ഗൾഫ് രാജ്യങ്ങളിൽ ചൂടുകാലം അവസാനിക്കുന്നു; സുഹൈൽ നക്ഷത്രത്തിന്‍റെ വരവോടെ കാലാവസ്ഥയിൽ മാറ്റം

ജിദ്ദ: സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ അറേബ്യൻ ഉപദ്വീപിൽ പുതിയൊരു കാലാവസ്ഥാ കാലഘട്ടത്തിന് തുടക്കമാകുമെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. എല്ലാ വർഷവും ഓഗസ്റ്റ് 24-ന് തെക്കൻ ചക്രവാളത്തിൽ മഞ്ഞകലർന്ന വെള്ള നിറത്തിലുള്ള തിളക്കത്തോടെയാണ് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നത്. ഇത് ചൂട്കാലത്തിൻ്റെ അവസാനം അറിയിക്കുന്നതാണെന്ന് പ്രദേശവാസികൾ ഏറെക്കാലമായി വിശ്വസിച്ച് പോരുന്ന ഒരു പരമ്പരാഗത അടയാളമാണിത്.

സുഹൈൽ നക്ഷത്രം അറേബ്യൻ ഉപദ്വീപിന്റെ തെക്കൻ ഭാഗങ്ങളിൽ ഓഗസ്റ്റ് 24-നും കുവൈത്തിൽ സെപ്റ്റംബർ 5-നും ദൃശ്യമാകുമെന്ന് കുവൈത്ത് അസ്ട്രോണമി അസോസിയേഷൻ തലവൻ ആദെൽ അൽ സാദൂൺ അറിയിച്ചിരുന്നു. സുഹൈൽ നക്ഷത്രത്തിന്റെ വരവോടെ ചൂടിന് നേരിയ ശമനം ലഭിക്കുമെന്നും പകൽസമയത്തിന് ദൈർഘ്യം കുറയുമെന്നും അൽ സാദൂൺ വിശദീകരിച്ചു.

സുഹൈൽ ഉദിച്ച് 40 ദിവസത്തിനുള്ളിൽ അന്തരീക്ഷം തണുക്കുമെന്നാണ് കണക്കാക്കുന്നത്. 53 ദിവസം ദൈർഘ്യമുള്ള സുഹൈൽ നക്ഷത്രത്തിന്റെ കാലയളവിനെ നാല് ഘട്ടങ്ങളായി കാലാവസ്ഥ നിരീക്ഷകരും ഗോള ശാസ്ത്രജ്ഞരും വിഭജിച്ചിട്ടുണ്ട്. ഓരോ ഘട്ടം കഴിയുന്തോറും ചൂട് കുറയുകയും അന്തരീക്ഷം തണുക്കുകയും ചെയ്യും.

അറബിയിൽ അൽ തർഫ, അൽ ജബ്ഹ, അൽ സെബ്റ, അൽ സെർഫ എന്നിവയാണ് സുഹൈൽ നക്ഷത്രത്തിന്റെ നാല് ഘട്ടങ്ങൾ. ആദ്യ ഘട്ടമായ അൽ തർഫയിൽ അന്തരീക്ഷം ചൂടുള്ളതും ഈർപ്പമുള്ളതുമാകും. അൽ സെർഫയിലേക്ക് എത്തുന്നതോടെ ചൂടും ഈർപ്പവും കുറഞ്ഞ് അന്തരീക്ഷം തണുപ്പിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടിനും ഹ്യൂമിഡിറ്റിക്കും സുഹൈൽ നക്ഷത്രത്തിന്റെ വരവ് ആശ്വാസമാകും. അന്തരീക്ഷ താപനില കുറയുന്നതോടൊപ്പം മഴ പെയ്യാനുള്ള സാധ്യതകളുമുണ്ട്.

Share
error: Content is protected !!