വാഹനമിടിച്ച് 9 വയസ്സുകാരി ഒരു വർഷത്തോളമായി കോമയിൽ; അപകടത്തിന് ശേഷം പ്രതി ഗൾഫിലേക്ക് മുങ്ങി, നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ വിമാനത്താവളത്തിൽ പിടിയിലായി
വടകര: കോഴിക്കോട് വടകരയില്‍ വാഹനം ഇടിച്ച് സ്ത്രീ മരിക്കുകയും കൊച്ചുമകളായ ഒന്‍പതുവയസ്സുകാരി കോമയിലാവുകയും ചെയ്ത സംഭത്തില്‍ കാര്‍ ഓടിച്ചയാള്‍ പിടിയില്‍. പുറമേരി സ്വദേശി ഷജീല്‍ ആണ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിന്റെ കസ്റ്റഡിയിലായത്. യു.എ.ഇയിലായിരുന്ന ഷജീല്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലിറങ്ങിയപ്പോഴാണ് നടപടി.
.
ഇയാള്‍ക്കുവേണ്ടി പോലീസ് നേരത്തെതന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷജീലിനെ വടകര പോലീസിന് കൈമാറുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. മനഃപൂര്‍വമല്ലാത്ത നരഹത്യ, വ്യാജ തെളിവുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കല്‍ എന്നീ രണ്ട് കേസുകളാണ് ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
.
കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് രാത്രിയാണ് ഷജീല്‍ ഓടിച്ച കാര്‍ ദൃഷാന എന്ന ഒന്‍പതുവയസ്സുകാരിയുടെയും മുത്തശ്ശി ബേബിയുടെയും ദേഹത്തേക്ക് പാഞ്ഞുകയറിയത്. ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയി.
.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന.
അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വീണ്ടും അന്വേഷണം ഊര്‍ജിതമായത്. അപകടം നടന്ന് ഒന്‍പതുമാസത്തിന് ശേഷമായിരുന്നു ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ച കാറും ഉടമയെയും തിരിച്ചറിഞ്ഞത്.
.
പുറമേരി സ്വദേശിയായ ഷെജിൽ ഓടിച്ച കാറാണ് ഇതെന്നു വ്യക്തമായതോടെ അന്വേഷണം വ്യാപകമാക്കി. അപകടത്തിനുശേഷം പ്രതി വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം മാര്‍ച്ച് 14നു പ്രതി വിദേശത്തേക്കു കടന്നു. കാർ അപകടത്തിനുശേഷം ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് അന്വേഷണത്തിനു വഴിത്തിരിവായത്. കാര്‍ മതിലില്‍ ഇടിച്ചെന്നു വരുത്തിയാണു പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിനു ശ്രമിച്ചത്. അപകടത്തിനുശേഷം വാഹനത്തിനു രൂപമാറ്റം വരുത്തിയെന്നും പൊലീസ് കണ്ടെത്തി. അന്വേഷണത്തിന്‍റെ ഭാഗമായി 50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പൊലീസ് പരിശോധിച്ചു. തുടർന്നാണ് ഷെജിലിന്റെ കാറാണ് ഇടിച്ചതെന്നു കണ്ടെത്തിയത്.
ബേബിയും ദൃഷാനയും ബസ് ഇറങ്ങി ദേശീയപാത കുറുകെ കടക്കുമ്പോൾ ഷെജിലും കുടുംബവും സഞ്ചരിച്ച കാർ വന്നിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ കാർ മീത്തലങ്ങാടിയിലെ ബന്ധു വീട്ടിലേക്കു മാറ്റിയാണ് പ്രതി പൊലീസിന്റെ കണ്ണിൽനിന്നു രക്ഷപ്പെട്ടത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.