തൃശൂര്‍ പൂരം കലക്കല്‍: ബാഹ്യ ഇടപെടലില്ല, ഗൂഢാലോചനയില്ല; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്, റിപ്പോര്‍ട്ട് തള്ളി സുനില്‍ കുമാർ

തൃശ്ശൂ‍ർ‍ പൂരം അലങ്കോലമായ സംഭവത്തിൽ ​ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പൂരം ഏകോപനത്തിൽ അന്നത്തെ കമ്മിഷണർ അങ്കിത് അശോകന് വീഴ്ച പറ്റി. കമ്മിഷണറുടെ പരിചയക്കുറവ് വീഴ്ചയായെന്നും എ.ഡി.ജി.പി.എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
.
പൂരം അലങ്കോലമായതിൽ ബാഹ്യ ഇടപെടലുകളില്ല. ലോക്കൽ പോലീസിന്റെ ഏകോപനത്തിലുണ്ടായ വീഴ്ചയാണ് പൂരം അലങ്കോലമാകുന്നതിലേക്ക് നയിച്ചത്. പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കാരണക്കാരെ അനുനയിപ്പിക്കാൻ പോലീസിന് കഴിഞ്ഞില്ല. പകരം, പ്രശ്നം കൂടുതൽ ​​ഗൗരവത്തിലേക്ക് എത്തിക്കുന്നതായിരുന്നു നടപടി.
.
പൂരവുമായി ബന്ധപ്പെട്ട് കോടതി നിർദേശങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ശ്രമിച്ചതും പൂരം അലങ്കോലമാകുന്നതിലേക്ക് കാര്യങ്ങൾ നയിച്ചു. ഉത്സവം നടത്തിപ്പുമായിബന്ധപ്പെട്ട ചില വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് വലിയ പ്രശ്നമായെന്നും കണ്ടെത്തൽ.
.
ശനിയാഴ്ച രാത്രിയാണ് തൃശ്ശൂർപ്പൂരം അലങ്കോലമായ സംഭവത്തിലെ അന്വേഷണറിപ്പോർട്ട് എ.ഡി.ജി.പി. അജിത്കുമാർ ഡി.ജി.പി.ക്ക് സമർപ്പിച്ചത്. പ്രത്യേകദൂതൻ വഴിയാണ്‌ റിപ്പോർട്ട്‌ നൽകിയത്‌. ചൊവ്വാഴ്ചയ്ക്കുമുൻപ് റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു.
.
അതേസമയം തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് തള്ളി വി എസ് സുനില്‍ കുമാര്‍ രംഗത്തെത്തി. ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല. പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും മുന്‍കൂട്ടിയുള്ള ആസൂത്രണവും നടന്നിട്ടുണ്ടെന്ന് തന്നെ ആവര്‍ത്തിക്കുന്നുവെന്ന് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിച്ചതില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു സുനില്‍ കുമാര്‍.
.
‘റിപ്പോര്‍ട്ടില്‍ എന്തുതന്നെ പറഞ്ഞാലും 2024 ലെ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയും അതുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നതില്‍ എനിക്ക് സംശയമില്ല. റിപ്പോര്‍ട്ട് കാണാതെ പ്രതികരിക്കുന്നത് ശരിയല്ല എന്നതിനാലാണ് പ്രതികരിക്കാതിരുന്നത്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പഠിച്ചശേഷം മാത്രം മാത്രമെ വിശദമായി പ്രതികരിക്കാനാവൂ. പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലും മുന്‍കൂട്ടിയുള്ള ആസൂത്രണവും നടന്നിട്ടുണ്ടെന്ന് തന്നെ ആവര്‍ത്തിക്കുന്നു. 1, 200 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. പഠിച്ച ശേഷം പ്രതികരിക്കാം. റിപ്പോര്‍ട്ടില്‍ എല്ലാം പറയണം എന്നില്ലല്ലോ. എനിക്ക് മനസ്സിലായ കാര്യങ്ങള്‍ അതില്‍ ഉണ്ടാകണം എന്നില്ലല്ലോ. ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല. സന്തോഷത്തിനും സമാധാനത്തിനും ആഘോഷത്തിനുമാണ് പൂരത്തിന് വരുന്നത്. അവിടെ നമ്മള്‍ രാഷ്ട്രീയകുപ്പായം അണിയുന്നില്ല. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ആത്മാര്‍ത്ഥതയില്‍ ആണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ആവശ്യമില്ലാതെ പഴി കേള്‍ക്കേണ്ടിവന്നയാളാണ് ഞാന്‍’, സുനില്‍ കുമാര്‍ പ്രതികരിച്ചു.
.

 

Share
error: Content is protected !!