കൈക്കൂലിയായി പണം മാത്രം പോര, കുപ്പിയും നിര്‍ബന്ധം; കൊച്ചിയിൽ പിടിയിലായ RTO ജേഴ്‌സന്റെ ലീലാവിലാസങ്ങൾ ഇങ്ങിനെ

കൊച്ചി: ഏമാന് ശമ്പളം മാത്രം പോര, കിമ്പളവും വേണം! കഴിഞ്ഞ ദിവസം കൈക്കൂലിക്കേസില്‍ പിടിയിലായ എറണാകുളം ആര്‍.ടി.ഒ. ടി.എം. ജേഴ്‌സണ് പ്രിയം കൈക്കൂലിയോട് മാത്രമല്ല കുപ്പിയോടും കൂടിയാണ്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ജേഴ്‌സന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത് ചെറുതും വലുതുമായ 76 മദ്യക്കുപ്പികളും ലക്ഷക്കണക്കിന് രൂപയുമാണ്. പരിശോധനയുടെ വീഡിയോ പുറത്തായതോടെ കൈക്കൂലിയായി വാങ്ങിക്കൂട്ടിയ കുഞ്ഞന്‍ കുപ്പികള്‍ മുതല്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന മദ്യ കുപ്പികളുടെ ശേഖരം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഉദ്യോദഗസ്ഥരും ജനങ്ങളും.
.
കൊച്ചി ചെല്ലാനം സ്വദേശി മാനേജരായ ബസിന്റെ റൂട്ട് പെര്‍മിറ്റ് പുതുക്കി മറ്റൊരു ബസ്സിലേക്ക് മാറ്റാന്‍ 25,000 രൂപയും കുപ്പിയും ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ജേഴ്‌സണ്‍ വിജിലന്‍സിന്റെ പിടിയില്‍ കുടുങ്ങുന്നത്. പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ അപേക്ഷയുമായി എത്തിയ ബസ് മാനേജര്‍ക്ക് കുറച്ച് ദിവസത്തേക്ക് താല്‍ക്കാലികമായി പെര്‍മിറ്റ് പുതുക്കി നല്‍കി. എന്നാല്‍ പിന്നീട് അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. ഇതിന് പിന്നാലെ ബസ് മാനേജരെ തേടി കൈക്കൂലി ഏജന്റുമാരുമെത്തി.

ആര്‍.ടി.ഒ. ആവശ്യപ്പെടുന്ന തുകയും കുപ്പിയും കൊടുക്കാതെ പെര്‍മിറ്റ് കിട്ടില്ലെന്ന് ഏജന്റുമാര്‍ പറഞ്ഞു. പിന്നാലെ ബസ് മാനേജര്‍ കൈക്കൂലിയുടെ ആദ്യഗഡുവായ 5,000 രൂപയും മദ്യക്കുപ്പിയും ഏജന്റുമാരായ രാമ പടിയാര്‍, സജി എന്നിവര്‍ക്ക് നല്‍കുകയായിരുന്നു. വിജിലന്‍സിനെ വിവരമറിയിച്ച ശേഷമായിരുന്നു ഇത്. പിന്നാലെ ഏജന്റുമാര്‍ പിടിയിലായി. ജേഴ്‌സന്റെ നിര്‍ദേശപ്രകാരമാണ് കൈക്കൂലി വാങ്ങിയതെന്ന് ഇവര്‍ മൊഴി നല്‍കിയതോടെ ജേഴ്‌സണും പിടിയിലാവുകയായിരുന്നു.
.
‘കഴിഞ്ഞ കുറച്ചുനാളുകളായി ഭീമമായ കൈക്കൂലി വാങ്ങുന്നുവെന്നതടക്കമുള്ള പരാതികള്‍ ബസ് ഓണേഴ്‌സ് അസോസിയേഷന്റെ ഭാഗത്ത് നിന്നും ജേഴ്‌സണെതിരെ ഉണ്ടായിരുന്നു. ദീര്‍ഘനാളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്കെതിരേ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.’ -വിജിലന്‍സ് എസ്.പി. എസ്. ശശിധരന്‍ പറഞ്ഞു.

ഇതുകൂടാതെ വാളയാര്‍ ചെക്‌പോസ്റ്റില്‍നിന്നു ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തില്‍ കുറച്ച് മാസങ്ങളായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു ജേഴ്‌സണ്‍. ചെക്‌പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ് ഉണ്ടാകാതിരിക്കാന്‍ വിജിലന്‍സിന് പണം നല്‍കണമെന്ന് പറഞ്ഞ് സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ജേഴ്‌സണ്‍ പിരിച്ചെടുത്തത് 14 ലക്ഷം രൂപയാണ്. കഴിഞ്ഞ മാസം വിജിലന്‍സ് വാളയാര്‍ ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്.
.
വാളയാറിലെ പരിശോധനക്കിടെ ‘നിങ്ങള്‍ക്ക് തരാനുള്ള തുക കൃത്യം തരുന്നില്ലേ, പിന്നെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?’ എന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ ചോദ്യം. ഇതോടെയാണ് വിജിലന്‍സിന് പണം നല്‍കണമെന്നു ജേഴ്‌സണ്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി 14 ലക്ഷം രൂപ പിരിച്ചെടുത്തിരുന്ന വിവരം കൂടി പുറത്ത് വരുന്നത്. പിന്നാലെയാണ് ജേഴ്‌സണെ വിജിലന്‍സ് നിരീക്ഷിക്കാന്‍ ആരംഭിച്ചത്.

വിജിലന്‍സിന്റെ പിടിയിലായ ജെഴ്‌സന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥരുടേയടക്കം കണ്ണ് തള്ളിക്കുന്ന കാഴ്ചകളാണ് കണ്ടത്. 76 വിദേശനിര്‍മിത മദ്യ കുപ്പികളും 80 ലക്ഷത്തിന്റെ നിക്ഷേപ രേഖകളും ഏക്കറുകണക്കിന് സ്ഥലം വാങ്ങിക്കൂട്ടിയതിന്റെ രേഖകളുമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 173 പ്രകാരവും കേരള അബ്കാരി ആക്ടട് 13, 63 വകുപ്പുകളും ചേര്‍ത്ത് കൊച്ചി എളമക്കര പോലീസ് കേസെടുത്തിട്ടുണ്ട്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!