നവജാത ശിശുവിനെ ശ്വാസംമുട്ടിച്ചു കൊന്നു, മൃതദേഹം ശുചിമുറിയിൽ; അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ

ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ  ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് കായിപ്പുറം വീട്ടിൽ ആശ (35), പുരുഷ സുഹൃത്ത് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് രാജേഷ് ഭവനത്തിൽ രതീഷ് (38) എന്നിവരെ അറസ്റ്റ് ചെയ്തു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കുഞ്ഞിനെ രതീഷിന്റെ വീട്ടിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ആദ്യം വീട്ടുവളപ്പിൽ കുഴിച്ചിട്ടെന്നും എന്നാൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ അത് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിക്കുകയായിരുന്നു എന്നുമാണ് രതീഷിന്റെ മൊഴി.
.
കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്കു കൈമാറിയെന്നാണ് ആശ ആദ്യം പറഞ്ഞത്. എറണാകുളത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നു പിന്നീടു പറഞ്ഞു. ഇതു രണ്ടും കളവാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണു കൊലപാതകം വെളിപ്പെട്ടത്.
.
ചേർത്തലയിലെ പള്ളിപ്പുറം സ്വദേശിനി ആശയുടെ നവജാത ശിശുവിനെ കാണാനില്ലെന്ന് ആശാ വർക്കറാണ് പൊലീസിൽ‌ പരാതിപ്പെട്ടത്. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ച ആശ ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശാ പ്രവർത്തകർ വീട്ടിൽ ചെന്നപ്പോൾ കുഞ്ഞിനെ കണ്ടില്ല. കുഞ്ഞിനെ കുറിച്ചു തിരക്കിയപ്പോൾ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികൾക്കു നൽകിയെന്നായിരുന്നു ആശയുടെ മറുപടി. പിന്നീട് ആശാ പ്രവർത്തകർ അറിയച്ചതു പ്രകാരം പൊലീസ് കേസെടുത്തു.
.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന നിഗമനത്തിൽ എത്തുന്നത്. കുഞ്ഞിന്റെ അമ്മയിൽ നിന്നും മൊഴിയെടുത്ത പൊലീസ് സുഹൃത്ത് രതീഷിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി.
.
കഴിഞ്ഞ 25ന് ആണു ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 26നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30നു ഡിസ്ചാർജ് ചെയ്തെങ്കിലും പണമില്ലാത്തതിനാൽ അന്നു പോയില്ല. 31നാണ് ആശുപത്രി വിട്ടത്. ഇവർ പ്രസവത്തിനായി ആശുപത്രിയിൽ കഴിഞ്ഞപ്പോൾ ഭർത്താവ് അവിടെ പോയിരുന്നില്ലെന്നും പരിചരിക്കാൻ മറ്റൊരാളെയാണ് നിർത്തിയിരുന്നതെന്നും വിവരമുണ്ട്. യുവതിക്കു മറ്റു രണ്ടു മക്കളുണ്ട്.
.

 

Share
error: Content is protected !!