നടന്‍ സിദ്ദിഖിനെതിരെ ചുമത്തിയത് 7 വർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പ്, മുൻകൂർജാമ്യ ശ്രമം തുടങ്ങി; നടിയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: നടന്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടിയുടെ മൊഴിയെടുക്കല്‍ തുടങ്ങി. തിരുവനന്തപുരം മ്യൂസിയം പോലീസ് വനിത എ.എസ്.ഐ. ആണ് മൊഴിയെടുക്കുന്നത്. സിദ്ദിഖിനെതിരെ  ലൈംഗിക പീഡനമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് നടി ഉന്നയിച്ചിരുന്നത്. തിരുവനന്തപുരം വഞ്ചിയൂരില്‍ നിന്നാണ് മൊഴി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസമാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെതിരേ തെളിവുകള്‍ കൈവശമുണ്ടെന്നാണ് നടി അവകാശപ്പെട്ടിരുന്നത്.
.
ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉയര്‍ന്ന വനിതാ പോലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെയാണ് നടി രേഖാമൂലം പരാതി നല്‍കിയത്. സിദ്ദിഖിനെ സിനിമയില്‍ നിന്ന് വിലക്കണമെന്നും കൊടും ക്രിമിനലാണ് സിദ്ദിഖെന്നും നടി പറഞ്ഞിരുന്നു. ഹോട്ടല്‍ ജീവനക്കാരികളോട് സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി ആരോപിച്ചിരുന്നു.
.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തുവന്നത്. നടന്‍ സിദ്ദിഖില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നും തന്റെ പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
.
ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബലാത്സംഗം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
.

ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്.
.

2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി മാസ്കറ്റ് ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് കൈമാറും. സിനിമയിൽ അവസരം വാദ്ഗാനം ചെയ്തായിരുന്നു പീഡനം.
.

സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ നടി വിഷയം ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും കൂസാതെ യുവനടിയെ വെല്ലുവിളിച്ച സിദ്ദിഖ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. ഒടുവിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് നടി മാധ്യമങ്ങൾക്ക് മുന്നിൽ സിദ്ദിഖിന്റെ പേരെടുത്ത് പറഞ്ഞ് ആരോപണം ആവർത്തിച്ചത്. പിന്നാലെ താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വെക്കുകയായിരുന്നു.

.

Share
error: Content is protected !!