‘ഞാൻ വട്ടം വരയ്ക്കാം’; നിലവിളിച്ച് കരയുമ്പോഴും അട്ടഹസിച്ച് ക്രൂരത; നഴ്‌സിങ് കോളേജ് ഹോസ്റ്റലിലെ റാഗിങ് ദൃശ്യം പുറത്ത് – വീഡിയോ
കോട്ടയം: ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷന്‍ പുരട്ടിയശേഷം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാര്‍ഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ അട്ടഹസിച്ച് ചിരിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.
.
ശരീരമാസകലം ലോഷന്‍ പുരട്ടിയ നിലയില്‍ തോര്‍ത്തുകൊണ്ട് കൈകാലുകള്‍ കെട്ടിയിട്ടനിലയിലാണ് ജൂനിയര്‍ വിദ്യാര്‍ഥി കട്ടിലില്‍ കിടക്കുന്നത്. തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥിയുടെ ശരീരത്തിലെ ഓരോ ഭാഗത്തും ഡിവൈഡര്‍ കൊണ്ട് കുത്തിമുറിവേല്‍പ്പിക്കുകയായിരുന്നു. വണ്‍, ടൂ, ത്രീ എന്നുപറഞ്ഞാണ് ഓരോയിടത്തും ഡിവൈഡര്‍ കൊണ്ട് കുത്തുന്നത്. ജൂനിയര്‍ വിദ്യാര്‍ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും ‘സെക്‌സി ബോഡി’യെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
.
വിദ്യാര്‍ഥി കരഞ്ഞുനിലവിളിക്കുമ്പോള്‍ വായിലും കണ്ണിലും ലോഷന്‍ ഒഴിച്ചുനല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ കണ്ണ് എരിയുന്നുണ്ടെങ്കില്‍ കണ്ണ് അടച്ചോയെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ പറയുന്നുണ്ട്. ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് ‘ഞാന്‍ വട്ടം വരയ്ക്കാം’ എന്നുപറഞ്ഞ് പ്രതികളിലൊരാള്‍ ഡിവൈഡര്‍ കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തിപരിക്കേല്‍പ്പിക്കുന്നത്. ഡിവൈഡര്‍ ഉപയോഗിച്ച് വയറിന്റെ ഭാഗത്താണ് മുറിവേല്‍പ്പിച്ചത്. ‘മതി ഏട്ടാ വേദനിക്കുന്നു’ എന്ന് ജൂനിയര്‍ വിദ്യാര്‍ഥി കരഞ്ഞുപറഞ്ഞിട്ടും സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരത അവസാനിപ്പിക്കുന്നില്ല. വിദ്യാര്‍ഥിയെ ഉപദ്രവിച്ച് അട്ടഹസിക്കുന്നത് ഇവര്‍ തുടരുകയായിരുന്നു.
കഴിഞ്ഞദിവസമാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്തതതിന് കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.
.
നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
പീഡനത്തിനിരയായ വിദ്യാര്‍ഥികളുമൊന്നിച്ച് പ്രതികളായ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നു. മൊബൈലില്‍ ചിത്രീകരിച്ച മദ്യപാനരംഗങ്ങള്‍ അധികൃതരെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാസങ്ങള്‍ക്കുമുന്‍പ് പീഡനം തുടങ്ങുന്നത്. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ മുറിയില്‍ ഉച്ചത്തില്‍ പാട്ടും വെക്കും. എല്ലാ ആഴ്ചകളിലും ജൂനിയര്‍ വിദ്യാര്‍ഥികള്‍ 800 രൂപവീതം സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യപാനത്തിനായി നല്‍കണമായിരുന്നു. പ്രധാനപ്രതിയുടെ സംഘടനാബന്ധം മറയാക്കിയാണ് പീഡനം തുടര്‍ന്നത്. ഇയാള്‍ കെ.ജി.എസ്.എന്‍.എ.യുടെ ഭാരവാഹിയാണ്. ഇടത് അനുകൂല സംഘടനയാണിത്.
തിങ്കളാഴ്ച പ്രതികള്‍ രണ്ടായിരംരൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കാഞ്ഞതിനെത്തുടര്‍ന്ന് ക്രൂരമര്‍ദനത്തിനിരയാക്കി. ഇതോടെയാണ് ഇരയായ വിദ്യാര്‍ഥി വീട്ടില്‍ അറിയിച്ചതും പരാതിയിലേക്കെത്തിയതും.
.
വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍, ഹോസ്റ്റലില്‍നിന്ന് പുറത്താക്കി
ഗാന്ധിനഗര്‍(കോട്ടയം): ഗാന്ധിനഗര്‍ ഗവ. നഴ്സിങ് കോളേജ് ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ ജി.എന്‍.എം. വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇവരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. സംഭവം അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചെന്നും നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ലിനി ജോസഫ് പറഞ്ഞു. റാഗിങ് നടന്നതായി ബേധ്യപ്പെട്ടതിനെത്തുടര്‍ന്ന്, നിയമപരമായ എല്ലാ തുടര്‍നടപടികളും സ്വീകരിച്ചെന്നും അവര്‍ പറഞ്ഞു.
ഇരയായ കുട്ടിയുടെ രക്ഷാകര്‍ത്താവ്, ക്ലാസ് ടീച്ചറോട് ചൊവ്വാഴ്ച രാവിലെ വിളിച്ചുപറയുമ്പോഴാണ് റാഗിങ് വിവരം കോളേജില്‍ അറിഞ്ഞത്. ക്ലാസ് ടീച്ചര്‍, പ്രിന്‍സിപ്പലിനെയും മറ്റ് അധ്യാപകരെയും അറിയിച്ചു. പരാതി പറഞ്ഞ വിദ്യാര്‍ഥിയെയും സഹവിദ്യാര്‍ഥികളെയും വിളിച്ചുവരുത്തി വിവരങ്ങള്‍ തിരക്കി. കോളേജ് അധ്യാപകരുടെ യോഗം വിളിച്ചു. അടിയന്തര പി.ടി.എ. യോഗവും ചേര്‍ന്നു. വിദ്യാര്‍ഥികള്‍ പീഡനവിവരങ്ങള്‍ എഴുതിത്തന്നതിനെത്തുടര്‍ന്ന് പരാതി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്കും എസ്.പി. ഓഫീസിലേക്കും കൈമാറുകയായിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.
.
കര്‍ശന നടപടി എടുക്കണമെന്ന് കെ.ജി.എസ്.എന്‍.എ.
കോട്ടയം: ഗവ.മെഡിക്കല്‍ കോളേജിലെ ഒന്നാംവര്‍ഷ ജി. എന്‍.എം.വിദ്യാര്‍ഥികളെ റാഗ് ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഗവ. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.ജി.എസ്.എന്‍.എ.യുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് അഞ്ച് വിദ്യാര്‍ഥികളെയും ഫെബ്രുവരി 11-ന് പുറത്താക്കിയിരുന്നു.
റാഗിങ്ങിന് വിധേയരായ വിദ്യാര്‍ഥികള്‍ക്ക് നിയമപരമായും സംഘടനാപരമായും പൂര്‍ണപിന്തുണ നല്‍കുമെന്നും കെ.ജി.എസ്.എന്‍.എ. സംസ്ഥാന പ്രസിഡന്റ് അശ്വതി അജയന്‍ അറിയിച്ചു.
.
വീഡിയോ കാണാം..
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.