പ്രവാസി മലയാളികൾക്ക് ഇനി പണമില്ലാതെ ചികിത്സിക്കാം; നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതി നവംബർ ഒന്നു മുതൽ
ദുബായ്: പ്രവാസികൾക്കായി നോർക്ക ഏർപ്പെടുത്തുന്ന നോർക്ക കെയർ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി നവംബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. ഇതിനുള്ള രജിസ്‌ട്രേഷൻ അടുത്തമാസം 22 മുതൽ ഒക്ടോബർ 21 വരെ നടക്കുമെന്ന് നോർക്ക പ്രതിനിധികൾ ദുബായിൽ അറിയിച്ചു. ഒക്ടോബർ 22-ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാരും നോർക്ക റൂട്സും ചേർന്ന് ആവിഷ്കരിച്ചതാണ് നോർക്ക കെയർ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതി
വിവിധ അസുഖങ്ങൾക്കുള്ള ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപയും അപകടമരണം സംഭവിച്ചാൽ പത്തുലക്ഷം രൂപയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി. കൂടാതെ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അമ്പതിനായിരം രൂപയും നോർക്ക കെയറിന്റെ ഭാഗമാണ്.
പ്രവാസിയുടെ ഭർത്താവ്, ഭാര്യ, രണ്ടു കുട്ടികൾ എന്നിവരടങ്ങിയ കുടുംബത്തിന് ജിഎസ്ടി ഉൾപ്പെടെ 13,275 രൂപയാണ് വാർഷിക പ്രീമിയം. അധികമായി ചേർക്കുന്ന ഒരോ കുട്ടിക്കും 4,130 രൂപ വീതം നൽകണം. വ്യക്തിഗത ഇൻഷുറൻസ് മാത്രമാണെങ്കിൽ 7,965 രൂപയാണ് നൽകേണ്ടത്. നിലവിലുളള രോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കേരളത്തിലെ 410 ആശുപത്രികളടക്കം ഇന്ത്യയിൽ 14,000 ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുമെന്ന് നോർക്ക റൂട്സ് സിഇഒ അജിത്ത് കൊളശ്ശേരി പറഞ്ഞു.
ഇൻഷുറൻസ് പദ്ധതിയിൽ പ്രവാസികളെ ഭാഗമാക്കുന്നതിനായി നോർക്ക സംഘടിപ്പിക്കുന്ന മേഖലാ യോഗങ്ങൾ യുഎഇയിൽ വിവിധയിടങ്ങളിൽ നടക്കുകയാണ്. സിഇഒയെക്കൂടാതെ വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, സെക്രട്ടറി ഹരികിഷോർ തുടങ്ങിയവരും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
.
നോർക്ക പ്രവാസി അംഗത്വം എടുക്കുന്നവർക്കു മാത്രമേ ആരോഗ്യ ഇൻഷുറൻസിൽ ചേരാൻ സാധിക്കൂ. അംഗങ്ങളെ ചേർക്കുന്നതിന് അംഗീകൃത സംഘടനകൾക്കു യൂസർ ഐഡിയും പാസ്‌വേർഡും നേരിട്ടു നൽകും. അംഗീകാരമില്ലാത്ത സംഘടനകൾ മുന്നോട്ടു വരികയാണെങ്കിൽ താൽക്കാലിക യൂസർ ഐഡിയും പാസ്‌വേർഡും നൽകുമെന്നും നോർക്ക റൂട്സ് സിഇഒ അജിത് കൊളശ്ശേരി പറഞ്ഞു. നിലവിൽ 3 ലക്ഷത്തോളം പേർ അംഗങ്ങളാണ്. അവർക്കു പോളിസിയിൽ ചേരുന്നതിനു തടസ്സമില്ല. 3 വർഷമാണ് നോർക്ക കാർഡിന്റെ കാലാവധി. ഓൺലൈനായി പുതുക്കാനും സംവിധാനമുണ്ട്. അംഗത്വ മാസാചരണമായി ആചരിച്ച ജൂലൈയിൽ 12,000 പേർ അംഗത്വമെടുത്തതായും സൂചിപ്പിച്ചു. അംഗത്വമെടുത്തവർക്കു നോർക്ക കെയർ ആപ്പിലൂടെ ഓൺലൈനായി പണമടച്ച് ഇൻഷുറൻസ് പദ്ധതിയിൽ ചേരാം. അംഗത്വത്തിന് അപേക്ഷിച്ചാൽ ദിവസങ്ങൾക്കകം ഇ-കാർഡ് ലഭിക്കും. പദ്ധതിയിൽ ചേരാൻ ഇതു മതിയാകും. ഫിസിക്കൽ ഐഡി പിന്നീടു ബന്ധപ്പെട്ട വിലാസത്തിൽ ലഭിക്കും.
5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ ലഭിക്കുന്നതും ഏറ്റവും കുറഞ്ഞ പ്രീമിയമുള്ളതുമാണ് പദ്ധതി. ഇന്ത്യയിലെ 14,200 ആശുപത്രികളിൽ ചികിത്സ തേടാം. നിലവിൽ അംഗത്വമെടുക്കുന്ന പ്രവാസിയുടെ ജീവിത പങ്കാളി, മക്കൾ എന്നിവരെയാണു പദ്ധതിയിൽ ഉൾപ്പെടുത്താനാവുക.
കിടത്തി ചികിത്സയ്ക്കു മാത്രമേ പരിരക്ഷ കിട്ടൂ. എന്നാൽ നിശ്ചിത രോഗവുമായി ബന്ധപ്പെട്ട് അഡ്മിറ്റ് ആകുന്നതിന് 30 ദിവസവും ഡിസ്ചാർജ് ചെയ്ത ശേഷം 60 ദിവസത്തിനകവും എല്ലാ ടെസ്റ്റുകളുടെയും ബിൽ തുക നൽകുമെന്ന് ഇൻഷുറൻസ് പ്രതിനിധി വിശദീകരിച്ചു. ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം പുറത്ത് എത്തിക്കുന്നതുവരെയുള്ള ചെലവുകൾ ഇൻഷുറൻസ് കമ്പനി വഹിക്കും.
ആർക്കൊക്കെ ചേരാം
നോർക്ക അംഗത്വ കാർഡോ സ്റ്റുഡൻസ് ഐഡി കാർഡോ ഉള്ള 18 മുതൽ 70 വയസ്സു വരെയുള്ള പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം. ഭാര്യയും ഭർത്താവും 2 കുട്ടികളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപയാണ് (563 ദിർഹം) വാർഷിക പ്രീമിയം. അധിക മക്കളെ ചേർക്കുന്നതിന് ഒരാൾക്ക് 4130 രൂപ (173 ദിർഹം) വീതം നൽകണം. വ്യക്തിഗത ഇൻഷുറൻസ് 8101 രൂപ (340 ദിർഹം).
നേട്ടങ്ങൾ
ഇന്ത്യയിൽ 14,200 ആശുപത്രികളിൽ 5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ. ഇതോടൊപ്പം 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് കവറേജും ലഭിക്കും. പ്രീമിയം തുക അടച്ച് 24 മണിക്കൂറിനകം ആനുകൂല്യത്തിന് അർഹരായിരിക്കും. പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 22നു മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ പരിരക്ഷ ലഭിക്കും.


