പെൺകുട്ടികളുടെ ഹീറോ, ‘പ്രിയപ്പെട്ട അച്‌ഛൻ’; മകളെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ കൊലപ്പെടുത്തിയ ശങ്കരനാരായണൻ അന്തരിച്ചു
മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായിരുന്ന മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണൻ (75) അന്തരിച്ചു. തിങ്കൾ രാത്രിയോടെ ആയിരുന്നു അന്ത്യം. 2001 ഫെബ്രുവരി 9ന് സ്‌കൂള്‍ വിട്ടുവരുന്ന വഴിയാണ് ശങ്കരനാരായണന്റെ മകൾ കൃഷ്ണപ്രിയയെ (13) അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്.
‘പ്രിയപ്പെട്ട അച്‌ഛന്’ എന്നായിരുന്നു ആ കത്തുകളിൽ മിക്കതും തുടങ്ങിയിരുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശങ്കരനാരായണനെത്തേടിയെത്തിയ ആ കത്തുകളിലേറെയും പെൺകുട്ടികളുടേതായിരുന്നു; അയാൾ ഒരിക്കൽപോലും നേരിട്ടു കണ്ടിട്ടില്ലാത്തവരുടേത്. എന്നിട്ടും അവർക്ക് അയാൾ അച്ഛൻ എന്ന വാക്കിന്റെ അർഥപൂർണമായ പര്യായമായി. ഒരുപാടു പേർ അയാളെ ഹീറോ എന്നു വിളിച്ചു; കുഞ്ഞുമകളുടെ ക്രൂരമരണത്തിനു പ്രതികാരം ചെയ്ത പിതാവ്. പക്ഷേ തിങ്കളാഴ്ച വൈകിട്ട്, എന്നെന്നേക്കുമായി മിടിപ്പു നിലയ്ക്കും വരെ ശങ്കരനാരായണന്റെ ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായിരുന്നു കൃഷ്ണപ്രിയ എന്ന മകൾ. അവളെയോർത്ത് അവസാന ശ്വാസം വരെ നീറിനീറി ജീവിച്ച അച്ഛനായിരുന്നു അയാൾ. എല്ലാ വിശേഷണപദങ്ങൾക്കുമപ്പുറം, കുഞ്ഞുമകൾ പ്രാണനായിരുന്ന പാവമൊരച്ഛൻ.
.
മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും രണ്ട് ആൺമക്കള്‍ക്കു ശേഷമാണ് കൃഷ്ണപ്രിയ ജനിച്ചത്. അച്ഛനുമമ്മയും ഏട്ടന്മാരും ലാളിച്ചുവളർത്തിയ കുഞ്ഞ്. 2001 ഫെബ്രുവരി ഒൻപതിന് അവളെ കാണാതായി. ചാരങ്കാവ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്ന കൃഷ്‌ണപ്രിയ നാലു മണിക്കു സ്‌കൂൾ വിട്ടു വീട്ടിലേക്കു മടങ്ങിയിരുന്നു. സ്കൂളിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിൽ അഞ്ചരയായിട്ടും കുട്ടി എത്താതിരുന്നതോടെ അന്വേഷണം തുടങ്ങി. രാത്രി ഒൻപതു മണിയോടെയാണ് വഴിയിൽനിന്നു മാറി ഒരു പൊന്തക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. യൂണിഫോമിന്റെ ഭാഗമായ ജാക്കറ്റ് കൊണ്ട് കഴുത്തിൽ മുറുക്കിയായിരുന്നു കൊലപാതകം. ഉപദ്രവിക്കപ്പെട്ടതിന്റെ അടയാളങ്ങൾ ശരീരത്തിലുണ്ടായിരുന്നു. ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. പരിശോധനയിൽ പീഡനം സ്ഥിരീകരിക്കപ്പെട്ടു. 13 വയസ്സുള്ള പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട വാർത്ത കേട്ട് കേരളം നടുങ്ങി. പൊലീസ് നടത്തിയ അന്വേഷണത്തിൽ, നാട്ടുകാരനായ ചാരങ്കാവ് ചെറുവണ്ണൂരിൽ മുഹമ്മദ് കോയ (24) പിടിയിലായി. സ്ത്രീകളെ ഉപദ്രവിച്ചതും മോഷണവുമടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു അയാൾ.
