‘അമ്മാ,ലെറ്റ്സ് മൂവ്’; ‌ഇരട്ടക്കുട്ടികളുമായി കുതിരയുടെ കാൽപ്പാട് നോക്കി ഓടിയത് 5 കി.മീ,‘കേബിൾ കട്ട് ചെയ്യണം,അമ്മ ഒന്നുമറിയരുത്’

കൊച്ചി: ഏതു മനുഷ്യനും പകച്ചു പോകുന്ന സമയമായിരുന്നു അത്. എന്നാൽ നിസ്സഹായതയും വേദനയും ഉള്ളിലൊതുക്കി തന്റെ 6 വയസ്സുകാരായ ഇരട്ടക്കുട്ടികളുമായി ആരതി താഴേക്ക് ഓടിയിറങ്ങിയത് 5 കിലോമീറ്ററാണ്. പിന്നിൽ അച്ഛൻ എൻ.രാമചന്ദ്രൻ വെടിയേറ്റു മരിച്ചിരിക്കുന്നു എന്ന യാഥാർഥ്യം, തങ്ങൾ തിരിച്ചുവരുന്നതു കാത്തിരിക്കുന്നതു മുൻപ് ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയയായിട്ടുള്ള അമ്മ. അച്ഛന്റെ ഭൗതികദേഹം വീട്ടിലെത്തിക്കണം എന്നതിനു പുറമെ അമ്മയെയും തന്റെ കുഞ്ഞുമക്കളെയും അടക്കം സുരക്ഷിതരായി വീട്ടിലെത്തിക്കണം എന്നതായിരുന്നു ആരതിക്ക് മുന്നിലുള്ള വെല്ലുവിളി. അല്ലെങ്കിലും തന്റെ തൊട്ടടുത്ത് അച്ഛൻ വെടിയേറ്റ് ജീവൻ വെടിയുന്നത് കണ്ട് നിമിഷങ്ങൾക്കുള്ളിൽ മക്കളുമായി ഓടാൻ ഒരുങ്ങിയപ്പോഴേ ആരതി കാര്യങ്ങൾ മനസിൽ തീരുമാനിച്ചിരുന്നു.
.
കല്ലും ചെളിയും നിറഞ്ഞ, കുതിരകൾക്ക് പോലും നടക്കാൻ ബുദ്ധിമുട്ടുള്ള, ഇടതൂർന്ന് പൈൻമരങ്ങൾ നിൽക്കുന്നതാണ് പഹൽഗാമിൽ നിന്ന് ബൈസരൺവാലിയിലേക്കുള്ള വഴി. മുകളിലെത്തിയാൽ ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന പുൽമൈതാനം. കുതിരപ്പുറത്ത് ആണെങ്കിൽ പോലും മുക്കാൽ മണിക്കൂറോളം സമയമെടുക്കും ഒരു ഭാഗത്തേക്ക് സഞ്ചരിക്കണമെങ്കിൽ. പുൽമൈതാനത്ത് വിനോദ സഞ്ചാരികൾക്ക് ചെയ്യാൻ പറ്റുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അതൊക്കെ ചെയ്ത് ഫോട്ടോ എടുക്കുക എന്നതായിരുന്നു രാമചന്ദ്രന്റെയും കുടുംബത്തിന്റെയും ലക്ഷ്യം. കാലിന് ബുദ്ധിമുട്ടുള്ളതിനാൽ ഭാര്യ ഷീല അവർക്കൊപ്പം പോയില്ല. പുൽമൈതാനിയിലേക്കുള്ള കവാടം കടന്നു വൈകാതെ തന്നെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.
.
