ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സഹോദരിമാരോടു പറഞ്ഞു: ‘പെട്ടെന്നു വരണം, അച്ഛനു സുഖമില്ല’ , ശേഷം ഭർത്താവ് സ്വയം വെടിയുതിർത്തു മരിച്ചു
പാലക്കാട്: കോയമ്പത്തൂരിൽ വീട്ടമ്മ വെടിയേറ്റു മരിച്ചതിനു പിന്നാലെ ഭർത്താവിനെ മംഗലംഡാം വണ്ടാഴിയിലെ വീട്ടിൽ സ്വയം വെടിയുതിർത്തു മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പ് എ.കെ.സുന്ദരന്റെ മകൻ കൃഷ്ണകുമാർ (52), ഭാര്യ കോയമ്പത്തൂർ പട്ടണപുതൂർ ഹരിദാസിന്റെ മകൾ സംഗീത (47) എന്നിവരാണു മരിച്ചത്. ദമ്പതികൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.
.
കൃഷ്ണകുമാർ കുടുംബസമേതം കോയമ്പത്തൂരിലായിരുന്നു താമസം. കഴിഞ്ഞദിവസം വണ്ടാഴിയിലെ വീട്ടിലെത്തിയ അദ്ദേഹം തിങ്കൾ പുലർച്ചെ മക്കളുടെ പാസ്പോർട്ട് ശരിയാക്കാനുണ്ടെന്നു പറഞ്ഞു കോയമ്പത്തൂരിലേക്കു പോയി. പ്ലസ്വണ്ണിലും എട്ടാം ക്ലാസിലും പഠിക്കുന്ന മക്കൾ രാവിലെ 7 മണിക്കു ട്യൂഷൻ സെന്ററിലേക്കു പോയെന്ന് ഉറപ്പാക്കിയ ശേഷം സൂലൂർ പട്ടണം പുതൂർ ലക്ഷ്മി ഗാർഡനിലെ വീട്ടിലെത്തി സംഗീതയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടർന്ന് ഇക്കാര്യം അറിയിച്ചു ലക്ഷ്മിഗാർഡനിലെ വാട്സാപ് ഗ്രൂപ്പിൽ സന്ദേശം അയച്ചു.
.
അടുത്ത സൃഹൃത്തുക്കളെ വിളിച്ച്, ഭാര്യയെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും അറിയിച്ചു. 9 മണിയോടെ വണ്ടാഴിയിലെ വീട്ടിലെത്തിയ കൃഷ്ണകുമാർ കാറിൽ നിന്നിറങ്ങി ചില ഫോൺ വിളികൾക്കു ശേഷം വെടിയുതിർക്കുകയായിരുന്നു. സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ച് വണ്ടാഴിയിലെ ബന്ധുക്കൾ എത്തുമ്പോഴേക്കും വെടിവച്ചിരുന്നു. ഇതിനിടെ, ലക്ഷ്മിഗാർഡൻ ഗ്രൂപ്പിലെ സന്ദേശം കണ്ട് അന്വേഷിച്ച അയൽവാസികൾ സംഗീതയെ മരിച്ച നിലയിൽ കണ്ടെത്തി.കൃഷ്ണകുമാറിന്റെ വീട്ടിൽ ലൈസൻസുള്ള തോക്കുണ്ടെങ്കിലും മറ്റൊരു തോക്കാണു കൃത്യത്തിന് ഉപയോഗിച്ചതെന്നാണു നിഗമനം.
പരിസരത്തു നിന്നു തോക്കും കാറിൽ നിന്നു തിരകളും മറ്റും പൊലീസ് കണ്ടെടുത്തു.കോയമ്പത്തൂരിലെ ഇന്ത്യൻ പബ്ലിക് സ്കൂളിന്റെ ശിവാനന്ദ കോളനി കിൻഡർ ഗാർഡൻ ഡിവിഷനിലെ ഓഫിസ് ജീവനക്കാരിയാണു സംഗീത. മക്കൾ: അമീഷ, അക്ഷര. സരോജിനിയാണ് കൃഷ്ണകുമാറിന്റെ അമ്മ. സഹോദരിമാർ: ഉഷാറാണി, രാജേശ്വരി. സംഗീതയുടെ അമ്മ: ജയ, സഹോദരി അമലു.കൃഷ്ണകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വണ്ടാഴിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഗീതയുടെ പോസ്റ്റ്മോർട്ടം ഇന്നു നടക്കും.
.
സഹോദരിമാരോടു പറഞ്ഞു:പെട്ടെന്നു വരണം, അച്ഛനു സുഖമില്ല
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെത്തിയ കൃഷ്ണകുമാർ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ചു സംസാരിച്ചു. സഹോദരിമാരെ വിളിച്ച് അച്ഛനു സുഖമില്ലെന്നും പെട്ടെന്നു വീട്ടിലേക്കു വരണമെന്നും പറഞ്ഞു.മലേഷ്യയിൽ ജോലിചെയ്തിരുന്ന കൃഷ്ണകുമാർ കോവിഡ് കാലത്താണു തിരികെ എത്തിയത്. കോയമ്പത്തൂരിൽ നിന്ന് ഇടയ്ക്കു വണ്ടാഴിയിലെ വീട്ടിലെത്തി കൃഷി നോക്കിനടത്തിയിരുന്നു.
പൊതുവേ അയൽവാസികളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം നല്ല ബന്ധം പുലർത്തിവന്നിരുന്ന കൃഷ്ണകുമാർ ഇങ്ങനെയൊക്കെ ചെയ്തുവെന്നു വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണു നാട്ടുകാർ. ആലത്തൂർ ഡിവൈഎസ്പിമാരായ എൻ.മുരളീധരൻ, പി.ശശികുമാർ എന്നിവരുടെ നേതൃത്വത്തിൽ മംഗലംഡാം പൊലീസും സയന്റിഫിക് പരിശോധനാ വിദഗ്ധ കെ.അനുപമ, വിരലടയാള വിദഗ്ധൻ രാജേഷ് കുമാർ എന്നിവരും സ്ഥലത്തെത്തി.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.