രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് സൂചന; കടുത്ത നടപടിക്കൊരുങ്ങി കോൺഗ്രസ്, സസ്പെന്‍ഡ് ചെയ്തേക്കും
തിരുവനന്തപുരം:∙ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് സൂചന. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ജനങ്ങൾക്കു മേൽ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നതാണ് പാർട്ടി നിലപാട്. അന്തിമ തീരുമാനം നാളെ രാവിലെ ഉണ്ടായേക്കും. പാലക്കാട് രണ്ട് ഉപതെരഞ്ഞെടുപ്പ് അടിച്ചേല്പിച്ചെന്ന പ്രശ്നം തിരിച്ചടി ആകുമെന്നാണ് വിലയിരുത്തൽ.
ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി.സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ നിലപാട് അറിയിച്ചിട്ടുണ്ട്. അതേസമയം, രാഹുലിന്‍റെ രാജിക്ക് വേണ്ടി കടുപ്പിച്ച നേതാക്കളും അയയുകയാണ് എന്നാണ് വിവരം.
എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കിൽ രാഹുലിനെതിരെ കടുത്ത പാർട്ടി നടപടി വന്നേക്കും.രാഹുലിനെ കോണ്‍ഗ്രസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാനും പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്താനുമാണ് സാധ്യത. നിയമസഭ നടപടികളില്‍ അവസരം നല്‍കാതെ മാറ്റിനിര്‍ത്താനാണ് തീരുമാനമെങ്കില്‍ 15ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോയേക്കും.
ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താൻ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.
പ്രതിസന്ധി കടന്ന് തിളങ്ങുന്ന പ്രതിച്ഛായയുമായി പാര്‍ട്ടി തിരികെ വരാൻ രാഹുലിന്‍റെ രാജി അനിവാര്യമെന്നാണ് നേതാക്കളുടെ അഭിപ്രായം. കൂടിയാലോചനകളിൽ പ്രധാന നേതാക്കളും രാജി കൊണ്ടേ രക്ഷയുള്ളൂവെന്ന് നിലപാട് നേതൃത്വത്തെ അറിയിച്ചു. ഉചിതമായി തീരുമാനം ഉചിതമായ സമയത്തെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം നേതാക്കളുമായി സണ്ണി ജോസഫ് കൂടിയാലോചന തുടരുകയാണ്.


