സുപ്രീംകോടതി മുൻ ജ‍ഡ്ജി ബി.സുദർശൻ റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനാർഥി; പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യം

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്ജി ബി.സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി. ഹൈദരാബാദ് സ്വദേശിയാണ്. എല്ലാ പാർട്ടികളും സ്ഥാനാർഥിത്വത്തെ അനുകൂലിച്ചു.

 വോട്ടവകാശ യാത്രയുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളും ബിഹാറിലായതിനാൽ കൂടിയാലോചനകൾക്കു വേണ്ടിയാണ് പ്രഖ്യാപനം ഇന്നത്തേക്കു മാറ്റിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് മല്ലികാർജുൻ ഖർഗെയുടെ വീട്ടിലാണ് യോഗം ചേർന്നത്.

ഇതൊരു ആശയ പോരാട്ടമാണെന്നും, ഏറ്റവും യുക്തനായ ആളെയാണ് തിരഞ്ഞെടുത്തതെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പാവങ്ങൾക്കായി ശക്തമായി നിലപാടെടുത്ത, ഭരണഘടനയ്ക്കായി നിലകൊള്ളുന്ന ആളാണ് സുദർശൻ റെഡ്ഡി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ ഇദ്ദേഹത്തെ പോലെയുള്ള ആളാണ് വേണ്ടത്. പ്രതിപക്ഷത്തുള്ള എല്ലാവരും ഒരുമിച്ച് തീരുമാനിച്ച സ്ഥാനാർഥിയാണിതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവുമായ സി.പി.രാധാകൃഷ്ണനാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. 17ന് ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണു തീരുമാനമെടുത്തത്. ഇന്ന് നടക്കുന്ന എൻഡിഎ യോഗം തീരുമാനത്തിന് അംഗീകാരം നൽകും.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. ജൂലൈ 21 നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചത്. സെപ്റ്റംബർ 9 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്.

Share
error: Content is protected !!