ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ കേസ്; ഒന്നാംപ്രതി നാരായണദാസ് പിടിയില്‍
തൃശൂർ: ബ്യൂട്ടി പാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ മുഖ്യപ്രതി ഒടുവിൽ പിടിയിലായി. തൃപ്പൂണിത്തുറ എരൂർ സ്വദേശി നാരായണദാസ് ആണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽനിന്നാണ് ഇയാളെ പിടികൂടിയത്. കൊടുങ്ങല്ലൂര്‍ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാത്രിതന്നെ ഇയാളെ കൊടുങ്ങല്ലൂര്‍ എത്തിക്കും എന്നാണ് വിവരം. കേസിലെ ഒന്നാംപ്രതിയാണ് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ്.
ചാലക്കുടി നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുകയായിരുന്ന ഷീല സണ്ണിയുടെ ഇരുചക്ര വാഹനത്തിൽനിന്ന് ലഹരി സ്റ്റാമ്പ് കണ്ടെത്തിയെന്നാരോപിച്ച് 2023 ഫെബ്രുവരി 27നാണ് ഇവരെ ജയിലിലടച്ചത്. 72 ദിവസം ജയിലിൽ കഴിഞ്ഞശേഷം കേസ് വ്യാജമെന്ന് കണ്ടെത്തി. അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഷീലാ സണ്ണിയുടെ ഇരുചക്ര വാഹനവും ബാഗും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ എല്‍എസ്ഡി സ്റ്റാമ്പിന് സമാനമായ വസ്തുക്കള്‍ കണ്ടെടുത്തു. ഇത് ലഹരി മരുന്നാണെന്ന് ആരോപിച്ചായിരുന്നു എക്സൈസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതും തുടർന്ന് ജയിലിലടച്ചതും.
.
അറസ്റ്റിലായ ഷീല 72 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. രാസപരിശോധനയില്‍ സ്റ്റാമ്പില്‍ മയക്കുമരുന്നിന്റെ സാന്നിധ്യമില്ലെന്ന കണ്ടെത്തലിന് പിന്നാലെ ഇവര്‍ കുറ്റവിമുക്തയായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷീലയെ നാരായണദാസ് ചതിയില്‍ പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് ഇയാളെയും കേസില്‍ പ്രതിയാക്കിയത്.
.
തുടർന്ന് നാരായണദാസ് മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളി. കോടതി നിർദേശിച്ച സമയപരിധി കഴിഞ്ഞിട്ടും ഇയാൾ ഹാജരായിരുന്നില്ല. പിന്നാലെ ഷീല കേസുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍, എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാര്‍ച്ച് ഏഴാംതീയതിയാണ് എസിപി വി.കെ. രാജുവിന്റെ നേത്വത്തിൽ കേരള പോലീസ് ഈ കേസില്‍ അന്വേഷണം ആരംഭിച്ചത്.
.
കള്ളക്കേസിൽ കുടുക്കിയതിന് നഷ്ടപരിഹാരം നൽകണമെന്നും കേസിൽ എക്സൈസിനും പങ്കുണ്ടെന്നുമാണ് ഷീല പരാതിയിൽ ആരോപിക്കുന്നത്. 72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഷീല.
കേസ് വ്യാജമാണെന്ന് കണ്ടതോടെ ഷീല സണ്ണി ജയിലിൽനിന്ന് പുറത്തിറങ്ങിയെങ്കിലും ഉപജീവനമാർഗമായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ അടച്ചുപൂട്ടേണ്ടിവന്നിരുന്നു. സുമനസ്സുകളുടെ സഹായത്തോടെ പുതിയ പാർലർ ആരംഭിച്ചെങ്കിലും മറ്റുള്ളവർ സംശയദൃഷ്ടിയോടെ കണ്ടതിനാൽ അതും അടച്ചുപൂട്ടേണ്ടിവന്നു. ഇതോടെ ജീവിതമാർഗം പൂർണായും വഴിമുട്ടി. തുടർന്ന് നാടുവിട്ട ഷീല ഇപ്പോൾ ചെന്നൈയിൽ ഡേ കെയറിൽ ആയയായി ജോലി നോക്കുകയാണ്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക