അടിക്കെടാ..നാട്ടിൽവെച്ച് കണ്ടുമുട്ടും, ഒരുസംശയവും വേണ്ട, നോക്കിക്കോ; പോലീസിനെ വെല്ലുവിളിച്ച് സുധാകരൻ, യുദ്ധക്കളമായി തലസ്ഥാനം – വീഡിയോ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസിനെ വെല്ലുവിളിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ. പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുമ്പിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാർക്കെതിരേ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിക്ക് അടക്കം പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ കെപിസിസി അധ്യക്ഷൻ പോലീസിനുനേരെ തിരിയുകയായിരുന്നു.
.

.
‘പട്ടാളം വന്ന് വെടിവെച്ചാലും ഈ സമരം ഇവിടെ നിൽക്കില്ല. കയ്യാങ്കളി കളിച്ച്, ആയുധം കാട്ടി ഭീഷണിപ്പെടുത്തി തല്ലി ചോരവരുത്തി ഒതുക്കാൻ നോക്കണ്ട. അതിന് മുമ്പിൽ നിൽക്കുന്ന ഓരോ പോലീസുകാരേയും വ്യക്തിപരമായി ഞങ്ങൾ നാട്ടിൽ വെച്ചു കണ്ടുമുട്ടും. ഞങ്ങൾ എതിർക്കും. ഒരു സംശയവും. നാളെ മുതൽ നോക്കിക്കോ’- സുധാകരൻ പറഞ്ഞു.
.

.
അബിൻ വർക്കിയെ തല്ലിയ കൻ്റോൺമെന്റ് എസ് ഐ ആയ ഷിജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരാൻ തീരുമാനിക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ടതിനാലാണ് അബിൻ വർക്കിക്ക് നേരെ പൊലീസ് അതിക്രമമുണ്ടായതെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. ഈ പൊലീസുകാരന് ഡിവൈഎഫ്ഐയുമായി ബന്ധമുണ്ടെന്നും കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. പരിക്കേറ്റ അബിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സംഘർഷത്തിന് അയവു വന്നതോടെ പ്രവർത്തകർ പ്രതിഷേധ സമരം അവസാനിപ്പിച്ചു. നിലവിൽ സ്ഥലത്തുനിന്ന് പ്രവർത്തകർ പിരിഞ്ഞു പോയി. അതേസമയം, പരിക്കേറ്റ മറ്റു പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
.

.
കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച്‌ നടത്തുന്നു. ‘ശശിസേന’യിലെ എമ്പോക്കികൾ സമരത്തെ തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നിൽ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണ്. ആർഎസ്എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാറെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
.
പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ അവസാനിച്ചിരുന്നു. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോ​ഗിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ് അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്.
.

.

.

Share
error: Content is protected !!