2 ദിവസമായി ജോലിക്ക് പോയില്ല; ബാങ്കിൽ നിന്ന് 90,000 രൂപ പിൻവലിച്ചു, ആത്മഹത്യ ചെയ്തതെന്തിന്? രാകേഷിന്റെ മൊഴി നിർണായകം
കാഞ്ഞങ്ങാട്: ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്തതെന്തിനെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നാട്ടുകാരും പൊലീസും. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാകേഷ് ആരോഗ്യം വീണ്ടെടുത്ത് സംസാരിക്കാനായാൽ മാത്രമേ എന്താണ് കാരണം എന്ന് വ്യക്തമാകൂ. പറക്കളായി ഒണ്ടാംപുളിയിലെ കർഷകനായ എം. ഗോപി (58), ഭാര്യ കെ.വി. ഇന്ദിര (55), മൂത്ത മകൻ ഹൊസ്ദുർഗിലെ വ്യാപാര സ്ഥാപനത്തിലെ സെയിൽസ്മാൻ രഞ്ജേഷ് (37) എന്നിവരാണ് മരിച്ചത്. ഇളയ മകൻ രാകേഷാണ് (35) ചികിത്സയിലുള്ളത്.
സാമ്പത്തിക ബാധ്യതയാണ് കൂട്ടമരണത്തിന് കാരണമെന്ന് പറയുന്നുണ്ടെങ്കിലും അതിന് സാധ്യതയില്ലെന്നാണ് ഇവരുമായി അടുപ്പമുള്ളവർ പറയുന്നത്. ജീപ്പിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെ രാകേഷ് സംസാരിക്കാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നു. ആസിഡ് കഴിക്കാനുണ്ടായ സാഹചര്യം ആവർത്തിച്ച് ചോദിച്ചിട്ടും രാകേഷ് മറുപടി പറഞ്ഞില്ല.
ഗോപി നേരത്തെ പ്രവാസിയായിരുന്നു. രഞ്ജേഷും രാജേഷും ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്. കോവിഡ് കാലത്താണ് ഇവർ നാട്ടിലെത്തി തുളസി എന്ന പേരിൽ മിനി സൂപ്പർമാർക്കറ്റ് ആരംഭിച്ചത്. എന്നാൽ ഇത് നഷ്ടത്തിലായതോടെ പൂട്ടി. പിന്നീട് രഞ്ജേഷ് കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ മൊത്തവ്യാപാര സ്ഥാപനത്തിലും രാകേഷ് കോട്ടച്ചേരി പെട്രോൾ പമ്പിന് സമീപത്തെ പലവ്യജ്ഞന കടയിലും ജോലിക്കു കയറി. ഭേദപ്പെട്ട വരുമാനം ഇരുവർക്കുമുണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി ഇവർ ജോലിക്ക് പോയിരുന്നില്ല.
ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് രഞ്ജേഷ് വിവാഹം കഴിച്ചത്. ഏറെ നാൾ കഴിയുന്നതിന് മുൻപേ വിവാഹമോചനം നേടി. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഒരു തുക നഷ്ടപരിഹാരമായി നൽകേണ്ടി വന്നു. അതേ സമയം, ബാങ്കുകളിലെ വായ്പ തുക കൃത്യമായി അടച്ചുപോരുന്നുണ്ടായിരുന്നു. ഗോപിയുടെ വീടിനോട് ചേർന്നുള്ള സഹോദരിയുടെ സ്ഥലവും അടുത്ത കാലത്താണ് ഇവർ വാങ്ങിച്ചത്. രണ്ടു ദിവസം മുൻപ് ഗോപി ബാങ്കിൽ നിന്ന് 90,000 രൂപ പിൻവലിച്ചിട്ടുണ്ട്. മികച്ച കൃഷിക്കാരനായിരുന്നു ഗോപി. ഇന്ദിര, ബീഡി തെറുപ്പ് ജോലി ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി ഇവർ ആരോടും പറഞ്ഞിട്ടുമില്ല. ഇതോടെയാണ് ആത്മഹത്യയുടെ കാരണം ദുരൂഹമായത്. എന്നാൽ ഇവർക്ക് എത്ര രൂപയുടെ കടമുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ദിര പതിവില്ലാതെ ഫോണിൽ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ ചെയ്യാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.
ഇന്നലെ പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. പുലർച്ചെ 2.15ന് രാകേഷ് സമീപത്തു താമസിക്കുന്ന പിതൃസഹോദരൻ നാരായണനെ ഫോണിൽ വിളിച്ച് ആസിഡ് കുടിച്ച വിവരമറിയിച്ചു. നാരായണൻ എത്തുമ്പോൾ നാലുപേരും അവശനിലയിലായിരുന്നു. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഗോപി യാത്രാമധ്യേ മരിച്ചു. പരിയാരം മെഡിക്കൽ കോളജിലേക്ക് പോകുന്ന വഴി ഇന്ദിരയും ആശുപത്രിയിൽ വച്ച് രഞ്ജേഷും മരിച്ചു. റബർ ഷീറ്റ് തയാറാക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് നാലു പേരും കുടിച്ചതെന്ന് പൊലീസ് പറഞ്ഞു.


