ഹജ്ജ് വിസ ഇല്ലാത്തവർക്ക് ഇന്ന് മുതൽ മക്കയിൽ പ്രവേശനവും താമസവും നിരോധിച്ചു; വിസിറ്റ് വിസയിലുള്ളവർ ഉടൻ മക്ക വിടണം
മക്ക: ഹജ്ജ് വിസകൾ ഒഴികെയുള്ള എല്ലാത്തരം വിസകളിലും ഉള്ളവർക്ക് മക്കയിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും ഇന്ന് മുതൽ കർശന നിരോധനം ഏർപ്പെടുത്തി. ഈ വർഷത്തെ ഹജ്ജിനായി ഇന്ന് മുതൽ ഹാജിമാരെത്തി തുടങ്ങിയ സാഹചര്യത്തിലാണ് നടപടി. ഹജ്ജ് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
.
പുതിയ തീരുമാനം അനുസരിച്ച്, ഹജ്ജ് വിസയുള്ളവർക്കും, ഹജ്ജ് കർമ്മങ്ങൾക്കായി എത്തുന്നവർക്കും മാത്രമായിരിക്കും ഇനി മക്കയിലേക്ക് പ്രവേശനാനുമതി. കൂടാതെ മക്ക ഇഖാമയുള്ളവർക്കും ജോലിയുടെ ഭാഗമായി പ്രത്യക അനുമതിപത്രം നേടിയവർക്കും മക്കയിലേക്ക് പ്രവേശിക്കാം. എന്നാൽ ടൂറിസ്റ്റ്, ബിസിനസ്, സന്ദർശന വിസകൾ ഉൾപ്പെടെയുള്ള മറ്റ് വിസകൾ കൈവശമുള്ളവരെ നിലവിൽ മക്കയിൽ താമസിക്കാൻ അനുവദിക്കില്ല.
.
ഉംറ വിസയിലെത്തി മടങ്ങി പോകാതെ സൗദിയിൽ തുടരുന്നവർക്ക് 50,000 റിയാൽ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇനി ഹജ്ജ് സീസൺ അവസാനിച്ചതിന് ശേഷം മാത്രമേ ഉംറ വിസ അനുവദിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.
.
പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ, ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് പരമാവധി 20,000 റിയാൽ വരെ പിഴ ചുമത്തും. ഹജ്ജ് കാലയളവിൽ മക്ക നഗരത്തിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാനോ താമസിക്കാനോ ശ്രമിക്കുന്ന എല്ലാത്തരം സന്ദർശന വിസകളിലുള്ളവർക്കും ഈ പിഴ ചുമത്തും.
.
വിസിറ്റിംഗ് വിസയിലെത്തിയവർ ഹജ്ജ് നിർവഹിക്കുകയോ, ഹജ്ജിന് ശ്രമിക്കുകയോ ചെയ്താൽ, ഇവർക്ക് വേണ്ടി വിസക്ക് അപേക്ഷിച്ച സ്പോണ്സര്ക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. ഒന്നിൽ കൂടുതൽ തീർഥാടകരുണ്ടെങ്കിൽ അവരുടെ എണ്ണമനുസരിച്ച് പിഴയും വർധിക്കും. ഹജ്ജ് കാലയളവിൽ വിസിറ്റ് വിസ ഉടമകളെ മക്ക നഗരത്തിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കൊണ്ടുപോകുകയോ കൊണ്ടുപോകാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്കും ഇതേ പിഴയാണ് ചുമത്തുക.
.
പുണ്യനഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുക, ഹജ്ജ് തീർഥാടകരുടെ സുഖവും സുരക്ഷയും ഉറപ്പാക്കുക, അവർക്ക് അവരുടെ മതപരമായ കർത്തവ്യങ്ങൾ എളുപ്പത്തിലും സുഗമമായും നിർവഹിക്കാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുക എന്നിവയാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് എല്ലാവരും നിർദ്ദിഷ്ട നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അധികാരികൾ ഓർമ്മിപ്പിച്ചു.
സുഗമവും തടസ്സമില്ലാത്തതുമായ ഹജ്ജ് സീസൺ ഉറപ്പാക്കുന്നതിന് ഈ നിയന്ത്രണം എല്ലാവരും പാലിക്കണമെന്നും, തീരുമാനം നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികളുമായി പൂർണ്ണമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഹജ്ജ് കാലയളവിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
.
കഴിഞ്ഞ വർഷത്തെ ഹജ്ജിന് അനധികൃതമായി നിരവധി സന്ദർശക വിസക്കാർ മക്കയിൽ തങ്ങിയതും ഹജ്ജിനെത്തിയതും പലതരം പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇത്തവണ കർശന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തും. സന്ദർശന വിസയിലുള്ള ആരും ഇന്ന് മുതൽ മക്കയിൽ താമസിക്കാൻ പാടില്ല. പിടിക്കപ്പെട്ടാൽ ശക്തമായ ശിക്ഷാ നടപടികളുണ്ടാകും. മക്കയിൽ ഇഖാമയുള്ളവരുടെ കുടുംബങ്ങൾ സന്ദർശന വിസയിൽ കഴിയുന്നുണ്ടെങ്കിൽ ഇന്ന് മുതൽ അവർ മക്കക്ക് പുറത്ത് താമസിക്കേണ്ടതാണ്.
.
സന്ദർശന വിസകൾ ഓൺലൈനായി പുതുക്കുന്നതിനുള്ള സൗകര്യവും ഇന്ന് മുതൽ താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ ഫാമിലി, സിംഗിൾ, മൾട്ടി എൻട്രി തുടങ്ങിയ എല്ലാത്തരം സന്ദർശക വിസകളും ഓൺലൈൻ വഴി പുതുക്കുന്നതാണ് മരവിപ്പിച്ചിരിക്കുന്നത്. നിലവിൽ സൗദി അറേബ്യയിൽ സന്ദർശന വിസയിൽ കഴിയുന്നവർ വിസ കാലാവധി അവസാനിക്കാറായവരുണ്ടെങ്കിൽ, അവർ ഉടൻ തന്നെ രാജ്യം വിടേണ്ടതാണ്. അല്ലാത്തപക്ഷം, നിയമലംഘനത്തിന് കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക