മൃതദേഹം വിട്ടുനൽകില്ലെന്ന് മകൾ; ലോറന്‍സിൻ്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ, ടൗൺഹാളിൽ കയ്യാങ്കളി

കൊച്ചി: മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങള്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരേ മകള്‍ ആശാ ലോറന്‍സ് രംഗത്തെത്തിയതോടെയാണ് പൊതുദര്‍ശനത്തിനിടെ കയ്യാങ്കളി അരങ്ങേറിയത്.
.
എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ എം.എം. ലോറന്‍സിന് ഔദ്യോഗിക ബഹുമതി നല്‍കി. ഇതവസാനിച്ച ഉടനേ സി.പി.എം. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. ഇതോടെ ആശ ശവപേടകത്തിന് മുകളില്‍ കെട്ടിപ്പിടിച്ച് അച്ഛന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനാവില്ലെന്ന് പറഞ്ഞു. മുദ്രാവാക്യം വിളികള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍, സി.പി.എം. പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് അവരെ മാറ്റി. ഇതിനിടെ ആശയും മകനും താഴെവീണു.
.
കോടതി വിധി പറഞ്ഞതിനു പിന്നാലെ മൃതദേഹത്തിനരികിൽ ആശയും മകനും നിലയുറപ്പിച്ചിരുന്നു. സിപിഎമ്മിന്റെ വനിതാ അംഗങ്ങളും മുദ്രാവാക്യം വിളികളുമായി ഇവിടെ നിറഞ്ഞു. മൃതശീരീരം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും സിപിഎം മൂർദാബാദ് എന്നും വിളിച്ച് ആശ ഇതോടെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കിടന്നു. ഇതോടെ സിപിഎം അംഗങ്ങൾ പിന്നോട്ടുമാറുകയും എംഎം ലോറന്‍സിന്റെ മറ്റൊരു മകൾ സുജാത അടക്കമുള്ള ബന്ധുക്കളടക്കൾ ഇവർക്കരികിലെത്തുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ ആശയുടെ മകനെ ബലമായി മൃതദേഹത്തിനരികിൽ നിന്നു മാറ്റി. കയ്യേറ്റ ശ്രമവും ഉണ്ടായതോടെ മറ്റു ബന്ധുക്കൾ ഇടപെട്ട്് സംഭവങ്ങൾ നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെ ആശയും നിലത്തുവീണു. മൃതദേഹം രാവിലെ ടൗൺഹാളിൽ പൊതുദര്‍ശനത്തിന് വച്ചപ്പോൾ ആശ എത്തുകയും മടങ്ങുകയും ചെയ്തിരുന്നു. തുടർന്നാണ് കോടതി വിധി ഉണ്ടായതിനു പിന്നാലെ മകനൊപ്പം ആശ വീണ്ടും ഇവിടേക്ക് എത്തിയത്.
.
ലോറൻസിനെ തന്റെ അമ്മ ബേബിയെ സംസ്കരിച്ചിരിക്കുന്ന കലൂർ കതൃിക്കടവ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ തന്നെ സംസ്കരിക്കണമെന്നാണ് ആശയുടെ ആവശ്യം. ആശയുടെ മകൻ മിലൻ ബിജെപി പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ എം.എം.ലോറന്‍സ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിപിഎം എം.എം.ലോറൻസിനെ പാർട്ടിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ് എന്നായിരുന്നു ആശയുടെ നിലപാട്.  മൃതദേഹം ആശുപത്രിക്ക് കൈമാറാൻ തീരുമാനിച്ചതിനു പിന്നിലും ചതിയുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. മൃതദേഹം ആശുപത്രിക്ക് കൈമാറുന്നതിനതിരെ ഞായറാഴ്ച തന്നെ ഫെയ്സ്ബുക് പോസ്റ്റുമായി ആശ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം  കളമശേരിയിലുള്ള എറണാകുളം ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. എത്രയും വേഗം മൃതദേഹത്തിന്റെ കാര്യത്തിൽ മെഡിക്കൽ കോളജ് അധികൃതർ തീരുമാനമെടുത്തേക്കും.
.
അതേസമയം, പിതാവിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്ന് മകന്‍ സജീവ് പറഞ്ഞു. സംഘപരിവാര്‍- ബി.ജെ.പി. ശക്തികളാണ് സഹോദരി ആശയുടെ നിലപാടിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
.

Share
error: Content is protected !!