‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’; പൊലീസ് പരക്കം പായുമ്പോൾ വാർത്തകൾ മൊബൈലിൽ കണ്ട് റിജോ, അറസ്റ്റ് കുടുംബ സംഗമത്തിനിടെ

ചാലക്കുടി: പോട്ട ഫെഡറൽ ബാങ്കിലെ മോഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഫെഡറൽ ബാങ്ക് ശാഖയിലെ ദൈനംദിന പ്രവർത്തനങ്ങളേക്കുറിച്ച് പ്രതി റിജോ ആന്റണി വ്യക്തമായി മനസിലാക്കിയിരുന്നെന്ന് തൃശ്ശൂർ റൂറൽ എസ്.പി. കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാലാവധി കഴിഞ്ഞ എ.ടി.എം കാർഡ് ശരിയാക്കാനെന്നുപറഞ്ഞാണ് ബാങ്കിൽ കയറിപ്പറ്റിയത്. നാല് ദിവസം ബാങ്കിലെത്തി എല്ലാം നിരീക്ഷിച്ചു. പോലീസിനെ വഴിതെറ്റിക്കാൻ പല ശ്രമങ്ങളും നടത്തി. ഷൂസിനടിയിലെ ഒരു നിറമാണ് പോലീസിന് കച്ചിത്തുരുമ്പായതെന്നും എസ്.പി അറിയിച്ചു.
.

