ആളിപടരാൻ വീണ്ടും പി.വി അൻവർ; വിലക്ക് ലംഘിച്ച് വീണ്ടും പരസ്യ പ്രസ്താവന തുടരുമോ, അൻവറിൻ്റെ ലക്ഷ്യമെന്ത്? മുന്നില്‍ 4 വഴികള്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റും തള്ളിയിട്ടും പരസ്യപ്രതികരണത്തിന് മണിക്കൂറുകളുടെ മാത്രം അവധി നല്‍കി വീണ്ടും ‘വിലക്ക്’ ലംഘിച്ച് തുറന്നടിക്കാന്‍ ഒരുങ്ങുന്നതോടെ പി.വി. അന്‍വറിന്റെ വഴി ഇനി ഏത് എന്ന ചോദ്യമാണ് ഉയരുന്നത്. വലിയ രാഷ്ട്രീയ പ്രഖ്യാപനം തന്നെ നടത്തിയേക്കാമെന്ന ഊഹാപോഹവും പ്രചരിക്കുന്നുണ്ട്. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിലും പടപ്പുറപ്പാടാണ് ഉന്നമെങ്കില്‍ നിലമ്പൂരില്‍ രണ്ടുതവണ സി.പി.എം. സ്വതന്ത്രനായി ജയിച്ച അന്‍വറിന് ഇനി ഇടത് ക്യാമ്പില്‍ ഇടമുണ്ടാവില്ല.
.
പോലീസിലെ ഒരുവിഭാഗത്തിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ രൂക്ഷമായ ഭാഷയിലായിരുന്നു കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ ആക്രമണം. മാധ്യമങ്ങളിലൂടെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളോട് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനടക്കം ആദ്യം അനകൂലമായാണ് പ്രതികരിച്ചത്. ഒരുമാസത്തെ മൗനത്തിന് ശേഷമാണ് ശനിയാഴ്ച മുഖ്യമന്ത്രി അന്‍വറിനെയും പരസ്യമായി ആരോപണം നടത്തുന്ന ശൈലിയെയും തള്ളിപ്പറഞ്ഞത്. അതിനുശേഷവും പത്രസമ്മേളനം നടത്തി അന്‍വര്‍ ‘വിപ്ലവം’ തുടര്‍ന്നതോടെയാണ് ഞായറാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റും രംഗത്തുവന്നത്.
.

സി.പി.എം. പാര്‍ലമെന്ററി പാര്‍ട്ടി അംഗമായ അന്‍വര്‍ സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരേ മാധ്യമങ്ങള്‍ വഴി തുടര്‍ച്ചയായി ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്ന നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നാണ് സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. ഇത്തരം നിലപാടുകള്‍ ശത്രുക്കള്‍ക്ക് സര്‍ക്കാറിനെയും പാര്‍ട്ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. അത് തിരുത്തി പിന്തിരിയണമെന്നുമാണ് പരസ്യമായ അഭ്യര്‍ത്ഥന. ഇനിയും ആരോപണങ്ങളുന്നയിച്ചാല്‍ സി.പി.എം. അച്ചടക്ക നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പ് കൂടിയായിരുന്നു അത്. പാര്‍ട്ടിനിര്‍ദേശം ശിരസ്സാവഹിക്കാന്‍ ബാധ്യസ്ഥനാണെന്നു വ്യക്തമാക്കിയ അന്‍വര്‍ പരസ്യപ്രസ്താവന താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് ഞായറാഴ്ച രാത്രി എട്ടരയോടെ സാമൂഹികമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി.
.
പ്രതിഷേധവും വിമര്‍ശനവും ജനാധിപത്യത്തിന്റെ മാര്‍ഗങ്ങളാണെന്നും അന്‍വറിനും ആ അവകാശമുണ്ടെന്നുമായിരുന്നു തുടക്കത്തില്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. പക്ഷേ, അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവുമായ പി. ശശിയെയും ഒരുപരിധിവരെ മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കിയതോടെയാണ് പാര്‍ട്ടി അദ്ദേഹത്തെ തള്ളിപ്പറഞ്ഞത്.
.
എന്നാല്‍ രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം പി.വി. അന്‍വര്‍ എം.എല്‍.എ. വീണ്ടും പോര്‍മുഖത്തെത്തി. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിന്റെ ആര്‍.എസ്.എസ്. ബന്ധം അന്വേഷിക്കാനുള്ള തീരുമാനം ഇക്കൊല്ലത്തെ ഏറ്റവും വലിയ തമാശയാണെന്നും ‘നൊട്ടോറിയസ് ക്രിമിനലാ’യ എ.ഡി.ജി.പി.യെ സര്‍വീസില്‍നിന്ന് ഡിസ്മിസ് ചെയ്യുകയാണ് വേണ്ടതെന്നും പി.വി. അന്‍വര്‍ ബുധനാഴ്ച പറഞ്ഞു.
.