.
2002 ജൂലൈയിൽ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയയെ ഏതാനും ദിവസങ്ങൾക്കു ശേഷം കാണാതായി. അയാൾ കൊല്ലപ്പെട്ടുവെന്നു വാർത്ത പരന്നു. അയാളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ശങ്കരനാരായണന്റെ വീട്ടുമുറ്റത്തെ കിണറ്റിൽനിന്ന് കോയയുടെ മൃതദേഹം കണ്ടെത്തി. ശങ്കരനാരായണന്റെ രണ്ടു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു; പിന്നാലെ ശങ്കരനാരായണൻ പൊലീസിൽ കീഴടങ്ങി.
.
ശങ്കരനാരായണൻ സുഹൃത്തുക്കളായ അനിമോനും മാഞ്ചേരിയൻ ശങ്കരനാരായണനുമായി ചേർന്ന് ആസൂത്രിതമായി കോയയെ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കേസ്. പൊലീസ് പറഞ്ഞത്: അനിമോനും മാഞ്ചേരിയൻ ശങ്കരനാരായണനും മുഹമ്മദ് കോയയെ ചാരായം കുടിക്കാൻ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോകുന്നു. സ്ഥലത്തെ വിഷ്‌ണുക്ഷേത്രത്തിനടുത്തുള്ള പാറയിലിരുത്തി ചാരായം കഴിപ്പിക്കുന്നു. മയങ്ങിയ കോയയെ കൃഷ്‌ണപ്രിയയുടെ പിതാവും ഒന്നാം പ്രതിയുമായ ശങ്കരനാരായണൻ ഒറ്റക്കുഴൽ തോക്കുകൊണ്ട് നെഞ്ചിൽ വെടിവച്ചു കൊല്ലുന്നു. പിന്നീട് പ്രതികളെല്ലാവരുംകൂടി മൃതദേഹം കൊണ്ടുപോകാൻ ജീപ്പന്വേഷിച്ചെങ്കിലും സംഭവമറിഞ്ഞ ജീപ്പ് ഡ്രൈവറും ഓട്ടോ ഡ്രൈവറും വിസമ്മതിച്ചതിനാൽ കിണറ്റിൽ കുഴിച്ചിടാൻ തീരുമാനിക്കുന്നു. ഉലക്കയിൽ മൃതദേഹം കെട്ടിവരിഞ്ഞ് ഒന്നാം പ്രതിയുടെ വീട്ടുവളപ്പിലെ പൊട്ടക്കിണറ്റിൽ കുഴിച്ചിടുന്നു. ചാണകവെള്ളം ഉപയോഗിച്ച് ചോരപ്പാടുകൾ മായ്‌ക്കുന്നു.
.
സംഭവം വാർത്തയായതോടെ ശങ്കരനാരായണന് പിന്തുണയേറി. അയാൾ ചെയ്തത് നിയമത്തിനു മുന്നിൽ കുറ്റകൃത്യമാണെങ്കിലും മനഃസാക്ഷിക്കു മുന്നിൽ നീതീകരിക്കപ്പെടുമെന്നു പറഞ്ഞവരിൽ സമൂഹത്തിന്റെ പല തുറകളിലുമുള്ളവരുണ്ടായിരുന്നു. എങ്കിലും, നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു പറഞ്ഞ് മഞ്ചേരി സെഷൻസ് കോടതി മൂന്നു പ്രതികകൾക്കും ജീവപര്യന്തം കഠിന തടവു വിധിച്ചു. ആ വിധി കേട്ടപ്പോൾ ശങ്കരനാരായണൻ ചിരിച്ചു; മകൾ മരിച്ച ശേഷം ആ അച്ഛന്റെ മുഖത്തു തെളിഞ്ഞ ആദ്യത്തെ ചിരി.
.
2006 മേയിൽ, തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ശങ്കരനാരായണനെ വെറുതെ വിട്ടു. ക്രിമിനലായിരുന്ന മുഹമ്മദ് കോയയ്ക്ക് മറ്റു ശത്രുക്കളുണ്ടാവില്ലേ എന്നും അവരായിക്കൂടേ അയാളെ കൊന്നത് എന്നും ചോദിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. (കടപ്പാട്: മനോരമ)
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.