പ്രധാനമന്ത്രി ചൈനയിലേക്ക്, ചിന്‍പിങ്ങുമായി ചർച്ച നടത്തിയേക്കും; ഉച്ചകോടിക്ക് റഷ്യൻ പ്രതിനിധികളും

ന്യൂഡൽഹി: ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ നടക്കുന്ന ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെ ടിയാൻജിൻ സന്ദർശിക്കും.

2020ലെ ഗൽവാൻ താഴ്‌വര സംഘർഷത്തിനുശേഷം ചൈനയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്. 2019ലായിരുന്നു അവസാന സന്ദർശനം.

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുൻപ്, പ്രധാനമന്ത്രി ഓഗസ്റ്റ് 30ന് ജപ്പാൻ സന്ദർശിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്‌ക്കൊപ്പം ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈന സന്ദർശിച്ചിരുന്നു.

ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയേക്കും. കഴിഞ്ഞ വര്‍ഷം കസാനില്‍ ബ്രിക്സ് ഉച്ചകോടിക്കിടെയാണ് അവസാനമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സമാധാന ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരാന്‍ മോദിയുടെ ചൈനീസ് സന്ദര്‍ശനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഡോളർ ആധിപത്യത്തെ വെല്ലുവിളിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്‌സിഒ. ഇന്ത്യ, ചൈന രാജ്യങ്ങൾക്കു പുറമെ റഷ്യയും എസ്‌സിഒയുടെ ഭാഗമാണ്. 

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് 50 ശതമാനം താരിഫ് നടപ്പിലാക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയും എസ്‌സിഒയിൽ ചര്‍ച്ച ചെയ്തേക്കും. ഡോണൾഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള സമയത്താണ് പ്രധാനമന്ത്രി മോദിയുടെ ചൈന സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പങ്കെടുക്കുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 

Share

13 thoughts on “പ്രധാനമന്ത്രി ചൈനയിലേക്ക്, ചിന്‍പിങ്ങുമായി ചർച്ച നടത്തിയേക്കും; ഉച്ചകോടിക്ക് റഷ്യൻ പ്രതിനിധികളും

Comments are closed.

error: Content is protected !!