‘മണ്ഡലത്തിലെ ആളുകളും തട്ടിപ്പിനിരയായി, മുഖ്യമന്ത്രിക്ക് പരാതി നല്‍കി’; സരിൻ്റെ ആരോപണം തള്ളി നജീബ് കാന്തപുരം
കോഴിക്കോട്: സി.പി.എം. നേതാവ് പി. സരിന്‍ ഉന്നയിച്ച ആരോപണങ്ങള്‍നിഷേധിച്ച് നജീബ് കാന്തപുരം. പകുതിവിലയ്ക്ക് സ്‌കൂട്ടറും വീട്ടുപകരണങ്ങളും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എയായ നജീബിന് പങ്കുണ്ടെന്നായിരുന്നു സരിന്റെ ആരോപണം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ആരോപണം ഉന്നയിച്ചത്.
കേരളം കണ്ടതില്‍വെച്ച് ഏറ്റവുംവലിയ തട്ടിപ്പാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് നജീബ് കാന്തപുരം പറഞ്ഞു. തന്റെ മണ്ഡലത്തിലെ സ്ത്രീകളും കുട്ടികളും തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിട്ടുണ്ട്. എല്ലാ ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരേയും കബളിപ്പിച്ച് നടത്തിയ തട്ടിപ്പാണ് ഇത്. ഇരകള്‍ക്കൊപ്പം നില്‍ക്കലാണ് പ്രധാന കാര്യമെന്നും മുദ്രയുടെ പ്രവര്‍ത്തനം എന്താണെന്ന് ആര്‍ക്കും അന്വേഷിക്കാമെന്നും നജീബ് പറഞ്ഞു. ജനങ്ങളെ ശാക്തീകരിക്കുകയാണ് മുദ്ര ചെയ്യുന്നത്. സര്‍ക്കാര്‍ സഹായം ഇല്ലാതെയാണ് ഈ പ്രവര്‍ത്തനം ചെയ്യുന്നതെന്നും നജീബ് കാന്തപുരം കൂട്ടിച്ചേര്‍ത്തു.
.
പകുതി വിലയ്ക്ക് സ്‌കൂട്ടറും ഹോം അപ്ലൈന്‍സസും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന് പി.സരിൻ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എം.എല്‍.എ. തന്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നല്‍കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് നീണ്ടതാണ്. അത് വഴി എം.എല്‍.എ, ഒരേ സമയം ആളുകളില്‍നിന്ന് പണം തട്ടിക്കാനും, അതിനോടൊപ്പം തന്നെ മുദ്ര ഫൗണ്ടേഷന്റെ പേരില്‍ കോര്‍പ്പറേറ്റുകളില്‍നിന്ന് ഭീമമായ ഫണ്ടുകള്‍ സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചെന്നും സരിൻ ആരോപിച്ചിരുന്നു.
.
നജീബ് കാന്തപുരം എം.എല്‍.എ. നടത്തുന്ന തട്ടിപ്പിന്റെ മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവരുന്നതെന്ന് സരിന്‍ ആരോപിച്ചു. ‘ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗര്‍’ എന്ന തലക്കെട്ടോടെയാണ് സരിൻ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.
1000 കോടി രൂപയുടെ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്നത് ബി.ജെ.പി-കോണ്‍ഗ്രസ് ബന്ധമുള്ളവരാണെങ്കില്‍ അതിനുനേരിട്ട് നേതൃത്വം കൊടുത്തയാളാണ് പെരിന്തല്‍മണ്ണ എം.എല്‍.എ. നജീബ് കാന്തപുരമെന്നാണ് സരിന്‍ പറയുന്നത്. നജീബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍, പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന് ഗുണഭോക്താക്കളുടെ പട്ടിക നല്‍കിയതിലൂടെ എം.എല്‍.എ. ആളുകളില്‍ പണം തട്ടിക്കാനും മുദ്ര ഫൗണ്ടേഷന്റെ പേരില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചു എന്നാണ് സരിൻ്റെ ആരോപണം.
.
എം.എല്‍.എയ്ക്ക് ഈ തട്ടിപ്പില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുകൊണ്ടുവരുമെന്നും സരിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പറഞ്ഞുപറ്റിച്ച ആളുകള്‍ക്ക് സ്വന്തം പോക്കറ്റില്‍ നിന്നോ, ഫൗണ്ടേഷന്റെ പണത്തില്‍ നിന്നോ, മുസ്‌ലീം ലീഗിന്റെ ഫണ്ടില്‍ നിന്നോ പണം തിരികെ നല്‍കി രക്ഷപ്പെടാമെന്നു കരുതേണ്ടന്നും സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. എ.എന്‍.രാധാകൃഷ്ണന്‍ തന്റെ ഫൗണ്ടേഷന്‍ വഴി നടത്തിയ തട്ടിപ്പ് തന്നെയാണ് നജീബ് കാന്തപുരവും നടത്തിയിരിക്കുന്നതെന്നും സരിന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.