നവജാത ശിശുവിൻ്റെ കണ്ണും ചെവിയും സ്ഥാനത്തല്ല, വായ തുറക്കുന്നില്ല: ഗര്‍ഭകാലത്ത് അമ്മയെ ചികിത്സിച്ച 4 ഡോക്ടർമാർക്കെതിരെ കേസ്
ആലപ്പുഴ: വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ ഗര്‍ഭകാലത്ത് അമ്മയെ ചികിത്സിച്ച നാലുഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. ഗര്‍ഭകാലത്ത് സ്വകാര്യലാബില്‍ വെച്ച് നടത്തിയ സ്‌കാനിങ്ങില്‍ വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതില്‍ ഗുരുതരമായ കൃത്യവിലോപമുണ്ടെന്ന് കുഞ്ഞിന്റെ രക്ഷിതാക്കള്‍ പറഞ്ഞു.
ആലപ്പുഴ കടപ്പുറത്തുള്ള കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ അമ്മ സുറുമി ഗര്‍ഭകാല ചികിത്സ തേടിയത്. വായ തുറക്കാന്‍ പറ്റാത്ത തരത്തില്‍ ജനിച്ച കുഞ്ഞിന് അതീവ ഗൗരവമായ വൈകല്യങ്ങള്‍ ഉണ്ടായിരുന്നിട്ടുപോലും സ്‌കാനിങ്ങിന്റെ ഒരുഘട്ടത്തില്‍ പോലും ഇത് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പ്രധാനം ആരോപണം.
കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല, വായ തുറക്കുന്നുമില്ല. ഇത്തരത്തിൽ ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. മലർത്തികിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണ്. കാലിനും കൈയ്ക്കും വളവുമുണ്ട്.
ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിങ്ങിലൊന്നും ഡോക്ടർമാർ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനെതിരെയാണ് നവജാത ശിശുവിന്റെ അമ്മ പൊലീസിൽ പരാതി നൽകിയത്.
ആലപ്പുഴയിലെ സാധാരണക്കാര്‍ പ്രസവത്തിനായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് കടപ്പുറത്തെ ആശുപത്രി. നിരന്തരം ആശുപത്രിയ്‌ക്കെതിരെ ചികിത്സാപ്പിഴവുകള്‍ ഉയരാറുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചോ വൈകല്യത്തെക്കുറിച്ചോ ഡോക്ടര്‍മാര്‍ ഒരു സൂചനയും തന്നില്ല എന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
” പ്രസവിച്ച് മൂന്നുദിവസം കഴിഞ്ഞാണ് കുഞ്ഞിനെ അടുത്ത് കിട്ടിയത്. ഗര്‍ഭകാലത്ത് ഏഴുതവണ സ്‌കാന്‍ ചെയ്തതാണ്. ഏഴുതവണയും പറഞ്ഞത് കുട്ടിക്ക് ഒരു കുഴപ്പവുമില്ല എന്നാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം വരെ സാധാരണഗതിയിലാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ ഇപ്പോള്‍ പറയുന്നത് കാര്‍ഡിയാക് ഡോക്ടറെ കാണിക്കാനാണ്. കുഞ്ഞ് ഇപ്പോള്‍ കണ്ണുതുറക്കുന്നില്ല, ഹൃദയത്തില്‍ ദ്വാരമുണ്ടെന്ന് പറയുന്നു. ജനനേന്ദ്രിയം നേരെയല്ല. ശ്വാസംമുട്ട് ഉണ്ട്. മലര്‍ത്തികിടത്താന്‍ പറ്റില്ല. ചെരിച്ചോ, കമഴ്ത്തിയോ മാത്രമേ കിടത്താന്‍ പറ്റുള്ളൂ. ട്യൂബിലൂടെയാണ് ഫീഡിങ് നടത്തുന്നത്. കൈയ്ക്കും കാലിനും വളവുണ്ട്. സ്‌കാനിങ്ങില്‍ ഒരു കുഴപ്പവുമില്ല, പിന്നെ ഞങ്ങള്‍ എങ്ങനെ കണ്ടുപിടിക്കാനാണ് എന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ ചോദിക്കുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് എല്ലാ സ്‌കാനിങ്ങും നടത്തിയിരുന്നു. സാധാരണഗര്‍ഭിണികളേക്കാള്‍ കൂടുതല്‍ പ്രാവശ്യം എനിക്ക് സ്‌കാനിങ് നിര്‍ദ്ദേശിച്ചിരുന്നു. അതെല്ലാം ചെയ്തിട്ടുണ്ട്. പ്രസവത്തിന് അഡ്മിറ്റായതിനുശേഷവും സ്‌കാനിങ് നിര്‍ദ്ദേശിച്ചിരുന്നു.
