വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; താമരശ്ശേരിയിൽ രോഗം ബാധിച്ച കുട്ടിയുടെ സഹോദരന്റെ പരിശോധനാ ഫലം പോസിറ്റീവ്
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. താമരശ്ശേരിയിൽ രോഗം ബാധിച്ച് മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗബാധ. ഏഴു വയസ്സുകാരന്റെ പരിശോധനാ ഫലം പോസിറ്റീവായി. പെൺകുട്ടിയുടെ മറ്റൊരു സഹോദരനും രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് താമരശേരി സ്വദേശിയായ നാലാം ക്ലാസുകാരി അനയ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. പിന്നാലെ പെൺകുട്ടി ഉപയോഗിച്ച വെള്ളത്തിന്‍റെ സാംപിളുകളടക്കം ആരോഗ്യ വകുപ്പ് ശേഖരിച്ചിരുന്നു. ഇതിൻ്റെ പരിശോധനാ ഫലം ലഭിക്കാനിരിക്കെയാണ് പെൺകുട്ടിയുടെ രണ്ട് സഹോദരങ്ങളേയും കടുത്ത പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ വെള്ളം ഉപയോഗിച്ചതാകാം സഹോദരനും രോഗം വരാന്‍ കാരണം. മറിച്ച് ഒരു വ്യക്തിയില്‍ നിന്ന് പടരുന്ന രോഗമല്ല അമീബിക് മസ്തിഷ്ക ജ്വരം.