‘ആര്‍.എസ്.എസിനുവേണ്ടി കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നത് എ.ഡി.ജി.പി. അജിത്കുമാറാണ്. അയാള്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണ്. ഞാനാദ്യം പറഞ്ഞത് അയാളെ മാറ്റി നിര്‍ത്തണമെന്നാണ്. സസ്‌പെന്‍ഷനല്ല, അയാളെ ഡിസ്മിസ് ചെയ്യണം. ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് അയാളെ താഴെയിറക്കണം. ഈ നാട്ടില്‍ മൂക്ക് കീഴ്‌പോട്ടായ എല്ലാ മനുഷ്യര്‍ക്കുമറിയാം അയാള്‍ ആര്‍.എസ്.എസുമായി നല്ല ബന്ധത്തിലാണെന്ന്. അവര്‍ക്ക് എല്ലാ കാര്യങ്ങളും അദ്ദേഹമാണ് നടത്തിക്കൊടുക്കുന്നത് എന്നത് പ്രപഞ്ചസത്യംപോലെ നില്‍ക്കുകയല്ലേ. അതിലിനി അന്വേഷണം എന്തിനാണ്’ -അന്‍വര്‍ ചോദിച്ചു.
.
ഇന്നത്തെ വാര്‍ത്തസമ്മേളനവും ആരോപണങ്ങളുടെ തുടര്‍ച്ചയാണെങ്കില്‍ അന്‍വറിന് മുന്നില്‍ ഇനി ഇടത് വഴി അടയും. അത് ഏറക്കുറെ ഉറപ്പാണ്. പഴയ തട്ടകത്തിലേക്ക് അന്‍വര്‍ മടങ്ങുമോ. കോണ്‍ഗ്രസ് സ്വീകരിക്കാന്‍ തയ്യാറാകുമോ. പ്രത്യേകിച്ച് ആര്യാടന്‍ മുഹമ്മദ് അനുസ്മരണം വലിയ പരിപാടിയാക്കി നിലമ്പൂരില്‍ പഴയ കരുത്ത് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് കച്ചകെട്ടിയിറങ്ങിയതോടെ അന്‍വറിന് കൈ കൊടുക്കുമോ എന്ന ചോദ്യം ബാക്കിയാണ്. പോരാട്ടം ഒറ്റയ്ക്കാണ് ഇനി തുടര്‍ന്നും ഇടത് സ്വതന്ത്രന്‍ എന്ന ബ്രാക്കറ്റ് ഒഴിവാക്കി സര്‍വ്വസ്വതന്ത്രനായുള്ള പോരാട്ടമാകുമോ അന്‍വറിന്റെ ഒരുക്കം. അന്‍വറിന്റെ പഴയ കോണ്‍ഗ്രസ് പശ്ചാത്തലം മുഖ്യമന്ത്രി സ്മരിച്ചപ്പോള്‍ ഇ.എം.എസ്സും പഴയ കോണ്‍ഗ്രസാണെന്നായിരുന്നു അന്‍വറിന്റെ തിരിച്ചടി. ഒരുദശാബ്ദത്തോളമായി കോണ്‍ഗ്രസിനും-ലീഗിനുമെതിരായ പോരാട്ടമാണ് അന്‍വറിന് അണികളെ സമ്മാനിച്ചത്.

.

മുന്നില്‍ 4 വഴികള്‍

1. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ശാസന ഉള്‍ക്കൊണ്ട് പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കണം. എന്നാല്‍, തുടങ്ങിവെച്ച പോരാട്ടം പാതി വഴിയില്‍ ഉപേക്ഷിച്ചെന്ന വിമര്‍ശനം കേള്‍ക്കേണ്ടിവരും. അത് പാര്‍ട്ടി അണികളടക്കം വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഇല്ലാതാക്കുമെങ്കിലും വീണ്ടും സീറ്റ് കിട്ടിയേക്കാം.

2. അന്‍വര്‍ തന്നെ അവകാശപ്പെട്ടപോലെ പുഴുക്കുത്തുകളെ പുറത്താക്കാനുള്ള വിപ്ലവം തുടരാം. എന്നാല്‍, സി.പി.എം. അച്ചടക്ക, പ്രതികാര നടപടികളിലേക്ക് കടന്നാല്‍ എന്തു ചെയ്യുമെന്ന് കാത്തിരുന്ന് കാണണം. അന്‍വറിന്റെ പല സമീപനങ്ങളോടും എതിര്‍പ്പുണ്ടെങ്കിലും ഇപ്പോള്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രസക്തമാണെന്ന നിലപാടാണ് കോണ്‍ഗ്രസിനും മുസ് ലിം ലീഗിനും. അത് ഉപയോഗപ്പെടുത്തി യു.ഡി.എഫിന്റെ ഭാഗമാകണം. എന്നാല്‍, പഴയ കോണ്‍ഗ്രസുകാരനായ അന്‍വറിന് തിരിച്ചുകൊണ്ടുവരാന്‍ ഇരുപാര്‍ട്ടിയും താല്‍പ്പര്യം കാണിച്ചിട്ടില്ല.

3. ഇരുമുന്നണികളിലും ഇടംകിട്ടിയില്ലെങ്കില്‍ സ്വതന്ത്രനായി നിലമ്പൂരില്‍ വീണ്ടും മത്സരിക്കാം. 2011-ല്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച് 47,452 വോട്ടോടെ രണ്ടാമതെത്തിയ ചരിത്രം അന്‍വറിനുണ്ട്. അന്ന് സി.പി.ഐ. സ്ഥാനാര്‍ഥി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

4. തിരഞ്ഞെടുപ്പില്‍ നിന്നും ക്രമേണ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കാം. അതിനു പക്ഷേ, അന്‍വര്‍ തയ്യാറാകാനുള്ള സാധ്യത കുറവാണ്.
.

Share
error: Content is protected !!