അതിജീവനത്തിൻ്റെ പാതയിൽ ഇന്ന് തിരുവോണം; ഗൾഫിലും ആഘോഷ പരിപാടികൾ

തിരുവനന്തപുരം: സ്‌നേഹവും ഒത്തൊരുമയും പങ്കുവെച്ച് ഇന്ന് തിരുവോണം. ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ ലോകമെമ്പാടുമുള്ള മലയാളികൾ പൊന്നിൻ തിരുവോണത്തെ വരവേൽക്കുകയാണ്. കാലം മാറിയാലും ആഘോഷത്തിന്‍റെ തനിമയ്ക്ക് മാറ്റമില്ല. ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി സമൃദ്ധിയുടേതാണ് ഓണം. നാടും നഗരവും മറുനാടൻ മലയാളികളും ആഘോഷ ലഹരിയിലാണ്. പ്രതിസന്ധികളും ഇല്ലായ്മകളുമെല്ലാം മറന്നാണ് മലയാളികൾ ഓണദിനം ആഘോഷിക്കുന്നത്. പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും കൂടിച്ചേരലും എല്ലാമായി നിറഞ്ഞ സന്തോഷത്തിന്റെ ഓണമാണ് ഇത്തവണയും. അല്ലലില്ലാതെ, ഐക്യത്തോടെ കഴിഞ്ഞ നാളുകളുടെ നല്ല ഓർമയിൽ, മഹാബലിയെ വരവേൽക്കുന്ന ദിവസത്തിൽ ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.
.
വലിയ ഒരു ദുരന്തത്തിന് മുന്നിലാണ് ഇത്തവണ ഓണമെത്തുന്നത്. പക്ഷേ അതിജീവനത്തിന്റെ പാതയിൽ ഓണമാഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.
.
ചിങ്ങമെത്തിയപ്പോൾ തന്നെ പ്രകൃതിയും ഓണത്തിനായി ഒരുങ്ങി. തുമ്പ പോലെ ചിരിതൂകുന്ന തിരുവോണ നാളിനായുള്ള കാത്തിരിപ്പ്. കുഞ്ഞുകുസൃതികളുടെ മനോഹാരിത. ഇതര സംസ്ഥാന പൂക്കൾക്ക് പുറമെ നാട്ടിൽ പലയിടത്തും പൂക്കൃഷി കണ്ടു. അവിടെയെല്ലാം കുഞ്ഞികൈകളുമെത്തി…
.
ഗൾഫ് രാജ്യങ്ങളിലും മലയാളികൾ ഓണാഘോഷത്തിലാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും വാരാന്ത്യ അവധിയായിരുന്നതിനാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ആഘോഷപരിപാടികൾ കേമമായി നടന്നു. ശനിയും ഞായറും വാരാന്ത്യ അവധിയുള്ള രാജ്യങ്ങളിലാണ് ഇത്തവണ കൂടുതൽ ആഘോഷ പരിപാടികൾ. തിരുവോണ ദിവസം അവധിയയായത് പലർക്കും നേട്ടമായി. വരും ആഴ്ചകളിലും ഗൾഫിൽ ഓണാഘോഷ പരിപാടികൾ കേമമാകും.

ഇത്തവണ അത്തം മുതൽ പല ദിവസങ്ങളിലും മഴ നനഞ്ഞ ഓണക്കാലമായിരുന്നു. തിരുവോണനാളിനായി ഏറ്റവും കൂടുതൽ കാത്തിരുന്നതും കുട്ടികൾ തന്നെ. വലിയ ദുരന്തത്തിന്റെ വേദനയിലാണെങ്കിലും ഓണം ആഘോഷിക്കാതിരിക്കാൻ കഴിയില്ലല്ലോ…എല്ലാവർക്കും മലയാളം ന്യൂസ് ഡെസ്കിൻ്റെ ഓണാശംസകൾ.
.

Share
error: Content is protected !!