റിയാദിൽ 116 കോടി രൂപയുടെ തട്ടിപ്പ് കേസിൽ കുടുങ്ങിയ ഇന്ത്യക്കാരന് മോചനം; അറസ്റ്റിലായത് 42 വർഷത്തെ പ്രവാസത്തിന് ശേഷം വീണ്ടും സൗദിയിലെത്തിയപ്പോൾ
റിയാദ്: 116 കോടി രൂപ തട്ടിച്ചുവെന്ന സ്പോൺസറുടെ മകന്റെ പരാതിയിൽ ജയിൽ വാസം അനുഭവിക്കേണ്ടി വന്ന ഇന്ത്യൻ പ്രവാസിക്ക് ഒടുവിൽ സൗദി ജയിലിൽനിന്ന് മോചനം. 116 കോടി രൂപ (51 മില്യൻ സൗദി റിയാൽ)യുടെ ഇടപാടിലാണ് ഹൈദരാബാദ് സ്വദേശിക്ക് റിയാദ് ജയിലിൽ അഞ്ചു മാസത്തോളം തടവിൽ കഴിയേണ്ടി വന്നത്. വർഷങ്ങൾക്ക് മുൻപ് സൗദിയിൽനിന്ന് ജോലി മതിയാക്കി നാട്ടിലെത്തിയ ശേഷം വീണ്ടും സൗദിയിൽ സന്ദർശക വിസയിൽ എത്തിയ ലിയാഖത്തിലിയെ പൊലീസ് പിടികൂടുകയായിരുന്നു.
.
നേരത്തെ ലിയാഖത്തിലിക്ക് ജോലി നൽകിയ സ്പോൺസറുടെ മകനാണ് പരാതി നൽകിയത്. ചാരിറ്റി പ്രവർത്തനത്തിനായി സ്പോൺസർ അനുവദിച്ചിരുന്ന തുക പിൻവലിക്കാൻ ബാങ്കിലേക്ക് പോയിരുന്നത് ലിയാഖത്തിലിയായിരുന്നു. പലപ്പോഴായി പിൻവലിച്ച തുകയുടെ വിവരങ്ങൾ സഹിതമാണ് സ്പോൺസറുടെ മകൻ പരാതി നൽകിയത്. ഇതിനിടെ സൗദിയിൽ ഭാര്യക്കൊപ്പം എത്തിയ ലിയാഖത്തലിയെ പൊലീസ് പിടികൂടി.
.
ഭാര്യ പിന്നീട് നാട്ടിലേക്ക് തിരിച്ചുപോകുകയും അവിടെ മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജയിൽ മോചിതനായ ശേഷമാണ് ഭാര്യ മരിച്ച വിവരം ലിയാഖത്തലിയെ അറിയിച്ചത്. കാൻസർ രോഗിയായ ലിയാഖത്തലിക്കുള്ള മരുന്നുകൾ സന്നദ്ധ പ്രവർത്തകർ ജയിലിൽ എത്തിച്ചിരുന്നു. 42 വര്‍ഷത്തോളം റിയാദിലെ പ്രമുഖ ബിസിനസുകാരന്റെ സഹായി ആയിരുന്നു ലിയാഖത്തലി.
അഞ്ചു വർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. ഇതിനിടെ സ്പോൺസർ മരിക്കുകയും ചെയ്തു. പിതാവിന്റെ അക്കൗണ്ട് പരിശോധിച്ച മകനാണ് പിന്നീട് പരാതി നൽകിയത്. റിയാദിൽ മരുമകന്റെ അടുത്തേക്ക് എത്തിയ ലിയാഖത്തലിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി കോടതിയിൽ ഹാജാക്കുകയായിരുന്നു.
.
ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് സ്‌പോണ്‍സര്‍ നൽകിയ ക്ലിയറന്‍സ് പേപ്പറും മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജറാക്കിയതോടെയാണ് ഇദ്ദേഹത്തിന് നാട്ടിലേക്ക് പോകാൻ വഴി തെളിഞ്ഞത്. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ ആണ് ഇദ്ദേഹത്തിന്റെ കേസില്‍ ഇടപെട്ടിരുന്നത്. അഭിഭാഷകരായ റനാ അല്‍ ദഹ്ബാന്‍, ഉസാമ അല്‍അമ്പര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.