ഇ.ഡി ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവർന്നു; കൊടുങ്ങല്ലൂർ എഎസ്ഐ അറസ്റ്റിൽ
തൃശൂർ: കർണാടകയിലെ ബീഡിക്കമ്പനി ഉടമയുടെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവർന്ന കേസിൽ കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എഎസ്ഐ അറസ്റ്റിൽ. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഏർവാടിക്കാരൻ ഷഹീർ ബാബുവിനെ (50) ആണു ദക്ഷിണ കന്നഡ ജില്ലയിലെ വിട്ട്ള പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കവർച്ചയിൽ ഷഹീറിനൊപ്പം പങ്കെടുത്ത 3 പേരെ കൊല്ലത്തുനിന്നു കഴിഞ്ഞ മാസം ഇതേ അന്വേഷണസംഘം പിടികൂടിയിരുന്നു.
.
ഷഹീർ ബാബു ഉൾപ്പെടെ ആറംഗ സംഘമാണു ജനുവരി മൂന്നിനു ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ കോൾനാട് നർഷ സ്വദേശിയായ വ്യവസായി എം.സുലൈമാന്റെ വീട്ടിൽ കവർച്ച നടത്തിയത്. പ്ലാന്ററും ബീഡിക്കമ്പനി ഉടമയുമാണു സുലൈമാൻ. രാത്രി എട്ടോടെ തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറിലെത്തിയ ആറംഗ സംഘം ഇ.ഡി ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തി വീട്ടിലേക്കു തള്ളിക്കയറി. സുലൈമാന്റെ മകൻ മുഹമ്മദ് ഇഖ്ബാലാണു വീട്ടിലുണ്ടായിരുന്നത്. വാറന്റ് ഉണ്ടെന്നു പറഞ്ഞ ശേഷം കവർച്ചാസംഘം വീടാകെ അരിച്ചുപെറുക്കി. ബിസിനസ് ആവശ്യത്തിനു വീട്ടിൽ കരുതിവച്ചിരുന്ന 45 ലക്ഷം രൂപയും കുടുംബാംഗങ്ങളുടെ 5 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
.
ബെംഗളൂരുവിലെ ഇ.ഡി ഓഫിസിലെത്തി രേഖകൾ ഹാജരാക്കിയ ശേഷം പണം കൈപ്പറ്റാമെന്നു പറഞ്ഞ് ഇവർ കടന്നുകളഞ്ഞു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇഖ്ബാൽ പൊലീസിനു പരാതി നൽകി. ഷഹീർ കവർച്ചയ്ക്കു ശേഷം കൊടുങ്ങല്ലൂർ സ്റ്റേഷനിലെത്തി വീണ്ടും ജോലിയിൽ പ്രവേശിച്ചു. കൂട്ടാളികളിൽ 3 പേർ കൊല്ലത്തുനിന്നു പിടിക്കപ്പെട്ട ശേഷം ഇയാൾ ഇടയ്ക്കിടെ അവധിയെടുത്തു മാറിനിന്നു. കൂട്ടാളികളെ ചോദ്യം ചെയ്തതിൽ നിന്നാണു പൊലീസ് ഉദ്യോഗസ്ഥനും കവർച്ചയിൽ പങ്കെടുത്തുവെന്നു കണ്ടെത്തിയത്.
വിട്ട്‍ളയിൽനിന്നു പൊലീസ് സംഘമെത്തി റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിനെ വിവരമറിയിച്ചു. ഷഹീർ ഒരാഴ്ചയായി അവധിയിലാണെന്നു കണ്ടതോടെ ഇയാളെ തിരഞ്ഞു കണ്ടെത്തി അറസ്റ്റ് ചെയ്യാൻ റൂറൽ പൊലീസ് സഹായമൊരുക്കി. ഫഷീര്‍ ബാബുവിന്റെ അറസ്റ്റിനുപിന്നാലെ കൂടെയുണ്ടായിരുന്ന ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തിരിമറിക്കേസില്‍ മുമ്പും ഷഫീര്‍ ബാബു ഉള്‍പ്പെട്ടിരുന്നു എന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും അറിയാന്‍ കഴിഞ്ഞ വിവരം. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ പോലീസ് കര്‍ണാടകയിലേക്ക് കൊണ്ടുപോയി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.