അൻവറിനെ വിശ്വാസിത്തിലെടുത്ത് മുഖ്യമന്ത്രി; ‘അജിത് കുമാറിൻ്റെ പ്രവർത്തനങ്ങളിൽ തനിക്കും നീരസമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു, ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചു’ – പി.വി അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങൾ സംസാരിച്ചുവെന്നും പിവി അൻവർ എംഎൽഎ. ഉന്നയിച്ച വിഷയങ്ങൾ മുഖ്യമന്ത്രിക്ക് എഴുതി നൽകിയിട്ടുണ്ടെന്നും പാർട്ടി സെക്രട്ടറി എംവി ​ഗോവിന്ദനും നൽകുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപി എംആർ അജിത്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ അടച്ചിട്ട മുറിയിലായിരുന്നു കൂടിക്കാഴ്ച്ച. 45 മിനുട്ടോളമാണ് പി.വി അൻവറും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. അതിൽ 25 മിനുട്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയായിരുന്നു അൻവർ സംസാരിച്ചത്. ശശിക്കെതിരെ വളരെ ഗുരുതരമായ വിവരങ്ങൾ അൻവർ മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നാണ് വിവരങ്ങൾ.
.

‘‘കാര്യങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചു, കൃത്യമായി എഴുതിക്കൊടുത്തു. അദ്ദേഹം വളരെ ശ്രദ്ധാപൂർവം കാര്യങ്ങൾ കേട്ടു, സത്യസന്ധമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ. ഇതേ പരാതി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നൽകും. എന്റെ ഉത്തരവാദിത്തം ഇവിടെ അവസാനിക്കുകയാണ്. സഖാവ് എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ് ചെയ്തത്. പാർട്ടിയുടെ പ്രധാന സഖാവ് കൂടിയാണ് പിണറായി വിജയൻ. അദ്ദേഹത്തിനോട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്വേഷണ സംഘവുമായി പൂർണമായി സഹകരിക്കും.’’ – പി.വി.അൻവർ പറഞ്ഞു.
.
തനിക്ക് മുഖ്യമന്ത്രിയിൽ നിന്നും ചില ഉറപ്പുകൾ ലഭിച്ചുവെന്നും, അജിത് കുമാറിനെ കുറിച്ച് മുഖ്യമന്ത്രിക്കും നീരസമുള്ളതായും അൻവർ പറഞ്ഞു. ഒരു മാസത്തിനകം നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കാൻ മുഖ്യമന്ത്രി പി.വി അൻവറിനോട് ആവശ്യപ്പെട്ടു. സുതാര്യവും കാര്യക്ഷമവുമായ അന്വേഷണം മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും പി.വി അൻവർ പറഞ്ഞു. അജിത് കുമാറിനെ മാറ്റുന്ന കാര്യത്തിൽ ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായും പി.വി അൻവർ പറഞ്ഞു. പി.ശശിയെ കുറിച്ചും ശക്തമായ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നും അൻവർ പറഞ്ഞു.
.
എഡിജിപി എം.ആർ.അജിത്കുമാറിനെ മാറ്റി നിർത്തണമോയെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും പാർട്ടിയും കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നായിരുന്നു അൻവറിന്റെ മറുപടി. ‘‘പരാതി നൽകിയിട്ടേ ഉള്ളൂ, ഒന്നിനെ കുറിച്ചും ഇപ്പോൾ വിശദീകരിക്കുന്നില്ല. കേരളത്തിലെ പൊലീസിലെ ഒരു വിഭാഗത്തിന്റെ നീക്കം പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. പൊലീസിലെ അഴിമതി ചൂണ്ടിക്കാണിച്ചു, ഞാൻ ഉന്നയിച്ച ആവശ്യം കൃത്യമായി സർക്കാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. എനിക്ക് വലിയ പ്രതീക്ഷയുണ്ട്. ദൈവത്തെ സാക്ഷിയാക്കി പറയുന്നു. എന്റെ പിന്നിൽ മറ്റാരുമല്ല, സർവശക്തനായ ദൈവം മാത്രം.’’ – അ‍ൻവർ വ്യക്തമാക്കി. പി.ശശിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി മറുപടി നല്‍കാതെയാണ് അന്‍വര്‍ മടങ്ങിയത്.
.
മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. പാർട്ടി സെക്രട്ടറിക്കും ഇതേ പരാതി നൽകും. ഒരു സഖാവ് എന്ന നിലയിലാണ്  ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജൻസികളുമായി സഹകരിക്കുക എന്നതാണ് ഇനി. കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക ആണ് ചെയ്തത്. അജിത് കുമാറിനെ മാറ്റുക എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്നു മുഖ്യമന്ത്രി തീരുമാനിക്കട്ടെ. പരാതി നോക്കിയേ ഉള്ളൂ, ആര് മാറണം എന്നു എനിക്ക് പറയാനാകില്ലെന്നും അൻവർ പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊന്നും എൻ്റെ ഉത്തരവാദിത്തമല്ലെന്നും മുഖ്യമന്ത്രിയും പാർട്ടിയുമാണ് ഇനിയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അൻവർ പറഞ്ഞു.

.

Share
error: Content is protected !!