‘അൻവറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് സിപിഎം; പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല, ജനം പിന്തുണച്ചാൽ പുതിയ പാർട്ടിയെന്ന് അൻവർ

ന്യൂഡല്‍ഹി: പി.വി. അന്‍വറുമായുള്ള പാര്‍ട്ടിയുടെ എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
.
സർക്കാരിനെതിരെ അൻവറിന് ആരോപണം ഉന്നയിക്കാമെന്നും എന്നാൽ ഇടത് എംഎൽഎയായി ഇരുന്ന് അങ്ങനെ പറയാൻ കഴിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. താൻ എൽഡിഎഫിൽ ഇല്ലെന്നും പിണറായി കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും പറയാം. പക്ഷേ, ഇടത് എംഎൽഎയായി ഇരുന്നുകൊണ്ട് അങ്ങനെ പറയാൻ കഴിയില്ല. പാർട്ടിക്ക് അൻവറിനെ പുറംതള്ളമെന്ന അഭിപ്രായം അന്നുമില്ല, ഇന്നുമില്ല. പി.വി.അൻവറുമായുള്ള എല്ലാ ബന്ധവും സിപിഎം ഉപേക്ഷിക്കുകയാണ്. പിണറായി വിജയനാണോ പാർട്ടിയെന്ന ചോദ്യത്തിന്, പിണറായി വിജയൻ പാർട്ടിയല്ലെന്നും സിനീയറായ പാർട്ടി നേതാവാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഒരു കേസും പിണറായിക്കെതിരെ ഇല്ല. കേസില്ലാതെ എങ്ങനെ അദ്ദേഹത്തെ അറസ്റ്റു ചെയ്യും. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിനായി ഡൽഹിയിൽ എത്തിയ എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിലൂടെയാണ് അൻവറിനെതിരെ ആഞ്ഞടിച്ചത്.
.
പിണറായിക്കെതിരെയുള്ള നീക്കമെല്ലാം രാഷ്ട്രീയ വേലയാണ്. അതിനെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ട്. പിണറായിയെ അറസ്റ്റ് ചെയ്യണമെങ്കിൽ എഫ്ഐആർ വേണം. അങ്ങനെ എഫ്ഐആർ ഇല്ല. പിന്നെ എങ്ങനെ അറസ്റ്റു ചെയ്യുമെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. അൻവറിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പറഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
.
അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവർക്ക് അനുകൂലമായ വാർത്താമാധ്യമങ്ങളും പ്രചാരണം നടത്തിവരുകയാണ്. അവരുടെ വക്കാലത്ത് ഏറ്റുപിടിച്ച് പുറപ്പെട്ടിരിക്കുകയാണ് പി.വി.അൻവറെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.
.


.
അതേ സമയം സിപിഎമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നു എംഎൽഎ പി.വി. അൻവർ. പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതു പൊലീസ് ആണെന്നും സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞത്. പൊതുപ്രശ്നങ്ങളുമായി ആളുകൾ പാർട്ടി ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണ് ഇന്നുള്ളതെന്നും അൻവർ വിശദീകരിച്ചു.
.

മുഖ്യമന്ത്രിയോട് എന്തും പറയാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടും അൻവർ പ്രതികരിച്ചു. സ്വാതന്ത്ര്യമുണ്ടെന്നു പാർട്ടി ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ അതു നടക്കാറില്ല. എം.വി. ഗോവിന്ദനു അങ്ങനെ മാത്രമേ പറയാൻ സാധിക്കു. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയും കാലത്തും അത് പ്രാവർത്തികമായിരുന്നെന്നും അൻവർ പ്രതികരിച്ചു.

.

പി.വി.അൻവറിന്റെ വാക്കുകൾ

വടകരയിൽ കെ.കെ. ശൈലജയ്ക്ക് വോട്ട് കിട്ടാതിരുന്നതു പാർട്ടി സഖാക്കൾ പ്രതിഷേധം രേഖപ്പെടുത്തിയതുകൊണ്ടാണ്. എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. മനുഷ്യന്റെ ഭാഷയിലാണു സംസാരിക്കുന്നത്. പക്ഷേ ഒരു പ്രശ്നമുണ്ടായാൽ സാധാരണക്കാരായ പ്രവർത്തകരോട് വിളിച്ചുചോദിക്കണം. ഏഴാംകൂലിയായ അൻവർ നടത്തിയ അന്വേഷണം പോലും പാർട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല.
.
ഇവനാരിത് ഇതൊക്കെ പറയാൻ, സംഘടനയുമായി ബന്ധമില്ലാത്തവൻ എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാർട്ടി കാണുന്നത്. എന്നെ ചവിട്ടി പുറത്താക്കിയതുകൊണ്ട് ഞാൻ പുറത്തുപോകില്ല. ഞാൻ കാവൽക്കാരനായി റോഡിൽ സുരക്ഷാ ഉദ്യോഗസ്ഥനായി നിൽക്കും. ഞാൻ നിർത്തില്ല പറഞ്ഞുകൊണ്ടിരിക്കും. കോക്കസിലില്ലാത്തവർ എനിക്കൊപ്പം നിൽക്കും.
.
രാഷ്ട്രീയ നേതൃത്വത്തിലെ കൊള്ളരുതായ്മകൾക്കെതിരെയാണു സംസാരിക്കുന്നത്. എല്ലാവർക്കുമെതിരെ സംസാരിക്കും. ജനങ്ങൾ എവിടെ നിൽക്കുന്നു എന്നറിയാനാണ് ഞാൻ ശ്രമിക്കുന്നത്. ജനങ്ങളുടെ പ്രതികരണമറിയുന്നതിനാണ് ഗൂഗിൾ ഫോം ഇട്ടത്. ജനം പിന്തുണച്ചാൽ പുതിയ പാർട്ടിയെക്കുറിച്ച് ആലോചിക്കും. തനിക്കെതിരായ നേതൃത്വത്തിന്റെ നിലപാട് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്.
.
കപ്പൽ ഒന്നായി മുങ്ങാൻ പോവുകയാണ്. കപ്പൽ ദുർബലമായി തുടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. ആ എന്നെ കപ്പലുമുക്കാൻ വന്നവൻ എന്ന രീതിയിലാണ് കണ്ടത്. ജീപ്പിൽ മൈക്കും കെട്ടിയിറങ്ങി ജനങ്ങളോട് എല്ലാം വിളിച്ചുപറയും. പൂരം കലക്കിയതിൽ എന്ത് അന്വേഷണമാണ് നടക്കുന്നത്. എല്ലാം പ്രഹസനമാണ്. മാധ്യമങ്ങൾ അതിന് പുറകെ പോയി സമയം കളയരുത്.
.
എനിക്കെതിരെ മൂർദാബാദ് വിളിച്ചവർ സത്യം മനസ്സിലാക്കി സിന്താബാദ് വിളിച്ചു. തീപ്പന്തം പോലെ കത്തിജ്വലിക്കും. പി.ശശിയുൾപ്പെടെയുള്ളവർക്കെതിരെ പാർട്ടിക്ക് നൽകിയ കത്ത് നാളെ പുറത്തുവിടും. എം.ആർ.അജിത് കുമാറിനെ പൊലീസ് ആസ്ഥാനത്ത് പോലും കയറാൻ അനുവദിക്കരുത്.
.

 

Share
error: Content is protected !!