മരണത്തെ തോൽപിച്ച സ്നേഹത്തിന്റെ കരങ്ങൾ; ട്രെയിനിൽ ഓടിക്കയറവേ അടിതെറ്റിയയാളെ വീഴാതെ താങ്ങി സഹയാത്രികർ

കൊച്ചി: അജ്ഞാതനായ ആ വയോധികനെ റെയില്‍പ്പാളത്തില്‍ വീണ് മരിക്കാനായി വിട്ടുകൊടുത്തില്ല സഹയാത്രികര്‍. ജീവിതയാത്രയില്‍ ഒപ്പമുള്ള ഒരാളെ രക്ഷിച്ച മനസ്സുകളുടെ നന്മയാല്‍ പ്രകാശമാനമായിരുന്നു തിങ്കളാഴ്ചത്തെ പ്രഭാതം. തിരുവനന്തപുരത്തേക്ക് പുലര്‍ച്ചെയുള്ള വഞ്ചിനാട് ട്രെയിനിലെ എ.സി. കംപാര്‍ട്ട്മെന്റില്‍ തൃപ്പൂണിത്തുറ സ്റ്റേഷനിലായിരുന്നു സംഭവം.

ട്രെയിന്‍ നീങ്ങിയപ്പോള്‍ ഓടിക്കയറിയ വയോധികന് നിലതെറ്റി. വാതിലിന് അടുത്തുണ്ടായിരുന്ന ഉഷാ സുരേഷ്ബാബു എന്ന യാത്രക്കാരി വീഴാതെ പിടിച്ചു. ഒറ്റയ്ക്ക് വലിച്ചുകയറ്റാന്‍ പറ്റാതായതോടെ നിലവിളിച്ച് ശ്രദ്ധയാകര്‍ഷിച്ചു. ശബ്ദംകേട്ട് ഓടിവന്ന ഒരു യുവാവ് ഒപ്പം കൂടി വലിച്ചുകയറ്റി. ബഹളത്തിനിടെ ഓടിയെത്തിയ യാത്രക്കാരനായ മഹാരാജാസ് കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം അധ്യക്ഷന്‍ സന്തോഷ് ടി. വര്‍ഗീസ് ഓടിപ്പോയി ചങ്ങല വലിച്ചു.

ട്രെയിന്‍ നിന്നതോടെ ചെറിയ പരിക്കുകളുണ്ടായിരുന്ന ആളെ ഇറക്കി ആശുപത്രിയിലേക്ക് റെയില്‍വേ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. ടിക്കറ്റില്ലാത്തതിനാല്‍ ഇറങ്ങേണ്ടിവന്ന നാടോടിയായ മനുഷ്യനാണ് അടുത്ത കംപാര്‍ട്ട്‌മെന്റില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.

10 മിനിറ്റിനു ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു. രക്ഷിച്ച ഉഷ സുരേഷ്ബാബു ചിറയിന്‍കീഴ് ആര്‍വി ആശുപത്രിയിലെ ന്യൂട്രീഷ്യനും തൃപ്പൂണിത്തുറ സ്വദേശിനിയുമാണ്. സംഭവത്തിന് സാക്ഷിയായ വണ്ടിയിലെ യാത്രക്കാരിയായ മഹാരാജാസ് കോളേജ് മലയാള വിഭാഗം മേധാവിയായ ഡോ. സുമി ഒലിയപ്പുറം ഫെയ്സ് ബുക്കില്‍ വിവരം പങ്കുവെച്ചതോടെയാണ് വിവരം എല്ലാവരും അറിഞ്ഞത്.

Share
error: Content is protected !!