‘മീൻകറിക്ക് പുളിയില്ല’: നീമയെ മർദിച്ച് രാഹുൽ; അന്ന് പൊലീസിനെ പറ്റിച്ച് മുങ്ങി, ഇന്ന് വധശ്രമത്തിന് കേസ്
കോഴിക്കോട്: പൊലീസിനെ വട്ടംകറക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പുതിയ വഴിത്തിരിവിൽ. ഹൈക്കോടതി അനുമതിയോടെ, ഒരുമിച്ചു ജീവിക്കാൻ ആരംഭിച്ച പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലും ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയും (26) തമ്മിൽ വീണ്ടും അടിപൊട്ടി. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട രാഹുലിനെതിരെ നീമയുടെ പരാതിയിൽ വധശ്രമത്തിനാണു കേസെടുത്തത്. ചെറിയ പ്രശ്നങ്ങളാണ് മർദനത്തിൽ കലാശിച്ചതെന്ന് പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു. വധശ്രമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം നൽകുന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും പൊലീസ് അറിയിച്ചു.
.
മീൻകറിക്ക് പുളി ഇല്ലെന്ന് പറഞ്ഞാണ് രാഹുൽ മർദിച്ചതെന്ന് നീമ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഞായറാഴ്ചയാണ് ആദ്യം മർദിച്ചത്. തിങ്കളാഴ്ച വീണ്ടും മർദിച്ചു. പരുക്കേറ്റതോടെ നീമയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം രാഹുൽ മുങ്ങുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് കസ്റ്റിയിലെടുത്തു. ആദ്യം പരാതി നൽകാൻ നീമ തയാറായില്ല. എന്നാൽ പറവൂരിൽനിന്നു മാതാപിതാക്കൾ എത്തിയശേഷം പൊലീസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. നീമ മാതാപിതാക്കൾക്കൊപ്പം പറവൂരിലേക്ക് പോകും.
.
രാഹുലിന്റെ വീട്ടിൽനിന്ന് ഇന്നലെ രാത്രിയാണ് നീമയെ ആംബുലൻസിൽ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്നു പന്തീരാങ്കാവ് ഇൻസ്പെക്ടറും വനിത എഎസ്ഐയും രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പരാതി ഇല്ലെന്നാണ് പറഞ്ഞത്. നേരത്തേ രാഹുൽ മർദിച്ചതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയിൽ രാഹുൽ ഉൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തിരുന്നു. കേസെടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണം വലിയ വിമർശനത്തിനിടയാക്കി.
.
ഇതിനിടെ ജർമനിയിൽ ജോലി ഉണ്ടായിരുന്ന രാഹുൽ വിദേശത്തേക്ക് കടന്നു. സിംഗപ്പൂർ വഴിയാണ് ജർമനിയിലേക്ക് പോയത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാതാപിതാക്കളുടെ നിർബന്ധം മൂലമാണ് രാഹുലിനെതിരെ പരാതി നൽകിയതെന്നും പരാതി വ്യാജമാണെന്നും അറിയിച്ച് നീമ രംഗത്തെത്തി. തുടർന്ന് കേസ് ഹൈക്കോടതിയിൽ എത്തുകയും, കേസ് റദ്ദാക്കിയ കോടതി ഇരുവരെയും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുകയുമായിരുന്നു.
.
രാഹുലിന് വിദേശത്തേക്ക് കടക്കാൻ ഒത്താശ ചെയ്ത പൊലീസുകാരൻ ഉൾപ്പെടെ കേസിൽ പ്രതിയായിരുന്നു. സംഭവത്തിൽ പൊലീസ് നടപടിയിൽ വീഴ്ച ഉണ്ടായെന്ന വിമർശനത്തിലും വനിതാ കമ്മിഷൻ ഇടപെടലിലും പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ 2 പൊലീസുകാരെ ഐജി സസ്പെൻഡ് ചെയ്തു. പിന്നീട് രാഹുൽ ഒഴികെ 4 പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
.
കേസ് ഹൈക്കോടതിയിൽ ഒത്തുതീർപ്പാകുന്ന ഘട്ടത്തിലാണ് രാഹുൽ തിരിച്ചെത്തിയത്. അതിനാൽ രാഹുലിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനായില്ല. ഒരുമിച്ചു ജീവിക്കാൻ ഇരുവരും ഹൈക്കോടതിയിൽ നൽകിയ ഒത്തുതീർപ്പ് ഹർജി തീർപ്പാക്കി കേസ് കോടതി റദ്ദാക്കുകയായിരുന്നു. തുടർന്ന് പന്തീരാങ്കാവിലെ വീട്ടിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു ഇരുവരും.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.