വാർത്താസമ്മേളനത്തിലെ പ്രസക്തഭാ​ഗങ്ങൾ

“മോഷണം നടത്തിയ പോട്ടയിലെ ഫെഡറൽ ബാങ്കിലല്ല, മറ്റൊരു ഫെഡറൽ ബാങ്ക് ശാഖയിലാണ് റിജോയ്ക്ക് അക്കൗണ്ടുള്ളത്. ഫെഡറൽ ബാങ്ക് ശാഖയിലെ ദൈനംദിന പ്രവർത്തനങ്ങളേക്കുറിച്ച് പ്രത്യേകിച്ച് ഭക്ഷണ ഇടവേളയേക്കുറിച്ച് റിജോ കൃത്യമായി മനസിലാക്കിയിരുന്നു. രണ്ടുമുതൽ രണ്ടര വരെ ബാങ്കിൽ ആരുമുണ്ടാവില്ലെന്ന് ഇയാൾക്കറിയാമായിരുന്നു. മോഷണം നടത്തിയ ശേഷം സഞ്ചാര പാത മാറ്റിക്കൊണ്ടാണ് പോയത്. പോലീസ് പരിശോധനയുണ്ടാവുമെന്ന് മനസിലാക്കിയതോടെ ഇടറോഡുകളും രക്ഷപ്പെടാനായി ഉപയോ​ഗിച്ചു.
.
പോകുന്ന വഴിയിൽ സിസിടിവി ക്യാമറ ഇല്ലാത്ത ഒരിടത്തുവെച്ചാണ് മോഷണസമയത്ത് ധരിച്ച വസ്ത്രം മാറിയത്. മൂന്നാമത്തെ ഡ്രസാണ് റിജോ ധരിച്ചത്. വ്യാജനമ്പറുള്ള എൻടോർക്ക് സ്കൂട്ടറിലാണ് പ്രതി സഞ്ചരിച്ചത്. ബാങ്കിൽനിന്നിറങ്ങി അല്പദൂരം പോയശേഷം പോലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ സ്കൂട്ടറിൽ റിയർവ്യൂ മിറർ ഘടിപ്പിച്ചു. സ്കൂട്ടറിനേക്കുറിച്ച് അന്വേഷിച്ചപ്പോൾ അങ്ങനെയൊരു നമ്പറിൽ എൻടോർക്ക് ഇല്ലെന്ന് മനസിലായി. വസ്ത്രം മാറിയെങ്കിലും ഷൂസിന്റെ അടിയിലുള്ള ഒരുതരം കളർ പോലീസ് ശ്രദ്ധിച്ചിരുന്നു. ആ കളറാണ് വഴിത്തിരിവായത്. കേരളാ പോലീസിന്റെ കൂട്ടായ പ്രവർത്തനമാണിത്. മൂന്നുദിവസമായി പൊലീസ് ഉറങ്ങിയിട്ടില്ലെന്നും എസ്.പി പറഞ്ഞു”.
.
ചാലക്കുടി പള്ളിപ്പെരുന്നാളിനു പോയി അവിടെ ഉണ്ടായിരുന്ന ഒരു സ്കൂട്ടറിന്റെ നമ്പർ‌ കണ്ടുപിടിച്ച് റിജോ വ്യാജ നമ്പർ പ്ലേറ്റ് നിർമിക്കുകയായിരുന്നു എന്നാണ് വിവരം. റിജോ ഏഴു വർഷം ഗൾഫിലായിരുന്നു. അതിനിടെ പുതിയ വീട് വാങ്ങി. മക്കളും അമ്മയും ഈ വീട്ടിൽ റിജോക്കൊപ്പം താമസിക്കുന്നുണ്ട്. ബാങ്കിൽ ജീവനക്കാരെ ഭീഷണിപ്പെടുത്താനായി റിജോ ഉപയോഗിച്ച കത്തി ഗൾഫിൽ നിന്നും കൊണ്ടുവന്നതാണ്.
.
നാട്ടിൽ ആഡംബര ജീവിതം നയിച്ചുവന്ന റിജോയിലേക്ക് ഒരിക്കലും ആരുടെയും സംശയം നീണ്ടിരുന്നില്ല. തമാശകൾ പറഞ്ഞും അയൽക്കാരുമായി കൂട്ടുകൂടിയും സമയം ചെലവഴിക്കുന്നതായിരുന്നു ഇയാളുടെ പതിവു രീതി. കവർച്ചയെ കുറിച്ച് അയൽക്കാർ ചർച്ച ചെയ്യുമ്പോൾ അതിലും റിജോ സജീവമായി പങ്കെടുത്തു.
.
ഇന്ന് റിജോയുടെ വീട്ടിൽ നടത്തിയ കുടുംബയോഗത്തിലും പ്രതി ഇതേക്കുറിച്ച് ചർച്ച നടത്തി. ‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കു വേണ്ടി പൊലീസ് നാടാകെ പരക്കം പായുമ്പോൾ അതിന്റെ വാർത്തകൾ വീട്ടിലിരുന്നു മൊബൈൽ ഫോണിൽ കാണുകയായിരുന്നു റിജോ ആന്റണി.
.
ചെറിയ തെളിവുകൾ പോലും ശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിൽ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് അത്രയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. കുടുംബയോഗത്തിൽ പങ്കെടുത്ത ബന്ധുക്കളെല്ലാം ഞെട്ടലിലാണ്. യോഗത്തിനിടയിലും പ്രസംഗത്തിലുമെല്ലാം കള്ളനെപ്പറ്റി റിജോ സംസാരിച്ചിരുന്നുവെന്നും ഒരിക്കലും സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രതികരണമെന്നും ബന്ധുക്കൾ പറയുന്നു.
.
ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം പല മറുപടിയാണ് റിജോ പറയുന്നത്. നല്ലപോലെ മദ്യപിക്കുന്നയാളാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച പണത്തിൽനിന്ന് കുറച്ചെടുത്ത് മദ്യം വാങ്ങിയെന്നും റിജോ പറയുന്നു. 49 ലക്ഷം രൂപ കടമുണ്ടെന്നാണ് പറയുന്നത്. മോഷണ മുതലിൽനിന്ന് 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടി. കെട്ട് പൊട്ടിക്കാത്ത പണമുണ്ടെന്ന് പറയുന്നുണ്ട്. അക്കാര്യത്തിൽ വ്യക്തത വരുത്താനുണ്ട്. ചില കാര്യങ്ങളിൽ പ്രതിയുടെ മൊഴിയിൽ വൈരുധ്യമുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
.
ബാങ്കിലുള്ളവർ ഫോൺ ചെയ്യുമെന്നു കരുതിയാണ് കയ്യിൽ കിട്ടിയ നോട്ടുകെട്ടുകൾ വേഗത്തിലെടുത്ത് റിജോ പുറത്തേക്കു പോയത്. പിടിക്കപ്പെടത്തില്ല എന്ന വിശ്വാസത്തിലാണ് നാടുവിടാത്തത്. അറസ്റ്റ് ചെയ്യാനെത്തുമ്പോഴും റിജോ ഞെട്ടി. ഇന്ന് വീട്ടിൽ നടന്ന കുടുംബ സംഗമത്തിനിടെ ആയിരുന്നു അറസ്റ്റ്. ആഴ്ചകൾക്ക് മുന്നേ തന്നെ ബാങ്ക് കവർച്ച നടത്തണമെന്ന് റിജോ ഉറപ്പിച്ചിരുന്നു.

.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

YOU MAY LIKE
Share
error: Content is protected !!