തെളിവുകള്‍ കെട്ടിച്ചമക്കുമെന്ന് നവീന്‍ ബാബുവിൻ്റെ ഭാര്യ; കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. ഡിസംബര്‍ ആറിന് കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദേശം. ഡിസംബര്‍ 9ന് കേസില്‍ വിശദവാദം കോടതി കേള്‍ക്കും. എ.ഡി.എം നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
.
പ്രതി ദിവ്യക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും കുടുംബം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയാതാകാമെന്ന സംശയവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മരിക്കുന്നതിനു മുമ്പുള്ള മണിക്കൂറുകളിൽ നവീൻ ബാബുവിന് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നു കുടുംബം പറഞ്ഞു. അതേസമയം, ഹർജി തീർപ്പാക്കുന്നതുവരെ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിക്കുന്നതു തടയണമെന്ന കുടുംബത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണം നടക്കട്ടെയെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിലെ ഇൻസ്പെക്ടറാണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്.
കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നു കോടതി ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്നു പറയുന്നതിൽ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതിൽ ഉപരി മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും കോടതി ചോദിച്ചു.
.
ഒക്ടോബര്‍ 15- ന് രാവിലെ എട്ടിന് കളക്ട്രേറ്റ് ഉദ്യോഗസ്ഥനാണ് നവീന്‍ബാബു മരിച്ചതായി അറിയിച്ചത്. എന്നാല്‍, വീട്ടുകാര്‍ എത്തും മുന്‍പേ പോലീസ് തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് തയാറാക്കിയത് സംശയകരമാണ്. ഇന്‍ക്വസ്റ്റിന് ഉറ്റബന്ധുക്കളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന നിയമം ലംഘിക്കപ്പെടുകയാണ് ചെയ്തത്. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ സംഭവങ്ങള്‍.
.
കൂടാതെ, യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ബാബുവിനെ ആരെല്ലാം സന്ദര്‍ശിച്ചു എന്നത് കണ്ടെത്തേണ്ടത് അനിവാര്യമാണ്. നവീന്‍ബാബു ഉണ്ടായിരുന്ന കളക്ടേറ്റ് പരിസരത്തേയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലേയും റെയില്‍വേ സ്റ്റേഷനിലേയും സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ ഇക്കാര്യങ്ങള്‍ വ്യക്തമാകും. എന്നാല്‍, കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ഈ സി സി ടി വി ദൃശ്യങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. നവീന്‍ കോഴ വാങ്ങിയെന്നാരോപിച്ച് പെട്രോള്‍ പമ്പ് അപേക്ഷകന് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
.
പി.പി.ദിവ്യയുടെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം സമഗ്രമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വകുപ്പുതല പരിപാടി മാത്രമായിരുന്നു നടന്നത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ യോഗം തുടങ്ങിയ ശേഷം ജില്ല പ്രസിഡന്റ് പി.പി.ദിവ്യ അതിക്രമിച്ചു കയറുകയായിരുന്നു. യോഗത്തില്‍ അവര്‍ നവീന്‍ അഴിമതിക്കാരനാണെന്നും പതിവായി കോഴവാങ്ങുന്നയാളാണെന്നുമുള്ള വ്യാജ ആരോപണമുന്നയിച്ചു. ഇത് റെക്കാഡ് ചെയ്യാന്‍ ക്യാമറമാനേയും കൊണ്ടുവരുകയും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു.
.
പത്തനംതിട്ട ജില്ലയിലെ ജീവനക്കാര്‍ക്കടക്കം ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്തു. എന്നാല്‍ അന്വേഷണസംഘം അന്വേഷണം നടത്തിയില്ല. കേസിലെ ഏക പ്രതിയായ ദിവ്യയെ തെളിവ് കെട്ടിച്ചമയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കണമെന്നും സിപിഎം നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാല്‍ സി ബി ഐ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
.
നവീന്‍ ബാബുവിന്റെ മരണത്തില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്നും കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തന്റെയും ഫോണ്‍ കോള്‍ വിവരങ്ങളും ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബത്തിന്റെ അഭിഭാഷകന് ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കവേ തലശേരി കോടതിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോള്‍ റെക്കോര്‍ഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തടസ്സപ്പെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകള്‍ സംരക്ഷിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.