീഡനം വീണ്ടും തുടർന്നതോടെയാണ് കുട്ടി ബന്ധുക്കളെ വിവരം അറിയിച്ചതും എല്ലാ വിവരങ്ങളും പുറത്തായതും. അനീഷ് ഒരു കൊലക്കേസിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു.


