കേട്ടത് ഒരിക്കലും കേൾക്കരുതെന്ന് ആഗ്രഹിച്ച വാർത്ത; 15-കാരിയുടെയും യുവാവിൻ്റെയും മൃതദേഹത്തിന് 3 ആഴ്ച പഴക്കം, പൊലീസിനെ രൂക്ഷമായി വിമർശിച്ച് കോടതി
കാസര്‍കോട്: ഒരിക്കലും കേൾക്കരുതെന്ന് ആഗ്രഹിച്ച വാർത്തയാണ് നാട് ഇന്നലെ കേട്ടത്. ഒട്ടേറെ ദിനരാത്രങ്ങൾ പൊലീസിനൊപ്പം തങ്ങളോരോരുത്തരും തിരഞ്ഞ 15 വയസ്സുകാരിയെയും യുവാവിനെയും 26ാം നാൾ കണ്ടെത്തുമ്പോൾ അവർക്ക് ജീവനുണ്ടാകില്ലെന്ന് നാട്ടുകാരാരും കരുതിയിരുന്നില്ല. ഇരുകുടുംബങ്ങളുടെയും വേദനയിൽ നിശ്ശബ്ദമായി കരയുകയാണ് പൈവളിഗെ ഗ്രാമം.
എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നതിന് തൊട്ടുമുൻപായാണ് വീട്ടിൽനിന്ന് പെൺകുട്ടിയെ രാത്രി കാണാതാകുന്നത്. ടാക്സി ഡ്രൈവർ പ്രദീപിനെയും ഇതോടൊപ്പം കാണാതായതോടെ നാട്ടുകാരും പൊലീസും തിരച്ചിൽ ആരംഭിച്ചു. പരാതി ലഭിച്ച അതേ ദിവസം തന്നെ വൈകിട്ട് മൂന്നോടെ പൊലീസ് കേസെടുത്തിരുന്നു. ഇരുവരുടെയും ഫോണുകളിലേക്കു വിളിച്ചപ്പോൾ ആദ്യം റിങ് ചെയ്തെങ്കിലും പിന്നീട് ഓഫാവുകയായിരുന്നു. ബാറ്ററി ചാർജ് തീർന്നതിനുശേഷം ഫോൺ ഓഫ് ആയതായിരിക്കാമെന്നാണു പൊലീസ് കരുതുന്നത്.
.
വീടിനു സമീപത്തായിത്തന്നെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കാണിച്ചിരുന്നു. ഈ പ്രദേശത്തിന്റെ ഒരു ഭാഗം പുഴയോരവും മറു ഭാഗങ്ങൾ ആളൊഴിഞ്ഞ കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശവുമായിരുന്നു. കാസർകോട് ഡിവൈഎസ്പി സി.കെ.സുനിൽകുമാർ, കുമ്പള ഇൻസ്പെക്ടർ പി.കെ.വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സ്റ്റേഷനുകളിലെ എസ്ഐമാർ, വനിതകൾ ഉൾപ്പെടെയുള്ള പൊലീസുകാരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് ഇന്നലെ രാവിലെ ഒൻപതോടെ തുടങ്ങിയ തിരച്ചിൽ 11ന് ആണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍ (മമ്മിഫൈഡ്)ആയിരുന്നു.
മൃതശരീരങ്ങൾക്ക് ആഴ്ചകളുടെ പഴക്കമുണ്ടെന്നും വീട്ടിൽ നിന്നിറങ്ങുമ്പോൾ ധരിച്ച വസ്ത്രമാണു മൃതദേഹത്തിൽ ഉണ്ടായതെന്നും ആത്മഹത്യയായിരിക്കാമെന്നാണു പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞിരുന്നു. മകളെ കണ്ടെത്താൻ ആവശ്യമായ അന്വേഷണം ഊർജിതമാക്കണമെന്നു ആവശ്യപ്പെട്ട് മാതാവ് ജില്ലാ പൊലീസ് മേധാവിക്കു പരാതിയും ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും നൽകിയിരുന്നു. ഈ വിഷയം നിയമസഭയിൽ ഉന്നയിക്കാൻ എ.കെ.എം.അഷ്റഫ് എംഎൽഎ തീരുമാനിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ അലംഭാവമുണ്ടായതായി എംഎൽഎ ആരോപിച്ചു.
.
അതിനിടെ ഇരുവരുടേയും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ആത്മഹത്യതന്നെയാണ് മരണകാരണമെന്നും മൃതദേഹങ്ങള്‍ക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
.
സംഭവത്തിൽ പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുയർത്തി. സംഭവത്തിൽ പൊലീസിനോട് ഹൈക്കോടതി വിശദീകരണവും തേടി. പെൺകുട്ടിയുടെ മാതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. കാണാതായി ആഴ്ചകൾ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി ചോദിച്ചു. ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെയാകുമോ പ്രവർത്തിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു. നിയമത്തിനുമുന്നിൽ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറിയുമായി നാളെ കോടതിയിൽ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശിച്ചു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.