10 വര്‍ഷത്തിനിടെ 2 കേസില്‍മാത്രം ശിക്ഷ; കൗതുകമുണര്‍ത്തി ED വിഷയത്തില്‍ കേന്ദ്രത്തിൻ്റെ കണക്കുകള്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന അന്വേഷണ ഏജന്‍സികളിലൊന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പലപ്പോഴും ഇ.ഡി. നടപടികള്‍ വലിയ രാഷ്ട്രീയ കോലിളക്കങ്ങളും വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുള്ള ആയുധമായി ഇ.ഡിയെ ഉപയോഗിക്കുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന ആരോപണം. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൗതുകമുണര്‍ത്തുന്നതാണ്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 193 കേസുകളാണ് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇ.ഡി.രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ രണ്ടു കേസുകളില്‍ മാത്രമാണ് കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപിയുണ്ടായിട്ടുള്ളൂ. സിപിഎം രാജ്യസഭാ എംപി എ.എ.റഹീമിന്റെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പങ്കുവെച്ചത്. തദ്ദേശ സ്ഥാപനങ്ങളിലടക്കമുള്ള ജനപ്രതിനിധികളായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ഇ.ഡി.നടപടികളുടെ വിശദാംശങ്ങളാണ് റഹീം ചോദിച്ചതും മന്ത്രി മറുപടി നല്‍കിയതും.

193 കേസുകളില്‍ 71 ശതമാനവും 138 കേസുകളും 2019ല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എടുത്തതാണ്. അതായത് അഞ്ചുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തതാണ്. ഇ.ഡി.കേസുകളില്‍ ശിക്ഷിക്കപ്പെട്ട രണ്ട് രാഷ്ട്രീയ നേതാക്കളും ഝാര്‍ഖണ്ഡില്‍നിന്നുള്ളവരാണ്. മുന്‍ മന്ത്രിമാരായ ഹരിനാരായണനും അനോഷ് എക്കയുമാണ് ശിക്ഷിക്കപ്പെട്ടത്. ഏഴു വര്‍ഷം തടവും പിഴയുമാണ് ഇരുവര്‍ക്കും ലഭിച്ചത്.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ഇ.ഡി. കേസുകളില്‍ സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ എന്നും ഇതിന്റെ കാരണമെന്താണെന്നും റഹീം ചോദിച്ചിരുന്നു. അത്തരത്തിലുള്ള വിവരങ്ങളില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇ.ഡി.കേസുകളില്‍ ശിക്ഷാനിരക്ക് കുറവാണെന്ന് സുപ്രീംകോടതി നേരത്തെ പലതവണ അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍, തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ത്ഥ ചാറ്റര്‍ജിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു. ‘നിങ്ങളുടെ ശിക്ഷാ നിരക്ക് എത്രയാണ്? നിരക്ക് 60-70 ശതമാനമാണെങ്കില്‍ പോലും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. പക്ഷേ നിങ്ങളുടെ കണക്ക് വളരെ മോശമാണ്. ഒരു പ്രതിയെ എത്രകാലം വിചാരണയ്ക്ക് വിധേയമാക്കാന്‍ കഴിയും’.
.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇഡി ഫയല്‍ ചെയ്ത 5,000 കേസുകളില്‍ 40 എണ്ണത്തില്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്ന് നേരത്തെ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രോസിക്യൂഷന്‍ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മെച്ചപ്പെടുത്തല്‍ നടത്തണമെന്നും കോടതി നിര്‍ദേശിക്കുകയുണ്ടായി.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!