‘നീ എന്തിനെന്നെ വിട്ടുപോയി’; ഭാര്യയെ തീകൊളുത്തി കൊന്നതിന് അറസ്റ്റിലാകും മുന്നേ യുവാവിൻ്റെ കുറിപ്പ്
ന്യൂഡല്‍ഹി: ‘എന്താണ് സംഭവിച്ചതെന്ന് എന്തുകൊണ്ടാണ് എന്നോട് നീ പറയാത്തത്? എന്തിനാണ് നീ എന്നെ വിട്ടുപോയത്? നീ എന്തിനാണ് ഇത് ചെയ്തത്? ലോകം എന്നെ കൊലയാളി എന്ന് വിളിക്കുന്നു നിക്കി…’ ഭാര്യയെ തീകൊളുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ യുവാവ്, പോലീസിന്റെ പിടിയിലാകുന്നതിന് മുന്‍പേ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലെ വരികളാണിവ. ഭാര്യയുടേത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഈ കുറിപ്പിലൂടെ യുവാവ് ലക്ഷ്യമിട്ടിരുന്നത് എന്നാണ് വിവരം.
ഗ്രേറ്റര്‍ നോയ്ഡയിലെ സിര്‍സ ഗ്രാമത്തില്‍, വ്യാഴാഴ്ചയാണ് നിക്കി(28)യെന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ചത്. നിക്കിയെ ഭര്‍ത്താവ് വിപിന്‍ ഭട്ടിയും മറ്റു ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും പിന്നീട് തീകൊളുത്തി കൊല്ലുകയുമായിരുന്നെന്ന് അവരുടെ സഹോദരി കാഞ്ചന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. നിക്കിയെ വിപിനും മറ്റൊരു സ്ത്രീയും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതിന്റെയും യുവതി, ദേഹത്ത് പടര്‍ന്ന തീയുമായി കോണിപ്പടി ഇറങ്ങുന്നതിന്റെയും മറ്റും വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
.
ശനിയാഴ്ചയാണ് വിപിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതിനിടെയാണ് അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, നിക്കിയുടേത് ആത്മഹത്യയെന്ന് സൂചിപ്പിക്കുംവിധത്തിലുള്ള വിപിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വിപിന്‍ അഭിഭാഷകനാണെന്നാണ് ഇന്‍സ്റ്റഗ്രാം ബയോയില്‍ പറഞ്ഞിട്ടുള്ളത്. ‘നീ പോയതിന് പിന്നാലെ വളരെ മോശം കാര്യങ്ങളാണ് തനിക്കു നേരെയുണ്ടാകുന്നതെ’ന്നും വിപിന്റെ കുറിപ്പിലുണ്ട്.
നിക്കിയെയും മൂത്ത സഹോദരി കാഞ്ചനെയും ഒരേ കുടുംബത്തിലേക്കാണ് വിവാഹം കഴിപ്പിച്ച് അയച്ചിരുന്നത്. നിക്കിയുടെ ഭര്‍ത്താവ് വിപിന്റെ ജ്യേഷ്ഠനാണ് കാഞ്ചന്റെ ഭര്‍ത്താവ്. 2016-ലാണ് നിക്കിയുടെയും വിപിന്റെയും വിവാഹം നടന്നത്. വിവാഹം നടന്ന് ആറുമാസം കഴിഞ്ഞപ്പോഴേക്കും നിക്കിക്ക് ഭര്‍തൃഗൃഹത്തില്‍നിന്ന് സ്ത്രീധന പീഡനം നേരിടേണ്ടിവന്നിരുന്നെന്ന് കാഞ്ചന്‍ പരാതിയില്‍ ആരോപിക്കുന്നു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തിന് താനും നിക്കിയും ഇരകളായിരുന്നെന്നും അവര്‍ പറഞ്ഞു. വ്യഴാഴ്ച രാത്രിയാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നിക്കിയെ മര്‍ദിച്ചതെന്നും കുഞ്ഞിന്റെ മുന്നില്‍വെച്ചാണ് തീകൊളുത്തിയതെന്നും കാഞ്ചന്‍ കൂട്ടിച്ചേര്‍ത്തു.


