ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്: പോലീസുകാരായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു; സിബിഐ അന്വേഷണത്തിൽ വീഴ്ചയെന്ന് കോടതി
കൊച്ചി: കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാരായ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതേവിട്ടു. അന്വേഷണത്തില്‍ സിബിഐയ്ക്ക് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുഴുവന്‍പ്രതികളെയും കുറ്റവിമുക്തരാക്കിയത്. കേസില്‍ ഒന്നാംപ്രതിയുടെ വധശിക്ഷയും റദ്ദാക്കി. സിബിഐ കോടതി വിധിക്കെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കേസിലെ ഒന്നും രണ്ടും പ്രതികളായ കെ. ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഇരുവര്‍ക്കും രണ്ടുലക്ഷം രൂപ വീതം പിഴയും ചുമത്തിയിരുന്നു. ഈ തുക ഉദയകുമാറിന്റെ അമ്മയ്ക്ക് നല്‍കാനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ. നാസര്‍ ഉത്തരവിട്ടിരുന്നു. ഫോര്‍ട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായാണ് കോടതി ഉത്തരവിലുണ്ടായിരുന്നത്. അതേസമയം, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടാംപ്രതി ശ്രീകുമാര്‍ പിന്നീട് മരിച്ചു.
കേസിലെ അഞ്ചു മുതല്‍ ഏഴു വരെ പ്രതികളായ ഡിവൈഎസ്പി അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവര്‍ക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കൃത്രിമരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളും തെളിഞ്ഞിരുന്നു. കൊലപാതകം നടക്കുമ്പോള്‍ അജിത്കുമാര്‍ ഫോര്‍ട്ട് സ്റ്റേഷനിലെ എസ്‌ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മിഷണറും. മൂന്നാംപ്രതി എഎസ്ഐ കെ.വി.സോമനെയും കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയിരുന്നെങ്കിലും വിചാരണയ്ക്കിടെ ഇദ്ദേഹം മരിച്ചിരുന്ന. നാലാം പ്രതി വി.പി.മോഹനനെ കോടതി നേരത്തേ കുറ്റവിമുക്തനാക്കിയിരുന്നു. (ചിത്രം: ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ, കേസിലെ പ്രതികളായ ജിതകുമാറും ശ്രീകുമാറും)


