നവീൻ ബാബുവിൻ്റെ മരണം സിബിഐ അന്വേഷണമില്ല; കുടുംബത്തിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി ∙ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ അപ്പീലാണു ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്. കേസ് അന്വേഷണം ശരിയായ രീതിയിലാണു നടക്കുന്നതെന്ന സംസ്ഥാന സർക്കാരിന്റെ വാദം അംഗീകരിച്ചാണു സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
.
നേരത്തേ അപ്പീലിൽ വിധി പറയാൻ മാറ്റിയിരുന്ന ഡിവിഷൻ ബെഞ്ച്, മഞ്ജുഷയുടെ അഭിഭാഷകൻ മാറിയതിനെ തുടർന്നു വീണ്ടും വിശദവാദം കേട്ടിരുന്നു. തുടർന്നാണു വിധി പറഞ്ഞത്. നേരത്തേ ഹാജരായ അഭിഭാഷകൻ സിബിഐ അന്വേഷണത്തിനു പകരം ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും അനുവദിക്കണമെന്നു കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതു തങ്ങളുടെ അറിവോടെയല്ലെന്നു വ്യക്തമാക്കി കുടുംബം അഭിഭാഷകനെ മാറ്റി.

.
നരഹത്യാസാധ്യത മുൻനിർത്തി പൊലീസ് അന്വേഷണം നടത്തുന്നില്ലെന്നും നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്ന തീരുമാനത്തിലാണു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) എന്നുമായിരുന്നു അപ്പീലിലെ വാദം. കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണോ എന്നത് എസ്ഐടി അന്വേഷിക്കുന്നില്ല. നിലവിലെ അന്വേഷണം തെറ്റായ ദിശയിലാണ്, അന്വേഷണം സിബിഐയെ ഏൽപിക്കണം എന്നുമാണു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഫലപ്രദമായ അന്വേഷണം നടത്തുന്നില്ലെന്നും പ്രതി ചേർക്കപ്പെട്ട പി.പി.ദിവ്യയ്ക്ക് ഉന്നത സ്വാധീനമുണ്ടെന്നും അപ്പീലിൽ ആരോപിച്ചു. വസ്തുതകൾ ശരിയായി വിശകലനം ചെയ്യാതെയാണു സിംഗിൾ ബെഞ്ച് ഹർജി തള്ളിയതെന്നും അപ്പീലിൽ പറഞ്ഞിരുന്നു.

2024 ഓഗസ്റ്റ് 15ന് രാവിലെയാണു നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ സ്ഥലത്തെത്തിയ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎം നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ആത്മഹത്യയ്ക്കു പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യയ്ക്കെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി കേസെടുത്തു. അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇത് അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് നവീൻ ബാബുവിന്റെ ഭാര്യ മഞ്‍ജുഷ ഹൈക്കോടതിയെ സമീപിച്ചു.
.
കേസിൽ സിബിഐ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതി ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകയാണെന്നതു കൊണ്ടുമാത്രം സിബിഐ അന്വേഷണം അനുവദിക്കാൻ കഴിയില്ല എന്നും വ്യക്തമാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളി. കുടുംബം ഉയർത്തുന്ന ആശങ്കകൾ കൂടി അന്വേഷണ സംഘം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് സിംഗിൾ ബെഞ്ച് പല കാര്യങ്ങളും പരിഗണിച്ചില്ലെന്ന് ആരോപിച്ച് അപ്പീൽ സമർപ്പിച്ചത്.

അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബത്തിന്റെ ആവശ്യം അനുസരിച്ച് നരഹത്യ സാധ്യതയും അന്വേഷിക്കുമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയിൽ വ്യക്തമാക്കി. പ്രതികളെ സംരക്ഷിക്കുന്ന കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതു കൂടി പരിശോധിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നേരത്തേ കേസ് ഡയറി അടക്കം പരിശോധിച്ചാണ് സിംഗിൾ ബെഞ്ചും ഉത്തരവിട്ടിരുന്നത്.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!