ജോലി ശരിയായിട്ടുണ്ടെന്നുപറഞ്ഞ് രണ്ടുദിവസം മുൻപ് വീടുവിട്ടു, നിസാർ ജീവനൊടുക്കിയതിന്റെ കാരണമെന്ത്?

മലപ്പുറം: അപ്രതീക്ഷിതമായിട്ടായിരുന്നു നിസാറിന്റെ മരണം. ഈ രീതിയിൽ നിസാർ ജീവനൊടുക്കിയതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പൊതുവിൽ ശാന്തപ്രകൃതക്കാരനായ ഇദ്ദേഹം ജീവനൊടുക്കാൻ വിചിത്രമായ വഴി തേടിയത് എന്തിനാണെന്ന സംശയത്തിലാണ് പ്രിയപ്പെട്ടവരെല്ലാം.

തിരൂരങ്ങാടി നഗരസഭയിൽ, ടൗണിൽനിന്ന് നാലുകിലോമീറ്ററോളം മാറിയാണ് നിസാറിന്റെ വീട്. എറണാകുളത്ത് ജോലി ശരിയായിട്ടുണ്ടെന്നുപറഞ്ഞ് രണ്ടുദിവസം മുൻപാണ് വീടുവിട്ടുപോയത്.

പോകുന്നതിനുമുൻപ് നാട്ടിൽ പെയിന്റിങ് ജോലി ചെയ്തിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം കാറ്ററിങ് സ്ഥാപനങ്ങളിലും ജ്യൂസ് കടകളിലും ഹോട്ടലുകളിലും മാറിമാറി ജോലിചെയ്തിരുന്നു. നിലവിൽ ഇദ്ദേഹത്തിന് വലിയ സാമ്പത്തികപ്രശ്‌നങ്ങളോ ഗൗരവമായ മറ്റെന്തെങ്കിലും കാരണങ്ങളോ ഉള്ളതായി അയൽവാസികൾക്കും ബന്ധുക്കൾക്കും അറിവില്ല.

മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്ന ആളല്ലെന്നും അയൽവാസികൾ പറയുന്നു. ഇദ്ദേഹം കുറച്ചുനാളുകളായി വിവാഹത്തിനു ശ്രമിച്ചിരുന്നതായും സുഹൃത്തുക്കൾ പറയുന്നു.

തികച്ചും സാധാരണ കുടുംബത്തിലെ അംഗമായ നിസാർ എന്തിനാണ് പകൽവെളിച്ചത്തിൽ എല്ലാവരേയും സാക്ഷിയാക്കി ഇങ്ങനെയൊരു ദുരന്തത്തിലേക്ക് സ്വയം കയറിച്ചെന്നതെന്ന ഉത്തരമില്ലാ ചോദ്യത്തിനുമുൻപിൽ പകച്ചുനിൽക്കുകയാണ് നാട്ടുകാരും ബന്ധുമിത്രാദികളും.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനില്‍ റെയില്‍പ്പാളത്തില്‍നിന്ന് താഴേക്കുചാടിയാണ് നിസാർ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. കെഎംആര്‍എല്‍ ഡയറക്ടറുടെ (സിസ്റ്റംസ്) നേതൃത്വത്തിലായിരിക്കും അന്വേഷണം. മലപ്പുറം തിരൂരങ്ങാടി ചുള്ളിപ്പാറ വീരാശ്ശേരി നിസാര്‍ (32) ആണ് മരിച്ചത്.

സുരക്ഷാസംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മെട്രോയ്ക്ക് ടിക്കറ്റെടുത്ത് തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള പ്ലാറ്റ്‌ഫോമില്‍ നിസാര്‍ എത്തിയത്. തുടര്‍ന്ന് റെയില്‍പ്പാളത്തിലേക്ക് ഇറങ്ങി. ഇതുകണ്ട് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ വിസില്‍ മുഴക്കുകയും യുവാവിനോട് കയറാന്‍ പറയുകയും ചെയ്തു.

യുവാവ് ഓടി ജീവനക്കാര്‍ക്ക് കയറാനുള്ള കോവണിപ്പടി ഭാഗത്തുകൂടി മുകളിലേക്ക് കയറുകയായിരുന്നുവെന്ന് മെട്രോ ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് റെയിലിന്റെ വൈദ്യുതിബന്ധം അധികൃതര്‍ വിച്ഛേദിച്ചു. പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി നിസാറിനെ അനുനയിപ്പിച്ച് താഴെ ഇറക്കാനുളള ശ്രമങ്ങള്‍ നടത്തിയെങ്കിലും യുവാവ് താഴേക്കുചാടി. മെട്രോ സ്റ്റേഷന് കുറച്ചുമാറി എസ്എന്‍ ജങ്ഷന്‍ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്ത് റോഡിലാണ് യുവാവ് വീണത്.

തൊട്ടു ചേര്‍ന്ന് ഫയര്‍ഫോഴ്‌സധികൃതര്‍ രക്ഷിക്കാന്‍ വലയുമായി നില്‍ക്കുന്നുണ്ടായിരുന്നെങ്കിലും നിസാറിനെ വലയില്‍ പിടിക്കാനായില്ല. ഏകദേശം 38 അടി ഉയരത്തില്‍നിന്നാണ് യുവാവ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തൊട്ടുസമീപമുള്ള വികെഎം ആശുപത്രിയിലെത്തിച്ചു. അവിടെ പ്രഥമശുശ്രൂഷ നല്‍കി എറണാകുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം കൊച്ചി മെട്രോ സര്‍വീസ് ഭാഗികമായി നിലച്ചു. താഴെ വാഹനഗതാഗതവും ഏറെനേരം തടസ്സപ്പെട്ടു. സംഭവത്തില്‍ കൊച്ചി മെട്രോ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എറണാകുളത്ത് ഒരു കടയില്‍ ജോലി ശരിയായിട്ടുണ്ടെന്നു പറഞ്ഞ് മൂന്നുദിവസം മുന്‍പാണ് നിസാര്‍ വീട്ടില്‍നിന്നു പോയത്. മുന്‍പ് ചില കാറ്ററിങ് സ്ഥാപനങ്ങളിലും ജ്യൂസ് കടകളിലും ഹോട്ടലുകളിലും ജോലിചെയ്തിരുന്നു. കുഞ്ഞുമൊയ്തീന്റെയും സുലൈഖയുടെയും മകനാണ് നിസാര്‍. സഹോദരങ്ങള്‍: ഫൈസല്‍, റംഷീദ്, സഫീന.

(ചിത്രത്തിൽ നിസാർ, തൃപ്പൂണിത്തുറയിൽ മെട്രോപാലത്തിൽനിന്ന് നിസാർ താഴേക്ക് ചാടുമ്പോൾ രക്ഷിക്കാനായി അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് വല പിടിച്ചു നിൽക്കുന്നു)

Share

13 thoughts on “ജോലി ശരിയായിട്ടുണ്ടെന്നുപറഞ്ഞ് രണ്ടുദിവസം മുൻപ് വീടുവിട്ടു, നിസാർ ജീവനൊടുക്കിയതിന്റെ കാരണമെന്ത്?

Comments are closed.