‘അമ്മ’യിലെ കൂട്ടരാജി വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിന് പിന്നാലെ; ജഗദീഷിനൊപ്പം നിന്ന് നടിമാരും യുവതാരങ്ങളും, വികാരാധീനനായി മോഹൻലാൽ

കൊച്ചി: പിളർപ്പിൻ്റെ വക്കിൽനിന്നാണ് താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അമ്മയ്ക്കുള്ളിൽ ഉയര്‍ന്ന അമ‍‍‍ർഷവും നേതൃത്വത്തോടുള്ള എതിർപ്പും സംഘടനയെ തന്നെ പിളർത്തിയേക്കും എന്ന സ്ഥിതിയിലാണ് രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് ഭാരവാഹികൾ എത്തിയത്. നിലവിലുള്ള ഭരണസമിതി അടുത്ത രണ്ടു മാസം അഡ്ഹോക് ആയി പ്രവർ‍ത്തിക്കും. അംഗങ്ങൾക്ക് പദവിയുണ്ടാകില്ല. അമ്മ തുടർന്നു വരുന്ന കൈനീട്ടം, ചികിത്സാസഹായം തുടങ്ങിയവ ഈ സമിതിയുെട നേതൃത്വത്തിലാവും. രണ്ടുമാസത്തിനുള്ളിൽ ജനറൽ ബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അതുവരെ താത്കാലിക ഭരണസമിതി തുടരുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
.

സംഘടനയ്ക്ക് അകത്തുണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് അമ്മയിലെ കൂട്ടരാജിക്ക് കാരണമായത്. താരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ചേരിയിലായി തർക്കിച്ചതോടെയാണ് അമ്മ അധ്യക്ഷൻ മോഹൻലാൽ ഭരണസമിതി പിരിച്ചുവിടാനും പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചത്. ഇന്ന് നടന്ന ച‍ർച്ചയിൽ നടനും അമ്മ വൈസ് പ്രസിഡൻ്റുമായ ജഗദീഷിനൊപ്പം പൃഥിരാജടക്കം യുവതാരങ്ങളും നടികളും നിലപാടെടുത്തു നിന്നു. ഇവ‍ർ പരസ്യപ്രതികരണത്തിലേക്ക് പോകുമെന്ന് നിലപാടെടുത്തതോടെയാണ് അമ്മ അധ്യക്ഷൻ രാജി പ്രഖ്യാപനം നടത്തിയത്. പുതിയ ഭരണസമിതി വൈകരുതെന്നും യുവതാരങ്ങൾ ആവശ്യപ്പെട്ടു.
.
വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജിപ്രഖ്യാപനം നടത്തുന്നതിന് മുൻപ് മോഹൻലാലും മമ്മൂട്ടിയും തമ്മിൽ സംസാരിച്ചിരുന്നു. ഇപ്പോൾ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് പറഞ്ഞ് മോഹൻലാൽ വികാരാധീനനായി. ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ് നല്ലതെന്ന് മോഹൻ‌ലാൽ വാട്സാപ്പിൽ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്കെതിരെ പോരാടണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തിൽ മറ്റു ചർച്ചകളിലേക്ക് പോകേണ്ട എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി.
.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അംഗങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൂട്ടത്തോടെ സന്ദേശം അയച്ചിരുന്നു. നേതൃത്വത്തോടുള്ള എതിർപ്പ്  സംഘടനയെ തന്നെ പിളർത്തിയേക്കും എന്ന സ്ഥിതിയിലാണ് രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് താരങ്ങൾ എത്തിച്ചേർന്നത്.
.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ് പറഞ്ഞത് റിപ്പോർട്ടിലെ കാര്യങ്ങൾ ‘ഒറ്റപ്പെട്ടത്’ എന്നായിരുന്നു. റിപ്പോർട്ട് പുറത്തുവരണമെന്നോ വേണ്ടെന്നോ തങ്ങൾക്ക് അഭിപ്രായമില്ലെന്നും സിദ്ദിഖ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് വൈസ് പ്രസിഡന്റ് ജഗദീഷ് ഇക്കാര്യങ്ങൾക്ക് വിരുദ്ധമായി സംസാരിച്ചുകൊണ്ട് രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമല്ല എന്നും റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നടപടി ഉണ്ടാവണമെന്നും ജഗദീഷ് വ്യക്തമാക്കിയത് അമ്മയ്ക്കുള്ളിലെ അടിയൊഴുക്കുകളുടെ സൂചനയായിരുന്നു.
.


.
മറ്റൊരു വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും അഭിപ്രായപ്പെട്ടത് അമ്മയുടെ പ്രവർത്തനങ്ങളിൽ വലിയ കുറവുകളുണ്ടെന്നാണ്. ഇതിനു തൊട്ടുപിന്നാലെയാണ് സിദ്ദിഖിനെതിരെയുള്ള ആരോപണങ്ങള്‍ പുറത്തു വരുന്നതും അദ്ദേഹത്തിന്റെ രാജി ഉണ്ടാവുന്നതും. സമാനമായി സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയും ഒഴിഞ്ഞിരുന്നു. ഇനി എന്ത് എന്ന ചോദ്യവുമായി എല്ലാവരും നിൽക്കുമ്പോഴാണ് എക്സിക്യുട്ടീവ് ചേരാനും പ്രതിസന്ധി ചര്‍ച്ച ചെയ്യാനും തീരുമാനമുണ്ടാകുന്നത്.
.

