കൊടുംക്രൂരതയിൽ ഇല്ലാതായ അഞ്ചുപേർക്കും നാടിൻ്റെ യാത്രാമൊഴി; അന്ത്യകർമങ്ങളിൽ പങ്കെടുക്കാനാകാതെ പൊട്ടികരഞ്ഞ് പിതാവ് സൗദിയിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിൽ ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് നാട് സാക്ഷിയായത്. അഫാൻ എന്ന ഇരുപത്തിമൂന്നുകാരന്റെ കൊടും ക്രൂരതയിൽ ജീവൻ നഷ്ടമായവരെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിപേരാണ് വീടുകളിലേക്ക് എത്തിയത്. (ചിത്രം- അഫ്സാന്റെ മൃതദേഹം പേരുമലയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ)
.
അഫാന്റെ പെൺസുഹൃത്ത് ഫർസാനയുടെ സംസ്കാര ചടങ്ങുകളാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നത്. പൊതുദർശനത്തിന് ശേഷം ചിറയൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്ജിദിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഫാർസാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയൻകീഴിലാണ്. പുതൂരിലേക്ക് കുടുംബം താമസം മാറിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ.
.
പ്രതിയുടെ മുത്തശ്ശി സൽമാബീവി, സഹോദരൻ അഫ്‌സാൻ, അഫാന്റെ പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ സംസ്കാരം താഴെ പാങ്ങോട് മുസ്ലീം ജുമാ മസ്ജിദിലാണ് നടക്കുക. പാങ്ങോട്ടുള്ള വീട്ടിലേക്കാണ് സൽമാബീവിയുടേയും അഫ്‌സാന്റെയും മൃതദേഹം എത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും ഉൾപ്പടെ നിരവധിപേരാണ് അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെ എത്തിയത്. എസ്.എൻ. പുരം ചുള്ളാളത്തെ വസതിയിലേക്കാണ് ലത്തീഫിന്റേയും ഷാഹിദയുടേയും മൃതദേഹങ്ങൾ കൊണ്ടുവന്നത്.
.
നാട്ടിൽ ഉറ്റവരുടെ അന്ത്യകർമങ്ങൾ നടക്കുമ്പോൾ അവസാനമായി ഒന്ന് കാണാൻ പോലുമാകാതെ സൗദിയിലെ ദമാമിലിരുന്ന് വിതുമ്പുകയാണ് പിതാവ് അബ്ദു റഹീം. സാമ്പത്തിക ബാധ്യകൾ മൂലം ഉണ്ടായ യാത്ര വിലക്കാണ് റഹീമിന് വിനയായത്. സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെന്നും സന്നദ്ധ പ്രവർത്തകർ സഹായവുമായി ഒപ്പമുണ്ടെന്നും റഹീം പറഞ്ഞു.
.
‘വരാൻ പറ്റിയ സാഹചര്യം ഇതുവരെ ആയിട്ടില്ല. സാമൂഹ്യപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. അധികം വൈകാതെ ശരിയാകുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവരെ കൃത്യമായിട്ടൊന്നും പറയാറായിട്ടില്ല. സൗദി അറേബ്യയിലെ ദമാമിലാണ് ഉള്ളത്. വിസ പ്രശ്നമുണ്ട്. പിന്നെ കുറച്ച് സാമ്പത്തിക ബാധ്യതയുമുണ്ട്. അതാണ് വിഷയമായിട്ടുള്ളത്. രണ്ടര വർഷമായി വിസയില്ലാതെ നിൽക്കുകയാണ്. എല്ലാ സഹായവും നൽകി സാമൂഹ്യപ്രവർത്തകർ ഒപ്പമുണ്ട്.” റഹീം പറഞ്ഞു
അതേ സമയം അഫാന്റെ പിതാവിനെ സൗദിയിൽ നിന്ന് നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതായി സാമൂഹ്യപ്രവർത്തകനായ നാസ് വക്കം പ്രതികരിച്ചു. ഇഖാമ കാലാവധി തീർന്നതിനാൽ ഇത് പുതുക്കിയോ പിഴയടച്ചോ എത്തിക്കാനാണ് ശ്രമം. അധികം വൈകാതെ നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ അറിയിച്ചു. ഞായറാഴ്ചക്കകം നാട്ടിലെത്തിക്കാനാണ് ശ്രമമെന്നും നാസ് വക്കം പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.