ഒന്‍പതാം മാസത്തെ സ്‌കാനിങ്ങില്‍ വീണ്ടും ഫ്‌ലൂയിഡ് കൂടിയെന്നു പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഇത്. അടുത്തദിവസം വീണ്ടും സ്‌കാനിങ്. ഒടുവില്‍ കുട്ടിക്ക് അനക്കക്കുറവു പറഞ്ഞ് നവംബര്‍ രണ്ടിന് ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റി. പരിശോധിച്ച റിപ്പോര്‍ട്ടുകള്‍ കാണിച്ചു. അംഗവൈകല്യമുണ്ടാകാമെന്ന് അവിടത്തെ ഡോക്ടര്‍ പറഞ്ഞു. വീണ്ടും സ്‌കാനിങ് നടത്തി. അനക്കമുണ്ടെന്നു പറഞ്ഞു. അങ്ങനെ എട്ടാംതീയതിവരെ തുടര്‍ന്നു. അന്ന് വീണ്ടും കുഞ്ഞിന് അനക്കക്കുറവു പറഞ്ഞ് സിസേറിയന്‍ നടത്താമെന്നായി. പുറത്തെടുത്ത ഉടന്‍ എന്‍.ഐ.സി.യു.വില്‍ കൊണ്ടുപോയി.
കുഞ്ഞിന് പ്രത്യേക പരിചരണം ആവശ്യമായതിനാല്‍ അമ്മയ്ക്ക് പരിശീലനം വേണമെന്നുപറഞ്ഞ് നാലുദിവസം എന്‍.ഐ.സി.യു.വില്‍ തുടര്‍ച്ചയായി ഇരിക്കേണ്ടിവന്നു.
മറ്റാരും സഹായത്തിനില്ലാത്തതിനാല്‍ ഞാന്‍ തന്നെ ഇരുന്നു. വയറിന്റെ ഭാഗത്ത് ഇപ്പോള്‍ നീരുണ്ട്. ഈ വേദനകള്‍ക്കൊക്കെ എന്തു പരിഹാരം കണ്ടെത്തി നല്‍കാനാകും?
ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ കാണിക്കുകയോ എന്തുകുഞ്ഞാണെന്ന് പറയുകയോ ചെയ്തില്ല. കുഞ്ഞിന് അസ്വാഭാവികതകള്‍ ഉള്ളതായി ഡോക്ടര്‍മാര്‍ തമ്മില്‍ പറയുന്നത് കേട്ടാണ് മനസ്സിലാക്കിയത്. രണ്ടുദിവസത്തില്‍ കൂടുതല്‍ കുഞ്ഞ് ജീവിച്ചിരിക്കില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നത് കേട്ടിരുന്നു. ഈ വിവരങ്ങളൊന്നും എന്നെ നേരിട്ട് അറിയിച്ചിട്ടില്ല. ആദ്യത്തെ രണ്ട് പ്രസവവും കടപ്പുറം ആശുപത്രിയില്‍ നിന്നാണ് നടന്നത്. മൂത്ത മക്കളെ കാണിച്ചിരുന്നതും ഇവിടെത്തന്നെയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യാവസ്ഥ മോശമാണ്. പലപലവിഭാഗങ്ങളില്‍ വേണം കുഞ്ഞിനെ കാണിക്കാന്‍. രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ മുലപ്പാല്‍ കറന്നെടുത്താണ് കൊടുക്കുന്നത്. കരഞ്ഞുകരഞ്ഞ് ഒരു പരുവത്തിലാവുകയാണ് കുഞ്ഞ്. കുട്ടികളുടെ ഹൃദ്രോഗവിദഗ്ദനെ കാണിക്കാനാണ് പറഞ്ഞിരിക്കുന്നത്. അത് ആലപ്പുഴയില്‍ ഇല്ല.”- കുഞ്ഞിന്റെ അമ്മ സുറുമി പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.