വിസ കാലാവധിക്കുള്ളിൽ സൗദിയിൽ നിന്ന് മടങ്ങാത്തവർക്ക് മുന്നറിയിപ്പ്; 50,000 റിയാൽ വരെ പിഴയും ആറ് മാസം തടവും നാടുകടത്തലും ശിക്ഷ ലഭിക്കും
റിയാദ്: സൗദി അറേബ്യയിൽ എൻട്രി വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് 50,000 റിയാൽ വരെ പിഴയോ ആറ് മാസം വരെ തടവോ ശിക്ഷ ലഭിക്കും. കൂടാതെ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ നിലവിലുള്ള ഹജ്ജ്, ഉംറ നിയമങ്ങളും നിർദ്ദേശങ്ങളും എല്ലാവരും കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു. ഹജ്ജ് വിസ ഒഴികെയുള്ള മറ്റ് വിസകളിൽ എത്തുന്നവർക്ക് ഹജ്ജ് കർമ്മം നിർവഹിക്കാൻ അനുവാദമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർക്ക് 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് 999 എന്ന നമ്പറിലും അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
കൂടാതെ, തീർത്ഥാടകരുടെ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവരെ കുറിച്ച് അധികൃതരെ അറിയിക്കാതിരിക്കുന്ന ഹജ്ജ്, ഉംറ സേവന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും 100,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.