ബിനാമി സ്ഥാപനങ്ങളിലൂടെ കോടികൾ സമ്പാദിച്ചു; സൗദിയിൽ സ്വദേശികളുൾപ്പെടെ 6 പേർക്ക് കനത്ത പിഴയും നാടുകടത്തലും

ബുറൈദ: സൗദി അറേബ്യയിലെ അല്‍ ഖസീമില്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തിയ കേസില്‍ 6 പ്രതികൾക്ക് മൂന്നര ലക്ഷം സൗദി റിയാൽ പിഴയും തടവും വിധിച്ചു. കോണ്‍ട്രാക്ടിങ്, മെഡിക്കല്‍ ഉപകരണങ്ങളും പുകയില ഉല്‍പന്നങ്ങളും വിതരണം ചെയ്യല്‍ എന്നീ മേഖലകളില്‍ ബിനാമി ബിസിനസ് നടത്തിയ ആറു പേർക്കാണ് ശിക്ഷ വിധിച്ചത്.

യെമനി പൗരന്മാരും സഹോദരന്മാരുമായ സദ്ദാം റസാസ് അഹ്മദ് ഹമൂദ്, ഹൈഥം റസാസ് അഹ്മദ് ഹമൂദ്, ബസ്സാം റസാസ് അഹ്മദ് ഹമൂദ്, പലസ്തീനി പൗരൻ അഹ്മദ് ശൗഖി അതായാ അല്‍ത്വനാനി, ബിസിനസ് സ്ഥാപനം നടത്താന്‍ ആവശ്യമായ സഹായം നൽകിയ സൗദി പൗരന്മാരായ സ്വാലിഹ് ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍മര്‍സൂഖ്, ബന്ദര്‍ ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍ഹുമൈദ് എന്നിവര്‍ക്കാണ് ശിക്ഷ.

സെയില്‍സ്മാന്‍ തസ്തികയിലാണ് ഇവർ സൗദിയിൽ കഴിഞ്ഞിരുന്നത്. എന്നാൽ തങ്ങളുടെ ജോലിക്കും വരുമാനത്തിനും നിരക്കാത്ത തരത്തിൽ വൻ തുക നാട്ടിലേക്ക് അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് അഴിമതി വിരുദ്ധ വിഭാഗം പരിശോധന നടത്തി ഇവരെ പിടികൂടിയത്. ബിനാമി ബിസിനസിലൂടെ ഇവര്‍ സമ്പാദിച്ച 23,92,92,602 റിയാലും 26 കാറുകളും കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. ഇവര്‍ക്ക് മൂന്നര ലക്ഷം റിയാല്‍ പിഴയും ചുമത്തിയിട്ടുമുണ്ട്.

സൗദി പൗരനായ ബന്ദര്‍ ബിന്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍ഹുമൈദിനും യെമനികള്‍ക്കും പലസ്തീനിക്കും രണ്ടു വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യെമനികളെയും പലസ്തീനിയെയും സൗദിയില്‍ നിന്ന് നാടുകടത്താനും പുതിയ തൊഴില്‍ വീസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനും കോടതി ഉത്തരവിട്ടു.

Share