സംഭവിക്കുന്നത് എന്ത് എന്ന് മനസിലാക്കാൻ കൂടി കഴിയാത്ത വേഗത്തിലായിരുന്നു ആരതിക്ക് അച്ഛനെ നഷ്ടപ്പെട്ടത്. ആ ശരീരത്തിൽ കെട്ടിപ്പിടിച്ച് കരയുമ്പോൾ ‘അമ്മാ, ലെറ്റ്സ് മൂവ്’ എന്ന കുട്ടികളുടെ നിലവിളിയാണ് ആരതിയെ ഉണർത്തിയത്. പിന്നീട് കുട്ടികളേയും വാരിയെടുത്ത് താഴേക്ക് കുതിക്കുകയായിരുന്നു. വഴിയറിയില്ല. കുതിരകൾ നടന്നിരുന്നതിന്റെ അടയാളം നോക്കിയായിരുന്നു നടപ്പ്. ഇതിനിടെ ആരതിക്കും കുട്ടികൾക്കും ചെരിപ്പുകളും നഷ്ടപ്പെട്ടിരുന്നു. അര മണിക്കൂറോളം ദുര്‍ഘടമായ വഴിയിലൂടെ അതിവേഗം താഴേക്ക് ഓടിയിറങ്ങിക്കഴിഞ്ഞപ്പോഴാണ് ഫോണിന് റേഞ്ച് കിട്ടിയത്. ഡ്രൈവറെ വിളിച്ച് വിവരം പറഞ്ഞു. ഒടുവിൽ താഴെയെത്തി. അവിടെയുള്ള ഒരു ഹോട്ടലിന്റെ ലോബിയിലാണ് അവരെ ഇരുത്തിയത്.
.
അമ്മയോട് എങ്ങനെ കാര്യങ്ങൾ പറയും എന്നതായിരുന്നു അടുത്ത ആശങ്ക. ഒടുവിൽ ആക്രമണം ഉണ്ടായെന്നും അച്ഛന് പരുക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമുള്ള കാര്യങ്ങൾ അമ്മയെ ധരിപ്പിച്ചു. ഭീകരർ എത്ര പേരുണ്ടായിരുന്നു തുടങ്ങി സുരക്ഷാ ഏജൻസികളുടെ ചോദ്യങ്ങൾക്കും ഇതിനിടെ മറുപടി നൽകണമായിരുന്നു. അതിനിടയിൽ ഒരു കാര്യം ആരതി അതിവേഗം ചെയ്തു. ഹോട്ടൽ മുറിയിലെ ടി.വിയുടെ കേബിൾ കണക്ഷൻ കട്ട് ചെയ്യിച്ചു, അമ്മ വാർത്തകൾ കാണാതിരിക്കാൻ. ആരതിക്ക് ഇതിനിടെ മുസാഫിർ, സമീർ എന്നീ 2 ഡ്രൈവർമാരുടെ സഹായം കിട്ടി. മോർച്ചറിയിൽ പോകാനും മൃതദേഹം തിരിച്ചറിയുമാനുമൊക്കെ ഒരു സഹോദരിയോടെന്ന പോലെ തന്നെ സഹായിച്ചത് ഇവരാണെന്നാണ് ആരതി പറഞ്ഞത്.
.
മോർച്ചറിയുടെ വെളിയിൽ വെളുപ്പിനെ 3 മണി വരെയാണ് ആരതി നിന്നത്. അപ്പോഴും അച്ഛൻ മരിച്ച കാര്യം അമ്മയെ അറിയിച്ചിട്ടില്ല. വെളുപ്പിനെ വീണ്ടും ആശുപത്രിയിലേക്ക്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങളെല്ലാം പൂർത്തിയാക്കുന്നു. അച്ഛനേയും തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോകുന്നു എന്നാണ് അമ്മയോട് പറഞ്ഞത്. വിമാനത്താവളത്തിൽ എത്തിയപ്പോൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുണ്ട്. എന്നാൽ സാധാരണ യാത്രക്കാർ ഇരിക്കുന്നിടത്ത് അമ്മയ്ക്കൊത്ത് ഇരിക്കാനാണ് ആരതി തീരുമാനിച്ചത്. ഒരു കാര്യം കൂടി ചെയ്തു, അമ്മ ഇരിക്കുന്നിടത്തുള്ള ടിവിയും വിമാനത്താവള അധികൃതരോട് പറഞ്ഞ് ഓഫ് ചെയ്യിച്ചു. ഒടുവിൽ കൊച്ചിയിൽ വിമാനമിറങ്ങിക്കഴിഞ്ഞപ്പോൾ മാത്രമാണ് ആരതിയും അവിടെ കാത്തിരുന്ന സഹോദരൻ അരവിന്ദും ചേർന്ന് അമ്മയോട് അച്ഛന്റെ വിയോഗവാർത്ത അറിയിക്കുന്നത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!