‘അപ്പാർട്ട്മെൻ്റിനുള്ളിൽ കുടുങ്ങി, അടിയന്തര സഹായം വേണം’; പൊലീസിൻ്റെ സഹായത്തിനായി വിളിച്ചു ‘പണിയായി’, ഒടുവിൽ പ്രവാസി സ്ത്രീക്ക് നാടുകടത്തൽ
ദുബായ്: ലഹരി ഉപയോഗിച്ച ശേഷം വീടിന്റെ വാതിൽ തുറക്കാനാകുന്നില്ലെന്ന് പറഞ്ഞ് പൊലീസിന്റെ സഹായം തേടിയ വിദേശിയായ സ്ത്രീക്ക് ഒടുവിൽ ദുബായ് കോടതി നാടുകടത്തൽ ശിക്ഷ വിധിച്ചു. ദുബായ് കോടതി ഓഫ് അപ്പീൽ ആണ് ലഹരിമരുന്ന് ഉപയോഗിച്ചതിന് 27 വയസ്സുള്ള യുവതിയെ നാടുകടത്താൻ ഉത്തരവിട്ടത്. (ചിത്രം പ്രതീകാത്മകം)
അപ്പാർട്ട്മെന്റിനുള്ളിൽ കുടുങ്ങിയെന്നും അടിയന്തര വൈദ്യസഹായം വേണമെന്നും ആവശ്യപ്പെട്ട് യുവതി തന്നെയാണ് പൊലീസിനെ വിളിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോൾ സ്ത്രീ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടെത്തിയത്. മദ്യത്തിന്റെ ഗന്ധം ഉണ്ടായിരുന്നില്ലെങ്കിലും ഇവരുടെ പെരുമാറ്റം സംശയമുണ്ടാക്കി. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ മൂത്രപരിശോധനയിൽ ക്രിസ്റ്റൽ മെത്ത് ഉപയോഗിച്ചതായി കണ്ടെത്തി. സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരോട് യുവതി കുറ്റം സമ്മതിച്ചു. ആദ്യമായാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നതെന്നും അതിനുശേഷം നടന്ന കാര്യങ്ങൾ ഓർമയില്ലെന്നും അവർ പറഞ്ഞു. കേസ് ക്രിമിനൽ കോടതിയിലെത്തിയപ്പോൾ 5000 ദിർഹം പിഴ ചുമത്തി. പിന്നീട് പ്രോസിക്യൂട്ടർമാർ അപ്പീൽ നൽകിയതിനെ തുടർന്നാണ് നാടുകടത്തൽ ശിക്ഷ കൂടി കൂട്ടിച്ചേർത്തത്. ലഹരിമരുന്ന് ഉപയോഗം ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
യുഎഇ നിയമപ്രകാരം ലഹരിമരുന്ന് ഉപയോഗിക്കുന്നത് ആദ്യമായാണെങ്കിൽ പിഴയോ, ജയിൽ ശിക്ഷയോ, നാടുകടത്തലോ ലഭിക്കാം. എന്നാൽ കൈവശം വയ്ക്കുകയോ, വിതരണം ചെയ്യുകയോ ചെയ്താൽ ജീവപര്യന്തമോ, വധശിക്ഷയോ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകളാണ് ലഭിക്കുക.


