പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ നല്ല സമയം; റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ, കുതിച്ച് ഗൾഫ് കറൻസികൾ
ദുബായ്: ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അമേരിക്ക 50% തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ റക്കോഡ് ഇടിവ് രേഖപ്പെടുത്തി. ഇത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ മികച്ച അവസരമാണ് നൽകുന്നത്. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് 24 എന്ന റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞു. ഒരു ദിർഹത്തിന് 24 രൂപയാണ് ഇന്ന് ലഭിക്കുന്നത്. സൌദി റിയാലിന് 23.42 രൂപവരെയാണ് വിവിധ ധനകാര്യസ്ഥാപനങ്ങൾ ഇന്ന് നൽകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ദിർഹത്തിനെതിരെ 23.94 എന്ന നിലയിലെത്തിയ രൂപയുടെ മൂല്യം ഇതാദ്യമായാണ് 24 എന്ന നിലയിലേക്ക് എത്തുന്നത്. നിലവിൽ പ്രമുഖ പണമിടപാട് സ്ഥാപനങ്ങൾ ഒരു ദിർഹത്തിന് 23.95 മുതൽ 24 രൂപ വരെ നൽകുന്നുണ്ട്. അതേസമയം, ബാങ്കുകൾ 23.81 രൂപ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സൗദിയിൽ റിയാലിന് 23.51 രൂപയും ഖത്തറിൽ 24.21 രൂപയും ലഭിക്കുന്നുണ്ട്.
സൌദിയിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങൾ ഇന്ന് നൽകുന്ന വനിമയ നിരക്ക് കാണാം.
NEO-SNB: 23.429
Emirates NBD KSA: 23.337
Barq: 23.32
STC Pay: 23.318
D360: 23.301
Tiqmo: 23.30
SAIB Flexx: 23.285
Mobily Pay: 23.242
Bin Yalla: 23.24
ഡോളറിനെതിരെ 88 എന്ന നിരക്ക് കടന്ന രൂപ, ഒരു ഡോളറിന് 88.31 എന്ന നിലയിലേക്കെത്തിയ ശേഷമാണ് 88.2 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കും.
ഗൾഫ് വാർത്തകൾക്കും തൊഴിൽ അറിയിപ്പുകൾക്കും ഗ്രൂപ്പിൽ അംഗമാകാം