സിദ്ദിഖ് ഒഴിഞ്ഞതിനു ശേഷം ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്ന ജോയിന്റ് സെക്രട്ടറി ബാബുരാജിന് എതിരെ കൂടി ആരോപണം ഉയർന്നതോടെ അമ്മ കൂടുതൽ പ്രതിസന്ധിയിലായി. ആരോപണവിധേയർ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടുകയാണ് വേണ്ടതെന്നും അമ്മയ്ക്ക് വീഴ്ച പറ്റിയെന്നും പൃഥ്വിരാജ് അഭിപ്രായപ്പെടുക കൂടി ചെയ്തതോടെ ഇതേ അഭിപ്രായമുള്ളവർക്ക് പിന്തുണയേറി. ആരോപണം നേരിടുന്ന ബാബുരാജ് സ്ഥാനമൊഴിയണമെന്ന് കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോൻ പരസ്യമായി ആവശ്യപ്പെട്ടു. താൽക്കാലിക സെക്രട്ടറി പദവി പോലും ബാബുരാജ് വഹിക്കരുത് എന്ന് ആവശ്യപ്പെടുന്ന വിഭാഗവും ഇതിനോട് എതിർപ്പുള്ളവരും സംഘടനയ്ക്കുള്ളിൽ വർധിച്ചു. ജഗദീഷ് സെക്രട്ടറിയാവണമെന്നും ഒരു വനിത ഈ പദവിയേലേക്ക് വരട്ടെ എന്നുമുള്ള ചര്‍ച്ചകളും ഇതിനിടെ ഉണ്ടായി.
.


.
സംഘടനയുടെ കെട്ടുറപ്പു നിലനിർത്തുക അത്യാവശ്യമെന്ന് വന്നതോടെയാണ് ഒരു ധാർമിക കാര്യമെന്ന നിലയിൽക്കൂടി രാജിക്കാര്യത്തിലേക്ക് കടക്കാമെന്ന് നേതൃത്വം തന്നെ തീരുമാനിച്ചത്. മമ്മൂട്ടിയുമായി സംസാരിച്ച ശേഷം മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആദ്യം അവതരിപ്പിച്ചത് എന്നാണ് സൂചന. തുടർന്ന് അംഗങ്ങളും തീരുമാനത്തോട് യോജിക്കുകയായിരുന്നു. കാര്യം അറിയിക്കുമ്പോൾ മോഹൻലാൽ‍ വികാരാധീനനായിരുന്നു എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിലൊരാൾ പറ‍ഞ്ഞത്. രണ്ടു മാസത്തിനു ശേഷം തിരഞ്ഞെടുപ്പു നടക്കുമ്പോൾ ആരായിരിക്കും അധികാരത്തിൽ വരിക എന്നതാണ് ഇനി ചോദ്യം. മലയാള ചലച്ചിത്ര മേഖലയിലെ ഒട്ടേറെപ്പേരാണ് ലൈംഗികാരോപണം നേരിടുന്നതും കേസിൽ അകപ്പെട്ടിരിക്കുന്നതും. അമ്മ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ഇനി വരുന്നവർക്ക് കഴിയുമോ എന്ന ചോദ്യമാണ് ഇനി പ്രധാനം.
.

അതേ സമയം കൂട്ടരാജി എടുത്തുചാട്ടമെന്ന് നടന്‍ ഷമ്മി തിലകന്‍ കുറ്റപ്പെടുത്തി. എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു. കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു. ഇത് അനിശ്ചിതത്വം ഉണ്ടാക്കും. നിലവില്‍ എഎംഎംഎ അംഗമല്ലെങ്കിലും, സ്ഥാപക അംഗമല്ലെന്ന നിലയില്‍ കൂട്ടരാജി വിഷമമുണ്ടാക്കിയെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
.
നേതാവിന്റെ മൗനത്തിന്റെ ബലിയാടാണ് ഞാന്‍. നേതാവ് മൗനിയായിപ്പോയതാണ് കാരണം. പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതായിരിക്കാം. അല്ലെങ്കില്‍ ഇങ്ങനെ നില്‍ക്കേണ്ടി വരില്ലല്ലോയെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
.

.

ഞാന്‍ ശരി പക്ഷമാണെന്ന് നേരത്തെ പറഞ്ഞതാണ്. തെറ്റ് ആര് ചെയ്താലും തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ്സ് കാണിക്കണം. അതിന് വേണ്ടി തന്നെയാണ് താന്‍ ശബ്ദമുയര്‍ത്തിയത്. ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്. കണ്ണാടി നോക്കി നമ്മള്‍ നമ്മളെ അറിയുക. അതാണ് അതിനകത്തെ കുഴപ്പമെന്നും ഷമ്മി തിലകന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
.
കൂട്ടരാജി ഉത്തരംമുട്ടലാണ്. ചിലര്‍ കൊഞ്ഞനംകുത്തും. മൗനം വിദ്വാന് ഭൂഷണം എന്നും താരം പറഞ്ഞു. വോട്ട് ചെയ്തവരോടുള്ള വഞ്ചനയാണ് കൂട്ടരാജി. പുതിയ തലമുറക്കാര്‍ നേതൃത്വത്തിലേക്ക് വരുന്നത് അനിവാര്യതയാണ്. വനിതകള്‍ വരണമെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ഷമ്മി തിലകന്‍ പ്രതികരിച്ചു. വിഷയത്തില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പ്രതികരണത്തെ ഷമ്മി തിലകന്‍ പരിഹസിച്ചു. എന്നെ വിട്ടേക്കൂ. എന്നില്‍ ഔഷധമൂല്യങ്ങളില്ലെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്.
.

Share
error: Content is protected !!